Kerala

നിര്‍ണായകമാവുക മൂന്ന് എംഎല്‍എമാരുടെ വോട്ട്; പുതുച്ചേരി സര്‍ക്കാരിന്റെ ഭാവി ഇന്നറിയാം

വിശ്വാസ വോട്ട് തേടുന്ന കോണ്‍ഗ്രസ്- ഡിഎംകെ സര്‍ക്കാരിന് നിര്‍ണായമാവുക പ്രതിപക്ഷത്തെ മൂന്ന് എംഎല്‍എമാരാണ്. നാമനിര്‍ദേശത്തിലൂടെ നിയമസഭാ അംഗങ്ങളായ പുതുച്ചേരി ബിജെപി അധ്യക്ഷന്‍ വി സാമിനാഥന്‍, കെ ജി ശങ്കര്‍, എസ് സെല്‍വഗണപതി എന്നീ എംഎല്‍എമാര്‍ വോട്ടുചെയ്യുമോയെന്ന കാര്യം അനിശ്ചിതത്വത്തിലാണ്.

നിര്‍ണായകമാവുക മൂന്ന് എംഎല്‍എമാരുടെ വോട്ട്; പുതുച്ചേരി സര്‍ക്കാരിന്റെ ഭാവി ഇന്നറിയാം
X

പുതുച്ചേരി: കോണ്‍ഗ്രസ്, ഡിഎംകെ എംഎല്‍എമാരുടെ കൂട്ടരാജിയെത്തുടര്‍ന്ന് പ്രതിസന്ധിയിലായ പുതുച്ചേരിയിലെ നാരായണസ്വാമി സര്‍ക്കാരിന്റെ ഭാവി ഇന്ന് അറിയാം. ന്യൂനപക്ഷമായ സര്‍ക്കാരിന് ഇന്ന് നടക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കേണ്ടിവരും. ഞായറാഴ്ച കോണ്‍ഗ്രസിലെയും ഡിഎംകെയിലെയും മന്ത്രിമാരും എംഎല്‍എമാരും എംപിമാരും മറ്റ് മുതിര്‍ന്ന നേതാക്കളും കൂടിക്കാഴ്ച നടത്തുകയും തിങ്കളാഴ്ച നിയമസഭയില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുകയും ചെയ്തതായി മുഖ്യമന്ത്രി നാരായണസ്വാമി പറഞ്ഞു. ഇന്ന് സഭയില്‍ തങ്ങളുടെ തന്ത്രം വെളിപ്പെടുത്താനാണ് തീരുമാനിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിശ്വാസ വോട്ട് തേടുന്ന കോണ്‍ഗ്രസ്- ഡിഎംകെ സര്‍ക്കാരിന് നിര്‍ണായമാവുക പ്രതിപക്ഷത്തെ മൂന്ന് എംഎല്‍എമാരാണ്. നാമനിര്‍ദേശത്തിലൂടെ നിയമസഭാ അംഗങ്ങളായ പുതുച്ചേരി ബിജെപി അധ്യക്ഷന്‍ വി സാമിനാഥന്‍, കെ ജി ശങ്കര്‍, എസ് സെല്‍വഗണപതി എന്നീ എംഎല്‍എമാര്‍ വോട്ടുചെയ്യുമോയെന്ന കാര്യം അനിശ്ചിതത്വത്തിലാണ്. ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യപ്പെട്ട ലഫ്.ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്‍രാജന്റെ ഉത്തരവില്‍ നാമനിര്‍ദേശം ചെയ്യപ്പെട്ട എംഎല്‍എമാരെ ബിജെപി എംഎല്‍എമാരായാണ് പ്രതിപാദിച്ചിരിക്കുന്നത്. ഇത് ചട്ടവിരുദ്ധമാണെന്ന് കോണ്‍ഗ്രസ് വിപ്പ് ആര്‍ കെ ആര്‍ അനന്ദരാമന്‍ പറഞ്ഞു. എന്നാല്‍, എംഎല്‍എമാര്‍ക്ക് വോട്ടുചെയ്യാന്‍ സുപ്രികോടതി അനുമതി നല്‍കിയെന്നാണ് ബിജെപിയുടെ വാദം.

തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച് അംഗങ്ങളാവാത്തവര്‍ക്ക് വോട്ടവകാശം നല്‍കുന്നത് ഭരണഘടനാവിരുദ്ധമാണെന്നു കോണ്‍ഗ്രസ് ആരോപിക്കുന്നു. കേന്ദ്രഭരണ പ്രദേശങ്ങളില്‍ കേന്ദ്രസര്‍ക്കാരിനു മൂന്ന് എംഎല്‍എമാരെ നാമനിര്‍ദേശം ചെയ്യാമെന്നാണു 2018ലെ സുപ്രികോടതി വിധി. എന്നാല്‍, ഇവരെ ബിജെപി അംഗങ്ങളായി കണക്കാക്കരുതെന്നും വിധിയിലുണ്ട്. വിശ്വാസവോട്ടെടുപ്പില്‍ പരാജയപ്പെട്ടാല്‍ കോണ്‍ഗ്രസ് കോടതിയെ സമീപിച്ചേക്കുമെന്നാണു റിപോര്‍ട്ടുകള്‍. എംഎല്‍എമാരുടെ കൂട്ടരാജിക്ക് പിന്നാലെയാണ് പുതുച്ചേരിയിലെ കോണ്‍ഗ്രസ്- ഡിഎംകെ സര്‍ക്കാര്‍ ന്യൂനപക്ഷമായതും വിശ്വാസവോട്ടെടുപ്പിലേക്ക് കാര്യങ്ങളെത്തിയതും.

സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിനു പിന്നാലെ തിങ്കളാഴ്ച സഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് പുതുച്ചേരിയുടെ അധികചുമതല വഹിക്കുന്ന ലെഫ്റ്റനന്റ് ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. എംഎല്‍എമാരുടെ തുടര്‍ച്ചയായ രാജിക്കു പിന്നാലെ നാരായണസ്വാമി സര്‍ക്കാരിനെ സഭയില്‍ പിന്തുണയ്ക്കുന്നവരുടെ എണ്ണം 12 ആയി ചുരുങ്ങി.

അതേസമയം, പ്രതിപക്ഷത്തിന് 14 അംഗങ്ങളുടെ പിന്തുണയുമുണ്ട്. കോണ്‍ഗ്രസ് എംഎല്‍എ ലക്ഷ്മിനാരായണനും ഡിഎംകെ അംഗം വെങ്കിടേശനും ഞായറാഴ്ച രാജിസമര്‍പ്പിച്ചു. രാജ്ഭവന്‍ നിയോജകമണ്ഡലത്തില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട കെ ലക്ഷ്മിനാരായണന്‍ നിയമസഭാ സ്പീക്കര്‍ വി പി ശിവകോലുന്ദുവിന് രാജി നല്‍കിയതായി വാര്‍ത്താ ഏജന്‍സി പിടിഐ റിപോര്‍ട്ട് ചെയ്തു. 28 അംഗ പുതുച്ചേരി നിയമസഭയില്‍ നാമനിര്‍ദേശം ചെയ്യപ്പെട്ട മൂന്ന് അംഗങ്ങള്‍ക്ക് വോട്ടുചെയ്യാനാവുമോയെന്ന കാര്യമാണ് ഏവരും ഉറ്റുനോക്കുന്നത്.

Next Story

RELATED STORIES

Share it