Kerala

റോഡ് അപകടം: തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും കേരളം അഞ്ചാംസ്ഥാനത്ത്

രാജ്യത്തെ എട്ടു ശതമാനം അപകടങ്ങളും കേരളത്തിലാണെന്നാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ കണക്ക്. കഴിഞ്ഞവര്‍ഷം രാജ്യത്തുണ്ടായ നാലരലക്ഷം റോഡപകടങ്ങളില്‍ നാല്‍പതിനായിരവും കേരളത്തിലാണ്. 4303 പേരുടെ ജീവന്‍ നഷ്ടമായി.

റോഡ് അപകടം: തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും കേരളം അഞ്ചാംസ്ഥാനത്ത്
X

തിരുവനന്തപുരം: ബോധവല്‍ക്കരണവും പ്രത്യേക പദ്ധതികളും തുടരുമ്പോഴും തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും റോഡ് അപകട നിരക്കില്‍ രാജ്യത്ത് 5ാം സ്ഥാനം നിലനിര്‍ത്തി കേരളം. രാജ്യത്തെ എട്ടു ശതമാനം അപകടങ്ങളും കേരളത്തിലാണെന്നാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ കണക്ക്. കഴിഞ്ഞവര്‍ഷം രാജ്യത്തുണ്ടായ നാലരലക്ഷം റോഡപകടങ്ങളില്‍ നാല്‍പതിനായിരവും കേരളത്തിലാണ്. 4303 പേരുടെ ജീവന്‍ നഷ്ടമായി.

കേരളത്തില്‍ 10 വര്‍ഷത്തിനിടെ(2018 വരെ) 3,67,469 റോഡപകടങ്ങള്‍. മരിച്ചത് 43,283 പേര്‍. 4,21,981 പേര്‍ക്ക് പരിക്കേറ്റു. 2008 മുതല്‍ കഴിഞ്ഞ 2018 ജൂണ്‍വരെയുള്ള കണക്കാണിത്. പോലിസ് സ്റ്റേഷനില്‍ രേഖപ്പെടുത്താത്ത ചെറു അപകടങ്ങള്‍ കൂടാതെയാണ് ഈ കണക്കുകള്‍.

മരിച്ചവരിലും പരിക്കേറ്റവരിലും കൂടുതല്‍ 20 മുതല്‍ 50 വയസ്സുവരെയുള്ളവരാണെന്ന് റോഡ് സുരക്ഷാ അതോറിറ്റി പറയുന്നു. ദേശീയ-സംസ്ഥാന പാതകളെക്കാള്‍ മറ്റു റോഡുകളിലാണ് അപകടം കൂടുതല്‍. ദേശീയപാതകളില്‍ അപകടത്തിന്റെ തോതില്‍ വലിയ മാറ്റമില്ല. 2008-ല്‍ 1276 അപകടങ്ങളുണ്ടായപ്പോള്‍ കഴിഞ്ഞവര്‍ഷം 1213 മാത്രമായിരുന്നു. മരണസംഖ്യ യഥാക്രമം 1403-ല്‍നിന്ന് 1309 ആയി കുറഞ്ഞു. സംസ്ഥാനപാതകളിലും സമാനസ്ഥിതിയാണ്. 2008-ല്‍ 1243 അപകടങ്ങളില്‍ 1683 പേര്‍ മരിച്ചു. 2017-ല്‍ ഇത് യഥാക്രമം 1912 അപകടങ്ങളില്‍ 1985 മരണമായി കൂടി. അതേസമയം, മറ്റു റോഡുകളില്‍ അപകടം വലിയ അളവില്‍ കൂടിയിട്ടുണ്ട്.

