Kerala

അരമനകള്‍ തോറും കേക്കുമായി കയറിയിറങ്ങും, മാതാവിന് സ്വര്‍ണ കിരീടം നല്‍കും; ഇവരുടെ ഉള്ളിലിരുപ്പാണ് ഇപ്പോള്‍ പുറത്തുവന്നത്' : എംപി ജോണ്‍ ബ്രിട്ടാസ്

അരമനകള്‍ തോറും കേക്കുമായി കയറിയിറങ്ങും, മാതാവിന് സ്വര്‍ണ കിരീടം നല്‍കും; ഇവരുടെ ഉള്ളിലിരുപ്പാണ് ഇപ്പോള്‍ പുറത്തുവന്നത് : എംപി ജോണ്‍ ബ്രിട്ടാസ്
X

ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ മനുഷ്യക്കടത്ത് ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം ഒറ്റപ്പെട്ടതല്ലെന്നും ക്രൈസ്തവര്‍ക്കെതിരായ അക്രമ പരമ്പരയിലെ ഒരു കണ്ണി മാത്രമാണെന്നും സിപിഎം എംപി ജോണ്‍ ബ്രിട്ടാസ്. കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട സംഭവത്തില്‍ പ്രതിഷേധവുമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് സിബിസിഐക്ക് എന്ത് സഹായവും നല്‍കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

'കന്യാസ്ത്രീയുടെ കുടുംബവുമായി സംസാരിച്ചു. പോലിസ് അക്രമകാരികളുടെ പക്ഷം പിടിച്ചു. ഒരു രാജ്യത്തിന്റെ ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങളാണ് നിഷേധിക്കപ്പെട്ടത്. രേഖകള്‍ മുഴുവന്‍ നല്‍കി. താണു കേണപേക്ഷിച്ചു. വിഷയത്തില്‍ അടിയന്തരമായി നടപടി വേണം. ബിജെപി നിലപാട് പറയണം. അരമനകള്‍ തോറും കേക്കുമായി കയറിയിറങ്ങുന്നു. മാതാവിന് സ്വര്‍ണ കിരീടം നല്‍കുന്നു. ഇവരുടെ ഉള്ളിലിരുപ്പാണ് ഇപ്പോള്‍ പുറത്തുവന്നത്'- ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. സംഭവത്തില്‍ പ്രതിപക്ഷ അംഗങ്ങള്‍ ഇരുസഭകളിലും പ്രതിഷേധം നടത്തി. നടുത്തളത്തില്‍ ഇറങ്ങി അംഗങ്ങള്‍ ബഹളം ഉണ്ടാക്കിയതോടെ ഇരു സഭകളും നിര്‍ത്തിവെച്ചിരിക്കുകയാണ്.

വെള്ളിയാഴ്ചയാണ് സഭയ്ക്ക് കീഴിലെ സ്ഥാപനങ്ങളിലേക്ക് ജോലിക്കായി മൂന്ന് പെണ്‍കുട്ടികളെ കൂട്ടിക്കൊണ്ടുപോകാന്‍ വന്ന രണ്ട് മലയാളി കന്യാസ്ത്രീകളെ ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ അറസ്റ്റ് ചെയ്തത്. മനുഷ്യക്കടത്ത്, നിര്‍ബന്ധിത മതപരിവര്‍ത്തനം എന്നിവ ആരോപിച്ചാണ് ബജ്‌റങ്ദള്‍ പ്രവര്‍ത്തകര്‍ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ തടഞ്ഞു വച്ചത്. ഇവര്‍ പൊലീസിന്റെ സാന്നിധ്യത്തില്‍ കന്യാസ്ത്രീകളെയും കൂടെയുണ്ടായിരുന്ന 3 സ്ത്രീകളെയും ചോദ്യം ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. കന്യാസ്ത്രീകളോടും മറ്റുള്ളവരോടും ബജ്‌റങ്ദള്‍ പ്രവര്‍ത്തകരാണ് വിവരങ്ങള്‍ ചോദിച്ചറിഞ്ഞത്. ഇവരുടെ ബാഗുകളും പ്രവര്‍ത്തകര്‍ പരിശോധിച്ചു. അറസ്റ്റിലായ രണ്ട് കന്യാസ്ത്രീകളും നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

അതേസമയം മലയാളി കന്യാസ്ത്രീകളെ കുടുക്കുകയായിരുന്നുവെന്ന് കുടുംബം ആരോപിച്ചു. തുടക്കത്തില്‍ മതപരിവര്‍ത്തനമാണ് ആരോപിച്ചിരുന്നതെങ്കില്‍ പിന്നീട് മനുഷ്യക്കടത്ത് കുറ്റം കൂടി ഉള്‍പ്പെടുത്തുകയായിരുന്നുവെന്ന് കുടുംബക്കാര്‍ പറയുന്നു. അസീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തില്‍ ഉള്‍പ്പെട്ടവരാണ് ഇരു കന്യാസ്ത്രീമാരും. 20 വര്‍ഷത്തിലധികമായി സിസ്റ്റര്‍ മേരി പ്രീതി ഉത്തരേന്ത്യയില്‍ നഴ്‌സ് ആയി സേവനമനുഷ്ഠിക്കുകയാണെന്നും കുടുംബം പറഞ്ഞു. രണ്ടു മാസം മുന്‍പാണ് നാട്ടില്‍ വന്നു പോയത്.

സ്ഥിതിഗതികള്‍ മോശമാണെന്നും പുറത്തിറങ്ങാന്‍ പോലും കഴിയാത്ത സാഹചര്യമുണ്ടെന്നും സിസ്റ്റര്‍ പ്രീതി പറഞ്ഞിരുന്നതായും കുടുംബം പറയുന്നു. മൂന്നു പെണ്‍കുട്ടികളും പ്രായപൂര്‍ത്തിയായവരും, മാതാപിതാക്കളുടെ സമ്മതത്തോടെ ജോലിക്കായി പോന്നവരുമാണ്. പെണ്‍കുട്ടികളുടെ കുടുംബവും റെയില്‍വേ സ്റ്റേഷനില്‍ ഉണ്ടായിരുന്നു. എല്ലാ രേഖകളും പോലിസിനെ കാണിച്ചിട്ടും അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു.



Next Story

RELATED STORIES

Share it