Latest News

രാജ്യത്തെ 18 നഗരങ്ങളില്‍ വാട്ടര്‍മെട്രോക്ക് സാധ്യത; പഠന റിപോര്‍ട്ട് സമര്‍പ്പിച്ച് കെഎംആര്‍എല്‍

രാജ്യത്തെ 18 നഗരങ്ങളില്‍ വാട്ടര്‍മെട്രോക്ക് സാധ്യത; പഠന റിപോര്‍ട്ട് സമര്‍പ്പിച്ച് കെഎംആര്‍എല്‍
X

കൊച്ചി: രാജ്യത്തെ വിവിധ നഗരങ്ങളില്‍ വാട്ടര്‍മെട്രോ സംവിധാനം നടപ്പാക്കാനുള്ള സാധ്യതകള്‍ വിലയിരുത്തിയ സമഗ്ര പഠന റിപോര്‍ട്ട് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) തയ്യാറാക്കി. റിപോര്‍ട്ട് ഇന്‍ലാന്‍ഡ് വാട്ടര്‍വേയ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (ഐഡബ്ലിയുഎഐ)യ്ക്ക് സമര്‍പ്പിച്ചതായി അധികൃതര്‍ അറിയിച്ചു.

രാജ്യത്തെ 11 സംസ്ഥാനങ്ങളും രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളും ഉള്‍പ്പെടുന്ന 18 കേന്ദ്രങ്ങളിലാണ് സാധ്യതാപഠനം നടത്തിയത്. കഴിഞ്ഞ നവംബറിലാണ് മറ്റു നഗരങ്ങളില്‍ വാട്ടര്‍മെട്രോ മാതൃക നടപ്പാക്കുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കെഎംആര്‍എല്ലിനെ ചുമതലപ്പെടുത്തിയത്. പരിസ്ഥിതി സൗഹൃദവും ആധുനിക സൗകര്യങ്ങളുമുള്ള ജലഗതാഗത സംവിധാനമായി ലോകത്തിന്റെ ശ്രദ്ധ നേടിയ കൊച്ചി വാട്ടര്‍മെട്രോയുടെ വിജയമാണ് കേന്ദ്രസര്‍ക്കാര്‍ രാജ്യവ്യാപകമായി പദ്ധതി വ്യാപിപ്പിക്കാന്‍ പ്രേരണയായത്. കൊച്ചി മാതൃകയ്ക്ക് ദേശീയതലത്തില്‍ ലഭിക്കുന്ന വലിയ അംഗീകാരമാണിതെന്ന് കെഎംആര്‍എല്‍ മാനേജിങ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.

ശ്രീനഗര്‍, ഗുവാഹത്തി, തേജ്പുര്‍, ഡിബ്രുഗഢ്, പട്‌ന, വാരാണസി, അയോധ്യ, പ്രയാഗ്‌രാജ്, കട്ടക്, അഹമ്മദാബാദ്, സൂറത്ത്, ഗോവ, മംഗളൂരു, കൊല്ലം, ആലപ്പുഴ, ആന്‍ഡമാന്‍ എന്നിവിടങ്ങളിലാണ് പഠനം പൂര്‍ത്തിയാക്കിയത്. ലക്ഷദ്വീപും കൊല്‍ക്കത്തയും ഉള്‍പ്പെടുന്ന രണ്ടു കേന്ദ്രങ്ങളിലെ പഠനം ഇപ്പോഴും പുരോഗമിക്കുകയാണ്. കനാല്‍, നദി, കായല്‍, കടല്‍ എന്നിവ ഉള്‍പ്പെടുന്ന വിവിധ ജലമേഖലകളില്‍ വാട്ടര്‍മെട്രോ സംവിധാനം നടപ്പാക്കാനുള്ള സാധ്യതകളാണ് പ്രധാനമായും വിലയിരുത്തിയത്.

ആലപ്പുഴയില്‍ വാട്ടര്‍മെട്രോ പദ്ധതി നടപ്പാക്കുന്നതിനായി എട്ടു പ്രധാന റൂട്ടുകള്‍ പഠനവിധേയമാക്കി. ഏകദേശം 87.77 കിലോമീറ്റര്‍ നീളമുള്ള ജലപാതയില്‍ സര്‍വീസ് നടത്താന്‍ 61 ബോട്ടുകളും 15 ടെര്‍മിനലുകളും ആവശ്യമായി വരുമെന്നാണ് റിപോര്‍ട്ടിലെ വിലയിരുത്തല്‍. കൊല്ലത്ത് ഏകദേശം 34.85 കിലോമീറ്റര്‍ നീളമുള്ള ജലപാതകളില്‍ സര്‍വീസ് നടത്താന്‍ 35 ബോട്ടുകളും 15 ടെര്‍മിനലുകളും ആവശ്യമായി വരുമെന്നാണ് പഠനം വ്യക്തമാക്കുന്നത്. അതേസമയം മുംബൈ മെട്രോപൊളിറ്റന്‍ മേഖലയില്‍ ജലപാതകളെ ബന്ധിപ്പിച്ച് വാട്ടര്‍മെട്രോ സംവിധാനം ആരംഭിക്കുന്നതിനുള്ള വിശദ പദ്ധതി റിപോര്‍ട്ടും കെഎംആര്‍എല്‍ മഹാരാഷ്ട്ര സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്.

ഇ-കണ്‍സള്‍ട്ടന്‍സി സേവനത്തിലൂടെ നിലവിലുള്ള മനുഷ്യവിഭവശേഷി ഉപയോഗിച്ച് മറ്റു പദ്ധതികള്‍ക്ക് തടസ്സമുണ്ടാക്കാതെ കെഎംആര്‍എല്‍ ഏകദേശം എട്ടുകോടി രൂപയുടെ വരുമാനവും നേടിയതായി അധികൃതര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it