Kerala

പൊതു ഇടങ്ങള്‍ ഭിന്നശേഷി സൗഹൃദമാക്കും: മുഖ്യമന്ത്രി

സര്‍ക്കാര്‍ ഓഫീസുകള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, പൊതുഗതാഗത സംവിധാനങ്ങള്‍ തുടങ്ങിയ മേഖലകളെല്ലാം ഭിന്നശേഷി സൗഹൃദമാക്കും. ഇതിനായി 600 കോടിയുടെ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു

പൊതു ഇടങ്ങള്‍ ഭിന്നശേഷി സൗഹൃദമാക്കും: മുഖ്യമന്ത്രി
X

ഇരിങ്ങാലക്കുട: സംസ്ഥാനത്തെ പൊതു ഇടങ്ങള്‍ ഭിന്നശേഷി സൗഹൃദമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തൃശൂര്‍ കല്ലേറ്റുംകരയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷനില്‍ വച്ച് നൂറുദിന കര്‍മ്മപദ്ധതിയിലെ വിവിധ വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. സര്‍ക്കാര്‍ ഓഫീസുകള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, പൊതുഗതാഗത സംവിധാനങ്ങള്‍ തുടങ്ങിയ മേഖലകളെല്ലാം ഭിന്നശേഷി സൗഹൃദമാക്കും. ഇതിനായി 600 കോടിയുടെ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോകത്തെ മികച്ച ഭിന്നശേഷി സൗഹൃദ മേഖലയാക്കി കേരളത്തെ മാറ്റുകയാണ് ലക്ഷ്യം. ലോകത്ത് കായിക മേഖലയില്‍ ഭിന്നശേഷി ക്കാര്‍ ഉയര്‍ന്നു വരുന്നുണ്ട്. കേരളത്തില്‍ നിന്നും ഭിന്നശേഷി കായിക താരങ്ങളെ കൈപിടിച്ചുയര്‍ത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. 2.84 കോടി രൂപയുടെ പദ്ധതികളാണ് ഇന്ന് നാടിന് സമര്‍പ്പിച്ചത്.വെര്‍ച്വല്‍ റിയാലിറ്റി അടിസ്ഥാനമാക്കിയുള്ള മോട്ടോര്‍ റീഹാബിലിറ്റേഷന്‍ യൂണിറ്റ്, അഡ്വാന്‍സ്ഡ് ന്യൂറോ ഫിസിയോ തെറാപ്പി യൂനിറ്റ്, ഇന്‍സ്ട്രുമെന്റഡ് ഗേറ്റ് ആന്‍ഡ് മോഷന്‍ അനാലിസിസ് ലാബ്, വീല്‍ ട്രാന്‍സ് പ്രൊജക്റ്റ്, പോട്ടറി ആന്‍ഡ് സിറാമിക് യൂണിറ്റ്, ഭിന്നശേഷി സൗഹൃദ ആംബുലന്‍സ്എന്നിവയാണ് നിപ്മറിലെ ഉദ്ഘാടനം ചെയ്ത വികസന പദ്ധതികള്‍.

ഉന്നത വിദ്യാഭ്യാസസാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു അധ്യക്ഷത വഹിച്ചു. സാമൂഹ്യ നീതി വകുപ്പ് ഡയരക്ടര്‍ എസ് ജലജ പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് , മുന്‍ എംഎല്‍എ കെ യു അരുണന്‍, മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാ നൈസണ്‍, ആളൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ആര്‍ ജോജോ, തൃശൂര്‍ ജില്ലാ സാമൂഹ്യനീതി വകുപ്പ് ഓഫീസര്‍ പി എച്ച് അസ്ഗര്‍ ഷാ, ആളൂര്‍ ഗ്രാമപഞ്ചായത്ത് അംഗം മേരി ഐസക്,സാമൂഹ്യനീതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് ,നിപ്മര്‍ ജോയ്ന്റ് ഡയറക്റ്റര്‍ സി ചന്ദ്രബാബു സംസാരിച്ചു.

Next Story

RELATED STORIES

Share it