Kerala

മരട് ഫ്‌ളാറ്റ്: കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ നീക്കിത്തുടങ്ങി

ഹോളിഫെയ്ത്ത് എച്ച് 2 ഒ, നെട്ടൂരിലെ ജെയിന്‍ കോറല്‍കോവ് ഫ്‌ളാറ്റുകളുടെ അവശിഷ്ടങ്ങളാണ് ആദ്യം നീക്കുന്നത്. കരാര്‍ ഏറ്റെടുത്തിട്ടുള്ള ആലുവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രോംപ്റ്റ് എന്റര്‍പ്രൈസസിന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച രാത്രി ഒമ്പതരയോടെയാണ് ജോലികള്‍ ആരംഭിച്ചത്.

മരട് ഫ്‌ളാറ്റ്: കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ നീക്കിത്തുടങ്ങി
X

കൊച്ചി: സുപ്രിംകോടതി ഉത്തരവിനെത്തുടര്‍ന്ന് മരടില്‍ നിയന്ത്രിതസ്‌ഫോടനത്തിലൂടെ പൊളിച്ച ഫ്‌ളാറ്റുകളുടെ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ നീക്കിത്തുടങ്ങി. ഹോളിഫെയ്ത്ത് എച്ച് 2 ഒ, നെട്ടൂരിലെ ജെയിന്‍ കോറല്‍കോവ് ഫ്‌ളാറ്റുകളുടെ അവശിഷ്ടങ്ങളാണ് ആദ്യം നീക്കുന്നത്. കരാര്‍ ഏറ്റെടുത്തിട്ടുള്ള ആലുവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രോംപ്റ്റ് എന്റര്‍പ്രൈസസിന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച രാത്രി ഒമ്പതരയോടെയാണ് ജോലികള്‍ ആരംഭിച്ചത്. എച്ച് 2 ഒയില്‍നിന്ന് 70 ലോഡും ജെയിന്‍ കോറല്‍കോവില്‍നിന്ന് 40 ലോഡുമാണ് ആദ്യദിനം നീക്കിയത്. ചന്തിരൂര്‍, എഴുപുന്ന, കുമ്പളം എന്നിവിടങ്ങളിലുള്ള യാര്‍ഡുകളിലേക്കാണ് കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ കോണ്‍ക്രീറ്റ് കൊണ്ടുപോയത്. കോണ്‍ക്രീറ്റ് അവശിഷ്ടങ്ങളില്‍നിന്ന് എം സാന്റ് നിര്‍മിക്കുകയാണ് ലക്ഷ്യം.

പൊടിശല്യമുയരാതിരിക്കാന്‍ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങളുടെ പുറത്ത് രാവിലെ മുതല്‍ വെള്ളം തളിച്ചിരുന്നു. മാലിന്യവുമായി പോവുന്ന വാഹനങ്ങള്‍ ദേശീയപാതയിലേക്ക് പ്രവേശിക്കുന്ന റോഡുകളും നനച്ചു. ഫ്‌ളാറ്റ് പൊളിച്ച കമ്പനികളിലൊന്നായ വിജയ് സ്റ്റീല്‍സിന്റെ നേതൃത്വത്തില്‍ നാലു ഫഌറ്റുകളുടെയും കോണ്‍ക്രീറ്റ് അവശിഷ്ടങ്ങളും കമ്പിയും വേര്‍തിരിക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണ്. ഇരുമ്പിന്റെ ഭാഗങ്ങള്‍ വിജയ് സ്റ്റീല്‍സ് ഏറ്റെടുക്കും. യാര്‍ഡുകളിലെത്തിക്കുന്ന കോണ്‍ക്രീറ്റ് മാലിന്യങ്ങള്‍ എം സാന്‍ഡാക്കി മാറ്റുന്നതിനുള്ള റബിള്‍ മാസ്റ്റര്‍ മൊബൈല്‍ ക്രഷര്‍ ഒരാഴ്ചയ്ക്കുള്ളില്‍ മരടിലെത്തിക്കും. ജര്‍മന്‍ കമ്പനിയായ ഷ്വിങ് സ്റ്റേറ്ററാണ് റബിള്‍ മാസ്റ്റര്‍ മൊബൈല്‍ ക്രഷര്‍ മരടിലെത്തിക്കുന്നത്.

ഈ യന്ത്രമുപയോഗിച്ച് മണിക്കൂറില്‍ 80 മുതല്‍ 150 ടണ്‍ വരെ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ എംസാന്‍ഡാക്കി മാറ്റാനാവും. ദിവസവും ടോറസും മിനി ടിപ്പര്‍ ലോറികളും അടക്കം നൂറോളം വാഹനങ്ങള്‍ ഉപയോഗിച്ച് അവശിഷ്ടങ്ങള്‍ നീക്കാനാണ് പ്രോംപ്റ്റ് എന്റര്‍പ്രൈസസ് ലക്ഷ്യമിട്ടിരിക്കുന്നത്. ആല്‍ഫ സെറീന്‍, ഗോള്‍ഡന്‍ കായലോരം ഫ്‌ളാറ്റുകളിലേക്ക് ടോറസ് വാഹനങ്ങള്‍ക്കു കടന്നുചെല്ലാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ അവശിഷ്ടങ്ങള്‍ മിനി ടിപ്പര്‍ ലോറികളുടെ സഹായത്തോടെയായിരിക്കും നീക്കുക. നാലു ഫഌറ്റുകളുടെയുംകൂടി 76,350 ടണ്‍ അവശിഷ്ടമാണ് ആകെ നീക്കാനുള്ളത്. ഫ്‌ളാറ്റ് പൊളിച്ച് 70 ദിവസത്തിനകം വിജയ് സ്റ്റീല്‍സും പ്രോംപ്റ്റും ചേര്‍ന്ന് മുഴുവന്‍ അവശിഷ്ടങ്ങളും നീക്കണമെന്നാണ് കരാര്‍.

Next Story

RELATED STORIES

Share it