Kerala

പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം: വീഴ്ചവരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിക്ക് സര്‍ക്കാര്‍; ചുമതല പൊതുഭരണവകുപ്പിന്

വില്ലേജ് ഓഫിസര്‍, തഹസില്‍ദാര്‍, ഡിവൈഎസ്പി, എസ്പി, എസ്‌ഐ എന്നിവര്‍ക്കെതിരെയും നടപടിയുണ്ടാവും. സംഭവത്തില്‍ ഇവര്‍ക്ക് വീഴ്ചപറ്റിയെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍ കണ്ടെത്തിയിരുന്നു.

പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം: വീഴ്ചവരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിക്ക് സര്‍ക്കാര്‍; ചുമതല പൊതുഭരണവകുപ്പിന്
X

തിരുവനന്തപുരം: പരവൂര്‍ പുറ്റിങ്ങലില്‍ 110 പേരുടെ മരണത്തിനിടയാക്കിയ വെടിക്കെട്ട് ദുരന്തം തടയുന്നതില്‍ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കാന്‍ മന്ത്രിസഭായോഗത്തിന്റെ തീരുമാനം. വില്ലേജ് ഓഫിസര്‍, തഹസില്‍ദാര്‍, ഡിവൈഎസ്പി, എസ്പി, എസ്‌ഐ എന്നിവര്‍ക്കെതിരെയും നടപടിയുണ്ടാവും. സംഭവത്തില്‍ ഇവര്‍ക്ക് വീഴ്ചപറ്റിയെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ പൊതുഭരണവകുപ്പിനെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തി.

ഉത്തരവാദികളായ ഫീല്‍ഡ്തല ഉദ്യോഗസ്ഥരെ അടിയന്തരമായി സര്‍വീസില്‍നിന്നു സസ്‌പെന്റ് ചെയ്യണമെന്ന ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണു മന്ത്രിസഭാ തീരുമാനം. വെടിക്കെട്ടിന് ജില്ലാ കലക്ടര്‍ അനുമതി നിഷേധിച്ചിട്ടും കലക്ടറുടെ ഉത്തരവ് ലംഘിച്ച് ഇവിടെ വന്‍തോതില്‍ സ്‌ഫോടകവസ്തുക്കളും വെടിക്കെട്ട് ഉപകരണങ്ങളുമെത്തിച്ചിട്ടും തടയാനോ കസ്റ്റഡിയിലെടുക്കാനോ തയ്യാറാവാതിരുന്ന അന്നത്തെ പ്രദേശത്തിന്റെ ചുമതലയുള്ള ഡിവൈഎസ്പി, സിഐ, എസ്‌ഐ തുടങ്ങിയ പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേയും വില്ലേജ് ഓഫിസര്‍, തഹസില്‍ദാര്‍ തുടങ്ങിയ റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരേയും വകുപ്പുതല അച്ചടക്കനടപടി സ്വീകരിക്കാനാണു തീരുമാനം.

ഓരോ ഉദ്യോഗസ്ഥര്‍ക്കെതിരേയും സ്വീകരിക്കേണ്ട വകുപ്പുതല അച്ചടക്ക നടപടി എന്തെന്നു പരിശോധിച്ച് ആവശ്യമായ വകുപ്പുകള്‍ക്കു നിര്‍ദേശം നല്‍കാന്‍ പൊതുഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കാണ് ചുമതല. പൊതുസുരക്ഷയെ അവഗണിക്കുന്ന കുറ്റകരമായ വീഴ്ചയാണ് അന്നത്തെ കലക്ടര്‍ക്കും എസ്പിക്കും സംഭവിച്ചതെന്നും കലക്ടറും പോലിസും തമ്മില്‍ ഏകോപനമുണ്ടായില്ലെന്നും ജസ്റ്റിസ് പി എസ് ഗോപിനാഥന്‍ കമ്മീഷന്‍ സര്‍ക്കാരിന് കൈമാറിയ റിപോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ക്ഷേത്രം ഭാരവാഹികളെയും കരാറുകാരെയും മാത്രം പ്രതികളാക്കി ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച റിപോര്‍ട്ടിന് വിഭിന്നമാണ് സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷ്യല്‍ കമ്മീഷന്റെ കണ്ടെത്തലുകള്‍.

കൊല്ലം കലക്ടര്‍, ജില്ലാ പോലിസ് മേധാവി അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്ക് സംഭവിച്ച കുറ്റകരമായ വീഴ്ചയാണ് 110 പേരുടെ ജീവനെടുത്ത ദുരന്തത്തിന് കാരണമെന്നാണ് കമ്മീഷന്റെ കണ്ടെത്തല്‍. വെടിക്കെട്ട് അനുമതിയ്ക്കായി ക്ഷേത്രഭരണസമിതി സമര്‍പ്പിച്ച അപേക്ഷയില്‍ തീരുമാനമെടുക്കുന്നതില്‍ മുന്‍ കൊല്ലം ജില്ലാ കലക്ടര്‍ കുറ്റകരമായ വീഴ്ച വരുത്തി. തീരുമാനം കലക്ടര്‍ വൈകിപ്പിച്ചതിലൂടെ അത് വെടിക്കെട്ടിനുള്ള മൗനാനുവാദമായി ക്ഷേത്രം ഭാരവാഹികളും കണക്കാക്കുകയായിരുന്നു. കഴിഞ്ഞ ജൂലൈയിലാണ് കമ്മീഷന്‍ റിപോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചത്.

2016 ഏപ്രില്‍ 10നു പുലര്‍ച്ചെ 3.30നാണു പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തമുണ്ടായത്. കമ്പപ്പുരയ്ക്കു തീപ്പിടിച്ചതിനെ തുടര്‍ന്നുണ്ടായ വെടിക്കെട്ടപകടത്തില്‍ 110 പേര്‍ കൊല്ലപ്പെട്ടു, 300 ലേറെ പേര്‍ക്കു പരിക്കേറ്റു. കേസില്‍ ക്ഷേത്രഭാരവാഹികള്‍ അടക്കമുള്ളവര്‍ക്കെതിരേ കേസെടുക്കുകയും അറസ്റ്റുചെയ്യുകയും ചെയ്തിരുന്നു.

Next Story

RELATED STORIES

Share it