Latest News

ആർഎസ്എസ് പരിപാടിയിൽ വിസിമാർ : വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാനുള്ള ഗൂഢശ്രമത്തിൻ്റെ ഭാഗം - സിപിഎ ലത്തിഫ്

ആർഎസ്എസ് പരിപാടിയിൽ വിസിമാർ : വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാനുള്ള ഗൂഢശ്രമത്തിൻ്റെ ഭാഗം - സിപിഎ ലത്തിഫ്
X

തിരുവനന്തപുരം: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കുന്ന ദേശീയ വിദ്യാഭ്യാസ സമ്മേളനത്തില്‍ കേരളത്തിലെ നാല് വിസിമാര്‍ പങ്കെടുത്തത് വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കാനുള്ള ഗൂഢപദ്ധതിയുടെ ഭാഗമാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ്. വിസിമാരുടെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹവും കേരളീയ സമൂഹത്തിനു തന്നെ അപമാനവുമാണ്. ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത വിസിമാരെ തല്‍സ്ഥാനത്തു നിന്ന് നീക്കണം. ജ്ഞാന സഭയുടെ ഭാഗമായി നടന്ന പൊതുസഭയില്‍ കേരള ഗവര്‍ണര്‍ ആര്‍ വി അര്‍ലേക്കര്‍ അധ്യക്ഷത വഹിച്ചത് ഔദ്യോഗിക പദവിയുടെ ദുരുപയോഗമാണ്. ശാസ്ത്ര സത്യങ്ങളെ അവഗണിക്കുന്നതും ഐതീഹ്യങ്ങളെ ശാസ്ത്രമാക്കി അവതരിപ്പിക്കുന്നതുമാണ് കാവിരാഷ്ട്രീയം വിദ്യാഭ്യാസ രംഗത്ത് കൊണ്ടുവന്നിട്ടുള്ള മാറ്റം. പുരോഗമനവും നവോഥാനവും മതനിരപേക്ഷതയും അവകാശപ്പെടുന്ന ഇടതുപക്ഷം ഭരിക്കുന്ന കേരളത്തില്‍ ഭരണസംവിധാനങ്ങളെല്ലാം ആര്‍എസ്എസ് അജണ്ടയ്ക്കനുസരിച്ച് ചലിക്കുന്നതില്‍ ഇടതുപക്ഷവും സിപിഎമ്മും നിശബ്ദത പാലിക്കുകയും അതിന് കൂടുതല്‍ അവസരം നല്‍കുകയും ചെയ്യുന്നത് ആശങ്കാജനകമാണ്. നാളിതുവരെ ആര്‍എസ്എസ്സിനെ ഒളിഞ്ഞും തെളിഞ്ഞും സഹായിച്ചിട്ടുള്ള ഇരുമുന്നണികളുടെയും സംഘപരിവാരത്തോട് കാണിച്ചിട്ടുള്ള പ്രീണന നയത്തിന്റെയും തുടര്‍ച്ചയാണ് ഇപ്പോള്‍ നടക്കുന്നത്. കേരളത്തില്‍ ആര്‍എസ്എസ് പിടിമുറുക്കിയതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഇരുമുന്നണികള്‍ക്കും മാറിനില്‍ക്കാനാവില്ല. വംശീയ പ്രത്യയ ശാസ്ത്രത്താല്‍ നയിക്കപ്പെടുന്നതും ജനാധിപത്യ ഇന്ത്യയെ മതാധിഷ്ടിത രാഷ്ട്രമാക്കാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതുമായ ആര്‍എസ്എസ് പരിപാടിയില്‍ ഭരണഘടനാപരമായ ഉത്തരവാദിത്വം വഹിക്കുന്നവര്‍ പങ്കെടുക്കുന്നത് ഗുരുതരമായ കൃത്യവിലോപമാണ്. വിഷലിപ്തമായ സാമൂഹികാന്തരീക്ഷം സൃഷ്ടിച്ച് ജനാധിപത്യത്തെ അട്ടിമറിക്കാനും ആര്‍എസ്എസ് വിഭാവനം ചെയ്യുന്ന കുടിലവും പൈശാചികവുമായ വര്‍ണവ്യവസ്ഥിതി അടിച്ചേല്‍പ്പിക്കാനും ശ്രമിക്കുന്നവരെ വെള്ളപൂശാനും അവരുടെ ആജ്ഞാനുവര്‍ത്തികളായി നിലകൊള്ളാനും ശ്രമിക്കുന്ന ഉദ്യോഗസ്ഥരെയും ഉന്നതപദവി വഹിക്കുന്നവരെയും തിരുത്താനും ആവശ്യമെങ്കില്‍ നിയമനടപടി സ്വീകരിക്കാനും സര്‍ക്കാര്‍ തയ്യാറാവണമെന്നും സിപിഎ ലത്തീഫ് ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it