Kerala

ആത്മീയതക്കൊപ്പം ആരോഗ്യം എന്ന സന്ദേശവുമായി ഓടിയറോബിന് ട്രാക്കിലും സ്വര്‍ണ്ണനേട്ടം

5,000 മീറ്റര്‍ ദൂരം 23.28 മിനിറ്റില്‍ ഓടിയെത്തിയാണ് ഇദ്ദേഹം സ്വര്‍ണ്ണ മെഡല്‍ കരസ്ഥമാക്കിയത്.

ആത്മീയതക്കൊപ്പം ആരോഗ്യം എന്ന സന്ദേശവുമായി ഓടിയറോബിന് ട്രാക്കിലും സ്വര്‍ണ്ണനേട്ടം
X

മാള: ആത്മീയതക്കൊപ്പം ആരോഗ്യം എന്ന സന്ദേശവുമായി പള്ളിയില്‍ നിന്ന് പള്ളികളിലേക്ക് പ്രാര്‍ത്ഥനയുമായി ഓടിയ റോബിന്‍ ജേക്കബ്ബ് ട്രാക്കില്‍ നേടിയത് സ്വര്‍ണ്ണ മെഡല്‍. കേരള സ്‌റ്റേറ്റ് അത്‌ലറ്റിക്‌സ് അസോസിയേഷന്‍ കോഴിക്കോട് നടത്തിയ സംസ്ഥാന മാസ്‌റ്റേഴ്‌സ് അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലാണ് റോബിന്‍ സ്വര്‍ണ്ണ മെഡലും വെള്ളി മെഡലും നേടിയത്.

5,000 മീറ്റര്‍ ദൂരം 23.28 മിനിറ്റില്‍ ഓടിയെത്തിയാണ് ഇദ്ദേഹം സ്വര്‍ണ്ണ മെഡല്‍ കരസ്ഥമാക്കിയത്. പൊയ്യ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സീനിയര്‍ ക്ലാര്‍ക്കായ മാള പള്ളിപ്പുറം സ്വദേശി ചക്കാലക്കല്‍ റോബിന്‍ ജേക്കബ്ബ് അന്‍പത് നോമ്പാചരണത്തിന്റെ ഭാഗമായി സ്വന്തം ഇടവകപ്പള്ളിയില്‍ നിന്ന് 40 പള്ളികളിലേക്ക് ഓടി പ്രാര്‍ത്ഥിച്ച് ജന ശ്രദ്ധ നേടിയിരുന്നു.

തുടര്‍ച്ചയായി നാല് വര്‍ഷമാണിദ്ദേഹം പള്ളികളില്‍ നിന്നും പള്ളികളിലേക്ക് ഓടിയത്. ഓരോ ദിവസവും വ്യത്യസ്ത സ്ഥലങ്ങളിലുള്ള പള്ളികളിലേക്കാണ് രാവിലെ നാലരയോടെ ഓടിയത്. വീട്ടില്‍ നിന്ന് ബൈക്കില്‍ പള്ളിയിലെത്തി പ്രാര്‍ത്ഥിച്ച ശേഷം മറ്റൊരു പള്ളിയിലേക്ക് ഓടിയെത്തും. ജോലിക്ക് പോകുന്ന സമയം കൂടി കണക്കുകൂട്ടിയാണ് എല്ലാ ദിവസവും ഓടിയെത്തി പ്രാര്‍ത്ഥിക്കേണ്ട പള്ളിയിലേക്കുള്ള ദൂരവും സമയവും ക്രമീകരിക്കുന്നത്.

അടുത്തുള്ള മാള, പൊയ്യ, പുളിപ്പറമ്പ് പള്ളികള്‍ മുതല്‍ അകലെയുള്ള കൊരട്ടി, കനകമല, താഴേക്കാട്, പുത്തന്‍ചിറ പള്ളികള്‍ വരെയുണ്ട്. റോബിന്റെ ഓട്ട പ്രദക്ഷിണത്തില്‍. 40 ദിവസം പൂര്‍ത്തിയായപ്പോള്‍ 490.52 കിലോമീറ്ററാണ് റോബിന്‍ ഓടിത്തീര്‍ത്തത്. ആകെ 64 മണിക്കൂറാണ് ഇതിനായി ചെലവഴിച്ചതെന്ന് ഇതിനായി ഉപയോഗിച്ച സാവ മൊബൈല്‍ ആപ്പ് സാക്ഷ്യപ്പെടുത്തി. സിജിയാണ് റോബിന്റെ ഭാര്യ. മക്കള്‍ എവിറ്റ്, ഇവാനിയ.

Next Story

RELATED STORIES

Share it