Kerala

മദ്‌റസ അധ്യാപകരുടെ ക്രിമിനല്‍ പശ്ചാത്തലം പരിശോധിക്കണം; വിവാദ നോട്ടീസ് പോലിസ് പിന്‍വലിച്ചു

നോട്ടീസ് നല്‍കിയ കാസര്‍ഗോഡ് പോലിസിന്റെ നടപടിക്കെതിരേ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് പുതിയ തീരുമാനം. ഡിവൈഎസ്പിയുടെ നിര്‍ദേശപ്രകാരമുള്ള കത്ത് പോലിസിന്റെ മുസ്‌ലിം വിരുദ്ധതയാണ് സൂചിപ്പിക്കുന്നതെന്നും വിമര്‍ശനമുണ്ടായി.

മദ്‌റസ അധ്യാപകരുടെ ക്രിമിനല്‍ പശ്ചാത്തലം പരിശോധിക്കണം; വിവാദ നോട്ടീസ് പോലിസ് പിന്‍വലിച്ചു
X

കാസര്‍ഗോഡ്: മുസ്‌ലിം മതസ്ഥാപനങ്ങള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന മദ്‌റസകളില്‍ നിയമിക്കുന്ന അധ്യാപകര്‍ അടക്കമുള്ളവരുടെ ക്രിമിനല്‍ പശ്ചാത്തലം അന്വേഷിച്ച് ഉറപ്പുവരുത്തണമെന്ന വിവാദനോട്ടീസ് കാസര്‍ഗോഡ് പോലിസ് പിന്‍വലിച്ചു. നോട്ടീസ് നല്‍കിയ കാസര്‍ഗോഡ് പോലിസിന്റെ നടപടിക്കെതിരേ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് പുതിയ തീരുമാനം. ഡിവൈഎസ്പിയുടെ നിര്‍ദേശപ്രകാരമുള്ള കത്ത് പോലിസിന്റെ മുസ്‌ലിം വിരുദ്ധതയാണ് സൂചിപ്പിക്കുന്നതെന്നും വിമര്‍ശനമുണ്ടായി. നോട്ടീസ് കൊടുത്ത സദുദ്ദേശത്തെ മറ്റു ചിലര്‍ വേറെ രീതിയില്‍ വ്യാഖ്യാനിച്ചതുകൊണ്ടാണ് നോട്ടീസ് പിന്‍വലിച്ചതെന്ന് ചീമേനി പോലിസ് സ്റ്റേഷന്‍ ജിഡി ഇന്‍ചാര്‍ജ് ബ്രിജേഷ് വിശദീകരിച്ചു.


സ്‌കൂളുകളിലെ പീഡനത്തില്‍ നേരത്തെ സ്‌കൂള്‍ അധികൃതരെ സ്റ്റേഷനില്‍ വിളിച്ച് അറിയിക്കാറാണെന്നും നിലവിലെ കൊവിഡ് സാഹചര്യത്തില്‍ അതിന് സാധിക്കാത്തതിനാല്‍ മദ്‌റസ അധികൃതര്‍ക്ക് നോട്ടീസ് അയക്കുകയായിരുന്നെന്നുമായിരുന്നു നേരത്തെ പോലിസ് നോട്ടീസിറക്കിയതിനെ ന്യായീകരിച്ച് വ്യക്തമാക്കിയിരുന്നത്. വംശീയ മുന്‍വിധിയോടെയല്ല നോട്ടീസ് ഇറക്കിയതെന്നും അത് ചിലരുടെ വ്യാഖ്യാനമാണെന്നും ചീമേനി പോലിസ് പറയുന്നു. കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ കീഴിലുള്ള എട്ട് പോലിസ് സ്റ്റേഷനുകളിലാണ് നോട്ടീസ് വിതരണം ചെയ്യാന്‍ നിര്‍ദേശം നല്‍കിയിരുന്നത്. ഇതില്‍ ചീമേനി, ബേക്കല്‍ സ്റ്റേഷനുകള്‍ തങ്ങളുടെ പരിധിയിലുള്ള പള്ളി കമ്മിറ്റികള്‍ക്ക് നോട്ടീസ് വിതരണം ചെയ്തിരുന്നു. ഇതാണ് പിന്‍വലിച്ചിരിക്കുന്നത്.

നിയമിക്കപ്പെടുന്നവരുടെ സാമൂഹ്യപശ്ചാത്തലവും ക്രിമിനല്‍ പശ്ചാത്തലും അന്വേഷിച്ച് ബോധ്യപ്പെടണമെന്നും അവര്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നുമാണ് പള്ളിക്കമ്മിറ്റികള്‍ക്കുള്ള നോട്ടിസില്‍ പോലിസ് വ്യക്തമാക്കിയിരുന്നത്. അല്ലാത്തപക്ഷം നിയമനം നടത്തുന്ന കമ്മിറ്റി അംഗങ്ങള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും പോലിസ് നോട്ടീസില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. മദ്‌റസയ്ക്കു പുറമെ പള്ളിയ്ക്കു കീഴിലുള്ള മറ്റ് സ്ഥാപനങ്ങളിലും ഈ ഉത്തരവ് ബാധകമാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ചീമേനി സ്റ്റേഷന്‍ പരിധിയിലുള്ള പള്ളികളില്‍ വിതരണം ചെയ്ത ശേഷം തിരിച്ചുവാങ്ങിയ നോട്ടീസ് പുറത്തുവന്നിട്ടുണ്ട്. ഇതില്‍ 'നോട്ടീസ് ഒറിജിനല്‍ തിരിച്ചുവാങ്ങി'- എന്ന് പോലിസ് ഇന്‍സ്‌പെക്ടര്‍ എഴുതി ഒപ്പിട്ടിരിക്കുകയാണ്.

Next Story

RELATED STORIES

Share it