Kerala

താനൂരിലെ ആര്‍എസ്എസ് ആക്രമണം: പോലിസ് കലാപകാരികളെ സംരക്ഷിക്കുന്നതായി ആരോപണം

ബിജെപി ആഹ്ലാദ പ്രകടനത്തിനിടെ സിപിഎം പ്രവര്‍ത്തകരുടെ പച്ചക്കറി കട തകര്‍ത്തിട്ടും പരാതി കൊടുക്കാന്‍ പോലും തയ്യാറായിട്ടില്ല. പ്രതികളെ സംരക്ഷിക്കുന്ന സിപിഎം നിലപാടും പ്രദേശത്ത് ചര്‍ച്ചയായിട്ടുണ്ട്.

താനൂരിലെ ആര്‍എസ്എസ് ആക്രമണം:  പോലിസ് കലാപകാരികളെ സംരക്ഷിക്കുന്നതായി ആരോപണം
X

പരപ്പനങ്ങാടി: വിജയ ആഘോഷത്തിന്റെ പേരില്‍ താനൂരില്‍ അഴിഞ്ഞാടിയ ആര്‍എസ്എസ്-ബിജെപി സംഘത്തെ പോലിസ് സംരക്ഷിക്കാന്‍ ശ്രമിക്കുന്നതായി ആരോപണം. കഴിഞ്ഞ ഏതാനും ദിവസം മുമ്പാണ് താനൂരില്‍ വിജയ ആഘോഷത്തിന്റെ പേരില്‍ സംഘടിച്ചെത്തിയ ആര്‍എസ്എസ് സംഘം വ്യാപാര സ്ഥാപനങ്ങള്‍ക്ക് നേരെയും പ്രദേശവാസികള്‍ക്ക് നേരെയും അക്രമം നടത്തിയത്. ഇതില്‍ താനൂരില്‍ ഫ്രൂട്ട്‌സ് കച്ചവടം നടത്തുന്ന ശാഫിയെ അതിക്രമിച്ചെത്തി കടയില്‍ ഇട്ട് കുത്തി വീഴ്ത്തിയിരുന്നു.


ആഹ്ലാദ പ്രകടനം കടന്നുപോകുമ്പോള്‍ തന്നെ ആര്‍എസ്എസ് സംഘം ശാഫിയെ ഭീഷണപ്പെടുത്തിയിരുന്നു. പോലിസ് സാന്നിദ്ധ്യത്തില്‍ ഭീഷണി പെടുത്തിയതിന് ശേഷമാണ് കടയിലേക്ക് പാഞ്ഞ് കയറി കടയുടമായായ ശാഫിയെ സംഘം ചേര്‍ന്ന് കുത്തിയത്. അക്രമിച്ചതിന് ശേഷം കടയുടെ ഷട്ടര്‍ അടച്ചിട്ടാണ് അക്രമി സംഘം രക്ഷപ്പെട്ടത്. ഇതോടെ ശാഫി രക്തം വാര്‍ന്ന് കടയ്ക്കുള്ളില്‍ അകപ്പെട്ടു. താനൂര്‍ എസ്‌ഐ സുമേഷ് സുധാകര്‍ എത്തിയാണ് പോലിസ് ജീപ്പില്‍ രക്തത്തില്‍ കുളിച്ച് കിടന്ന ശാഫിയെ താനൂര്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുന്നത്.

ശാഫിയുടെ പിതാവ് മൂസയാണ് മകനെ പോലിസ് ജീപ്പില്‍ കയറ്റാന്‍ സഹായിച്ചത്. എന്നാല്‍, മൂസയെ പിന്നീട് പോലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മാത്രമല്ല, മാരകമായി കുത്തേറ്റ ശാഫിയെ പ്രതിയാക്കി ചികിത്സയില്‍ കഴിയുന്ന കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ പോലിസ് കസ്റ്റഡിയില്‍ കാവലിലാണ്. ശാഫിയെ താനൂര്‍ എസ്‌ഐ കടയില്‍ നിന്ന് പരിക്കേറ്റ് ആശുപത്രിയില്‍ കൊണ്ട് പോയതിന് ശേഷമാണ് അക്രമം നടത്തിയ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ തിരിച്ച് അക്രമം നടക്കുന്നത്. എന്നാല്‍ ബിജെപി പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ട സംഭവത്തിലാണ് പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന ശാഫിയെ പോലിസ് പ്രതി ചേര്‍ത്തിരിക്കുന്നത്. ശാഫിയുടെ കടയുടെ മുന്നിലുള്ള സ്ഥാപനത്തിലെ സിസിടിവി ദൃശ്യത്തില്‍ അക്രമികള്‍ കടയിലേക്ക് പാഞ്ഞ് കയറുന്നതും മറ്റും വ്യക്തമാണ്. ഇത് തിരിച്ചറിഞ്ഞ താനൂര്‍ പോലിസ് ദൃശ്യങ്ങള്‍ പുറത്ത് വിടാതെ തങ്ങള്‍ക്ക് മാത്രം നല്‍കണമെന്നും അല്ലാത്തപക്ഷം കലാപത്തിന് സാധ്യതയുണ്ടന്ന തരത്തില്‍ സ്ഥാപന ഉടമകളെ ഭീഷണിപെടുത്തിയിരിക്കുകയാണ്. ഇതോടെ ആക്രമണത്തിന് തുടക്കം കുറിച്ച് ബിജെപി പ്രവര്‍ത്തകരെ സംരക്ഷിക്കാനാണ് പോലിസിന്റെ നീക്കമെന്ന് വാദം ശക്തമായിരിക്കുകയാണ്.

അതേസമയം, ബിജെപി ആഹ്ലാദ പ്രകടനത്തിനിടെ സിപിഎം പ്രവര്‍ത്തകരുടെ പച്ചക്കറി കട തകര്‍ത്തിട്ടും പരാതി കൊടുക്കാന്‍ പോലും തയ്യാറായിട്ടില്ല. പ്രതികളെ സംരക്ഷിക്കുന്ന സിപിഎം നിലപാടും പ്രദേശത്ത് ചര്‍ച്ചയായിട്ടുണ്ട്. അക്രമത്തിന് തുടക്കമിട്ടവരെ അറസ്റ്റ് ചെയ്യാതെ ഇരകളെ ജയിലിലടച്ചും, ഭീഷണിപ്പെടുത്തുന്നതും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. താനൂര്‍ പോലിസിന്റെ വിവേചനപരമായ നിലപാട് തിരുത്താന്‍ തയ്യാറാവണമെന്ന ആവശ്യം ശക്തമാണ്.

ബിജെപി ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് കോട്ടക്കല്‍ ആശുപത്രിയില്‍ കഴിയുന്ന ശാഫിയെ പോപുലര്‍ഫ്രണ്ട് സംസ്ഥാന അധ്യക്ഷന്‍ നാസറുദ്ദീന്‍ എളമരം സന്ദര്‍ശിച്ചു.

Next Story

RELATED STORIES

Share it