Latest News

സംസ്ഥാനത്ത് സേവന വിപുലീകരണം; പോലിസ്, ഫയര്‍ഫോഴ്‌സില്‍ പുതിയ നിയമനങ്ങള്‍

സംസ്ഥാനത്ത് സേവന വിപുലീകരണം; പോലിസ്, ഫയര്‍ഫോഴ്‌സില്‍ പുതിയ നിയമനങ്ങള്‍
X

തിരുവനന്തപുരം: സംസ്ഥാനത്ത് സേവന മേഖല ശക്തിപ്പെടുത്തുന്നതിനായി വിവിധ വകുപ്പുകളിലായി പുതിയ തസ്തികകള്‍ സൃഷ്ടിക്കുകയും ഫയര്‍ സ്‌റ്റേഷനുകള്‍ ആരംഭിക്കുകയും ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സംസ്ഥാന പോലിസ് വകുപ്പില്‍ 20 പോലിസ് കോണ്‍സ്റ്റബിള്‍ (ഡ്രൈവര്‍) തസ്തികകള്‍ സൃഷ്ടിക്കും. മാവൂര്‍, നേര്യമംഗലം, ചീമേനി, രാജാക്കാട് എന്നീ സ്ഥലങ്ങളില്‍ ആവശ്യമായ തസ്തികകള്‍ അനുവദിച്ച് പുതിയ ഫയര്‍ സ്‌റ്റേഷനുകള്‍ ആരംഭിക്കാനും അനുമതി നല്‍കി.

മാവൂര്‍ ഫയര്‍ സ്‌റ്റേഷന്‍ ആരംഭിക്കുന്നതിനായി 18 തസ്തികകള്‍ സൃഷ്ടിക്കും. നേര്യമംഗലം, ചീമേനി, രാജാക്കാട് സ്‌റ്റേഷനുകള്‍ക്ക് എസ്ടിഒ-3, എഎസ്ടിഒ-3, എസ്എഫ്ആര്‍ഒ-4, എഫ്ആര്‍ഒ (ഡ്രൈവര്‍)-1 എന്നീ തസ്തികകളാണ് അനുവദിച്ചത്. അധികമായി ആവശ്യമായ തസ്തികകള്‍ പുനര്‍വിന്യാസത്തിലൂടെ കണ്ടെത്തും.

കാലിക്കറ്റ് സര്‍വകലാശാലയില്‍ ഫോറന്‍സിക് സയന്‍സ് വകുപ്പില്‍ രണ്ട് അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകള്‍ സൃഷ്ടിക്കാനും മന്ത്രിസഭ അനുമതി നല്‍കി. രജിസ്ട്രാറിന്റെയും സംസ്ഥാന പോലിസ് മേധാവിയുടെയും ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.

ബാംബു കോര്‍പ്പറേഷനു ഈറ്റ സൗജന്യമായി

2025 നവംബര്‍ ഒന്നു മുതല്‍ 2030 ഒക്ടോബര്‍ 31 വരെ അഞ്ചു വര്‍ഷത്തേക്ക് പ്രതിവര്‍ഷം പരമാവധി 5,000 മെട്രിക് ടണ്‍ ഈറ്റ സൗജന്യമായി വനംവകുപ്പില്‍ നിന്ന് കേരള സ്‌റ്റേറ്റ് ബാംബു കോര്‍പറേഷന്‍ അനുവദിക്കും. നിര്‍ധനരായ പരമ്പരാഗത ബാംബു തൊഴിലാളികള്‍ക്ക് കരകൗശല ഉല്‍പ്പന്ന നിര്‍മാണത്തിനായി മാത്രമായിരിക്കും വിതരണം.

ഭവനനിര്‍മ്മാണ ബോര്‍ഡ് പെന്‍ഷന്‍ പരിഷ്‌കരണം

കേരള സംസ്ഥാന ഭവനനിര്‍മ്മാണ ബോര്‍ഡിലെ പെന്‍ഷന്‍/കുടുംബ പെന്‍ഷന്‍ക്കാര്‍ക്ക് 11ാം പെന്‍ഷന്‍ പരിഷ്‌കരണം അനുവദിച്ചു.

കെല്‍ ഗ്യാരണ്ടി കാലാവധി നീട്ടി

കെല്‍ന് വേണ്ടി കോണ്‍സോര്‍ട്ടിയം ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ 50 കോടി രൂപയുടെ ഗ്യാരണ്ടിയുടെ കാലാവധി 2026 ജനുവരി 1 മുതല്‍ അഞ്ചു വര്‍ഷത്തേക്ക് ദീര്‍ഘിപ്പിച്ചു.

ദുരന്തനിവാരണ അതോറിറ്റിയില്‍ വേതന വര്‍ധനവ്

സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയിലെ കരാര്‍ ജീവനക്കാര്‍ക്ക് നിലവിലുള്ള അഞ്ചു ശതമാനം വര്‍ധനവിന് പുറമെ 10 ശതമാനം കൂടി വേതന വര്‍ധനവ് അനുവദിച്ചു. കൂടാതെ ഇപിഎഫ് ആനുകൂല്യങ്ങളും നല്‍കും.

Next Story

RELATED STORIES

Share it