മരിച്ചവരുടെ കണക്ക്

മോട്ടോര്‍ വാഹന വകുപ്പിന്റെയും ട്രാഫിക് പോലിസിന്റെയും കണക്കുകള്‍ പ്രകാരം കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ (2014-2018) കേരളത്തില്‍ നടന്നത് 1,93,367 വാഹനാപകടങ്ങള്‍. ഇതില്‍ മരിച്ചവരുടെ എണ്ണം 20,966. ഈ വര്‍ഷം തന്നെ ഇതിനകം ആയിരത്തിനു മേല്‍ അപകടങ്ങള്‍ നടന്നിരിക്കുന്നു. 200-ലേറേ പേര്‍ക്ക് ജീവന്‍ നഷ്ടമായി. കഴിഞ്ഞ ഓരോ വര്‍ഷത്തിലും മരണ നിരക്ക് കൂടിക്കൊണ്ടിരിക്കുന്നതും കാണാം (മരിച്ചവരുടെ എണ്ണം-2014ല്‍ 4049, 2015ല്‍ 4196, 2016ല്‍ 4287, 2017ല്‍ 4131, 2018ല്‍ 4303). അതായത് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ ഒരു വര്‍ഷം റോഡില്‍ പൊലിയുന്നത് നാലായിരത്തിനു മുകളില്‍ മനുഷ്യര്‍. പരിക്കേറ്റവരുടെ കണക്ക് ഇതിലും വലുതാണ്. (2014ല്‍ 41096, 2015ല്‍ 43735, 2016ല്‍ 44108, 2017ല്‍ 42671, 2018ല്‍ 45458). അരലക്ഷത്തിനടുത്ത് മനുഷ്യരാണ് റോഡ് അപകടങ്ങളില്‍ വര്‍ഷാവര്‍ഷം പരിക്കേല്‍ക്കുന്നത്.

കഴിഞ്ഞ വര്‍ഷം തിരുവനന്തപുരം സിറ്റിയിലും റൂറലിലുമായി 5529 അപകടങ്ങള്‍ നടന്നതില്‍ 544 പേര്‍ കൊല്ലപ്പെട്ടപ്പോള്‍, കൊല്ലം സിറ്റിയിലും റൂറലിലുമായി നടന്ന് 3478 അപകടങ്ങളും 469 മരണങ്ങളുമാണ്. പത്തനംതിട്ടയില്‍ 1527 അപകടങ്ങളിലായി 228 പേര്‍ കൊല്ലപ്പെട്ടു. ആലപ്പുഴയില്‍ 3489 അപകടങ്ങള്‍ നടന്നതില്‍ 373 പേര്‍ കൊല്ലപ്പെട്ടു. കോട്ടയത്ത് 2924 അപകടങ്ങളില്‍ 279 പേര്‍ കൊല്ലപ്പെട്ടപ്പോള്‍ ഇടുക്കിയില്‍ 1182 അപകടങ്ങളിലായി ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 91 ആണ്. എറണാകുളം സിറ്റിയിലും റൂറലിലുമായി കഴിഞ്ഞ വര്‍ഷം നടന്ന അപകടങ്ങള്‍ 5996, ഇതില്‍ കൊല്ലപ്പെട്ടവര്‍ 458. തൃശൂര്‍ സിറ്റിയിലും റൂറലിലുമായി 4407 അപകടങ്ങള്‍ നടക്കുകയും 449 പേര്‍ കൊല്ലപ്പെടുകയു ചെയ്തു. പാലക്കാട് നടന്ന അപകടങ്ങളുടെ എണ്ണം 2411 ഉം മരണസംഖ്യ 347 ഉം ആയിരുന്നു. മലപ്പുറത്ത് 2423 അപകടങ്ങളിലായി 367 പേര്‍ കൊല്ലപ്പെട്ടു. കോഴിക്കോട് സിറ്റിയിലും റൂറലിലും കൂടി 3097 അപകടങ്ങള്‍ നടക്കുകയും 341 പേര്‍ കൊല്ലപ്പെടുയും ചെയ്തു. വയനാട്ടിലെ കണക്ക് പ്രകാരം 634 അപകടങ്ങള്‍ നടക്കുകയും 74 പേര്‍ കൊല്ലപ്പെടുകയും ചെയ്തു. കണ്ണൂരില്‍ 2070 അപകടങ്ങളിലായി 233 പേര്‍ കൊല്ലപ്പെട്ടു. കാസറഗോഡ് 1014 അപകടങ്ങള്‍ നടക്കുകയും 129 പേര്‍ കൊല്ലപ്പെടുകയും ചെയ്തു.

Next Story

RELATED STORIES

Share it