Kerala

മോദി സ്തുതി; ശശി തരൂരിനോട് കെപിസിസി വിശദീകരണം തേടും

വിശദീകരണം ചോദിക്കാന്‍ കെപിസിസി തീരുമാനിച്ച സാഹചര്യത്തില്‍ ശശി തരൂര്‍ പാര്‍ട്ടി നടപടിയോട് എങ്ങനെ പ്രതികരിക്കുമെന്നതും ശ്രദ്ധേയമാണ്. മോദിയെ അന്ധമായി എതിര്‍ക്കുന്നതു കോണ്‍ഗ്രസിനു ഗുണംചെയ്യില്ലെന്ന പ്രസ്താവനയുടെ പേരിലാണ് തരൂരിനെതിരേ കോണ്‍ഗ്രസില്‍ പടയൊരുക്കം ആരംഭിച്ചത്.

മോദി സ്തുതി; ശശി തരൂരിനോട് കെപിസിസി വിശദീകരണം തേടും
X

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീര്‍ത്തിച്ച് പ്രസ്താവന നടത്തിയ ശശി തരൂര്‍ എംപിയോട് കെപിസിസി വിശദീകരണം തേടും. തരൂരിന്റെ നടപടി തെറ്റാണെന്നും പ്രസ്താവന തിരുത്താന്‍ തയ്യാറാവണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അതിന്റെ ആവശ്യമില്ലെന്ന നിലപാടിലാണ് തരൂര്‍. പ്രസ്താവന തിരുത്താത്തതില്‍ കോണ്‍ഗ്രസ് നേതൃത്വം കടുത്ത അതൃപ്തിയും പ്രതിഷേധവും രേഖപ്പെടുത്തി. വിശദീകരണം ചോദിച്ചശേഷം ഹൈക്കമാന്‍ഡിനു റിപോര്‍ട്ട് നല്‍കാനാണ് കെപിസിസിയുടെ തീരുമാനം.

വിശദീകരണം ചോദിക്കാന്‍ കെപിസിസി തീരുമാനിച്ച സാഹചര്യത്തില്‍ ശശി തരൂര്‍ പാര്‍ട്ടി നടപടിയോട് എങ്ങനെ പ്രതികരിക്കുമെന്നതും ശ്രദ്ധേയമാണ്. മോദിയെ അന്ധമായി എതിര്‍ക്കുന്നതു കോണ്‍ഗ്രസിനു ഗുണംചെയ്യില്ലെന്ന പ്രസ്താവനയുടെ പേരിലാണ് തരൂരിനെതിരേ കോണ്‍ഗ്രസില്‍ പടയൊരുക്കം ആരംഭിച്ചത്. മോദിയെ ദുഷ്ടനെന്ന് ചിത്രീകരിക്കുന്നത് നല്ലതല്ല. മോദി ചെയ്ത നല്ലകാര്യങ്ങളെ പ്രശംസിക്കണം. അല്ലെങ്കില്‍ വിമര്‍ശനത്തിന് വിശ്വാസ്യതയുണ്ടാവില്ലെന്ന തരൂരിന്റെ പ്രസ്താവനയാണ് വിവാദത്തിന് വഴിവച്ചത്.

തേജസ് ന്യൂസ് യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

തരൂരിന്റെ പ്രസ്താവനയെ തള്ളിപ്പറഞ്ഞ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവര്‍ രംഗത്തുവന്നിരുന്നു. തന്നോളം മോദിയെ വിമര്‍ശിച്ച മറ്റാരുമുണ്ടാവില്ലെന്നും പ്രസ്താവന തിരുത്തേണ്ട ഒരു കാര്യവുമില്ലെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്ള തരൂരിന്റെ മറുപടി. തന്നെ ആരും പഠിപ്പിക്കേണ്ടെന്നു പറഞ്ഞ് രമേശ് ചെന്നിത്തലയോട് തരൂര്‍ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. ഇതോടെ നടപടി ആവശ്യവുമായി കൂടുതല്‍ നേതാക്കള്‍ രംഗത്തെത്തി. തുടര്‍ന്നാണ് തരൂരിനോട് വിശദീകരണം ചോദിക്കാന്‍ കെപിസിസി തീരുമാനിച്ചത്.

ശശി തരൂരിനെതിരേ നടപടി ആവശ്യപ്പെട്ടു ടി എന്‍ പ്രതാപന്‍ എംപി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കു കത്തയച്ചിരിക്കുകയാണ്. ഫാസിസ്റ്റ് നേതാക്കളെ പുകഴ്ത്തുന്നത് ഫാസിസത്തിനെതിരേയുള്ള പോരാട്ടത്തിന്റെ വിശ്വാസ്യത തകര്‍ക്കുമെന്ന് പ്രതാപന്‍ കത്തില്‍ ചൂണ്ടിക്കാട്ടി. തരൂരിനെതിരേ ശക്തമായ വിമര്‍ശനവുമായി കെ മുരളീധരന്‍ എംപിയും രംഗത്തുവന്നു. മോദിയെ സ്തുതിച്ചുകൊണ്ട് അതിവേഗം മന്ത്രിയാവാമെന്ന് കോണ്‍ഗ്രസില്‍ ആരും കരുതരുതെന്നും കെപിസിസിയുടെ ചെലവില്‍ ആരും മോദിയെ സ്തുതിക്കേണ്ടെന്നുമായിരുന്നു മുരളീധരന്റെ പ്രതികരണം.

കോണ്‍ഗ്രസ് നാഥനില്ലാക്കളരിയായി മാറിയെന്ന തരൂരിന്റെ പ്രസ്താവന നേരത്തെ കോണ്‍ഗ്രസില്‍ വിവാദം ഉയര്‍ത്തിയതാണ്. രാഹുല്‍ഗാന്ധി പദവി ഒഴിഞ്ഞ ശേഷം അധ്യക്ഷസ്ഥാനം അനിശ്ചിതമായി ഒഴിച്ചിട്ട കോണ്‍ഗ്രസിന്റെ നിലപാടിനെതിരേയാണ് അന്ന് തരൂര്‍ രംഗത്തുവന്നത്. തരൂരിനെതിരേ നടപടി വേണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടര്‍ച്ചയായി പാര്‍ട്ടി നിലപാടുകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന തരൂരിനെതിരേ ഹൈക്കമാന്റ് എന്തുനടപടി സ്വീകരിക്കുമെന്നതാണ് നിര്‍ണായകം.

Next Story

RELATED STORIES

Share it