Kerala

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് ഇന്ന്

ഇന്റര്‍വ്യൂവില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ 9 പേര്‍ വീതമുള്ള മേല്‍ശാന്തിമാരുടെ പട്ടിക രണ്ടിടത്തേക്കുമായി തയ്യാറാക്കിയിട്ടുണ്ട്. പന്തളം കൊട്ടാരത്തിലെ മാധവ് കെ വര്‍മ ശബരിമലയിലെയും കാഞ്ചനവര്‍മ മാളികപ്പുറത്തെയും മേല്‍ശാന്തിമാരെ നറുക്കെടുക്കും.

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് ഇന്ന്
X

പത്തനംതിട്ട: ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് ഇന്ന് രാവിലെ ഉഷപൂജയ്ക്കുശേഷം നടക്കും. ഇന്റര്‍വ്യൂവില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ 9 പേര്‍ വീതമുള്ള മേല്‍ശാന്തിമാരുടെ പട്ടിക രണ്ടിടത്തേക്കുമായി തയ്യാറാക്കിയിട്ടുണ്ട്. പന്തളം കൊട്ടാരത്തിലെ മാധവ് കെ വര്‍മ ശബരിമലയിലെയും കാഞ്ചനവര്‍മ മാളികപ്പുറത്തെയും മേല്‍ശാന്തിമാരെ നറുക്കെടുക്കും.

ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ എം മനോജ് മേല്‍നോട്ടം വഹിക്കും. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍, മെംബര്‍മാരായ കെ പി ശങ്കരദാസ്, അഡ്വ. വിജയകുമാര്‍, ദേവസ്വം കമ്മീഷണര്‍ എം ഹര്‍ഷന്‍ എന്നിവരും നറുക്കെടുപ്പിന് നേതൃത്വം നല്‍കാന്‍ സന്നിധാനത്തുണ്ട്. ഈ വര്‍ഷം മുതല്‍ തിരഞ്ഞെടുക്കപ്പെടുന്ന മേല്‍ശാന്തിമാര്‍ കന്നിമാസം 1 മുതല്‍ 31 വരെ ശബരിമലയിലും മാളികപ്പുറത്തും ഭജനമിരിക്കണം.

ക്ഷേത്രപൂജകളും മറ്റും കൂടുതലായി മനസ്സിലാക്കുന്നതിനായി ദേവസ്വം ബോര്‍ഡ് പുതിയായി ഏര്‍പ്പെടുത്തിയ സംവിധാനമാണിത്. മണ്ഡല- മകരവിളക്ക് ഉല്‍സവത്തിനായി നടതുറക്കുന്ന നവംബര്‍ 16നാണ് ഇരുവരുടെയും അവരോധനച്ചടങ്ങ്. വൃശ്ചികം ഒന്നിന് പുതിയ മേല്‍ശാന്തിമാരാണ് ക്ഷേത്രനടകള്‍ തുറക്കുക. ചിങ്ങമാസപൂജകള്‍ക്കായി വെള്ളിയാഴ്ചയാണ് ശബരിമല ശ്രീധര്‍മശാസ്താക്ഷേത്ര നട തുറന്നത്. വൈകീട്ട് 5 മണിക്ക് ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മികത്വത്തില്‍ ക്ഷേത്രമേല്‍ശാന്തി വി എന്‍ വാസുദേവന്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന് ദീപം തെളിച്ചു.

തുടര്‍ന്ന് ഉപദേവതാ ക്ഷേത്രങ്ങളിലെയും ശ്രീകോവില്‍ നടകള്‍ തുറന്ന് വിളക്കുകള്‍ തെളിച്ചു. ശേഷം ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനര് ഭക്തര്‍ക്ക് വിഭൂതി പ്രസാദം വിതരണം ചെയ്തു. ചിങ്ങം ഒന്ന് ശനിയാഴ്ച പുലര്‍ച്ചെ 5 മണിക്ക് മേല്‍ശാന്തി ക്ഷേത്രനട തുറന്നു. ചിങ്ങമാസ പൂജകള്‍ പൂര്‍ത്തിയാക്കി 21ന് രാത്രി 10ന് നട അടയ്ക്കും. ഓണക്കാല പൂജകള്‍ക്കായി 9ന് വൈകീട്ട് 5 മണിക്ക് നടതുറന്ന് 13ന് രാത്രി 10ന് അടയ്ക്കും.

Next Story

RELATED STORIES

Share it