Kerala

കുപ്രചരണങ്ങള്‍കൊണ്ട് ഒരു സമൂഹത്തിന്റെ ഇച്ഛാശക്തിയെ ആര്‍എസ്എസ്സിന് തളര്‍ത്താന്‍ കഴിയില്ല: എസ് നിസാര്‍

അധികാരത്തിന്റെ തിണ്ണബലത്തില്‍ ഹിന്ദുത്വസര്‍ക്കാര്‍ അവരുടെ ഏജന്‍സികളെ ഉപകരണങ്ങളാക്കി രാജ്യത്തെ വിയോജിപ്പിന്റെ ശബ്ദങ്ങളെയും വിമര്‍ശനങ്ങളെയും അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നത്. നാടകങ്ങള്‍ രാജ്യത്തെമ്പാടും അരങ്ങേറുകയാണ്.

കുപ്രചരണങ്ങള്‍കൊണ്ട് ഒരു സമൂഹത്തിന്റെ ഇച്ഛാശക്തിയെ ആര്‍എസ്എസ്സിന് തളര്‍ത്താന്‍ കഴിയില്ല: എസ് നിസാര്‍
X

വിതുര (തിരുവനന്തപുരം): കെട്ടിച്ചമച്ച കഥകള്‍കൊണ്ടും കുപ്രചരണങ്ങള്‍കൊണ്ടും ഒരു സമൂഹത്തിന്റെ ഇച്ഛാശക്തിയെ ആര്‍എസ്എസ്സിന് തളര്‍ത്താനോ തടഞ്ഞുനിര്‍ത്താനോ കഴിയില്ലെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി എസ് നിസാര്‍. രാജ്യത്തിനുവേണ്ടി പോപുലര്‍ ഫ്രണ്ടിനൊപ്പം എന്ന മുദ്രാവാക്യത്തില്‍ പോപുലര്‍ ഫ്രണ്ട് സംഘടിപ്പിച്ച യൂനിറ്റി മാര്‍ച്ചിനോടനുബന്ധിച്ചുള്ള പൊതുസമ്മേളനം തിരുവനന്തപുരം വിതുരയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അധികാരത്തിന്റെ തിണ്ണബലത്തില്‍ ഹിന്ദുത്വസര്‍ക്കാര്‍ അവരുടെ ഏജന്‍സികളെ ഉപകരണങ്ങളാക്കി രാജ്യത്തെ വിയോജിപ്പിന്റെ ശബ്ദങ്ങളെയും വിമര്‍ശനങ്ങളെയും അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നത്.


നാടകങ്ങള്‍ രാജ്യത്തെമ്പാടും അരങ്ങേറുകയാണ്. അത്തരം നാടകങ്ങള്‍ക്കോ ഉയര്‍ന്നുപൊങ്ങുന്ന കുപ്രചരണങ്ങളുടെ കോലാഹലങ്ങള്‍ക്കോ ഈ ചുവടുകളെ തടഞ്ഞുനിര്‍ത്താനാവില്ല. ഇത് ഇന്ത്യന്‍ തെരുവുകളില്‍ കലാപഭീതിയില്‍ കഴിയുന്ന ഒരു സമൂഹത്തിന്റെ തേങ്ങലുകളില്‍നിന്ന് ഉയര്‍ന്നുവന്നൊരു പ്രസ്ഥാനമാണ്. പോപുലര്‍ ഫ്രണ്ടിനെതിരേ പല കഥകളും കെട്ടിച്ചമച്ചു. എന്‍ഐഎ ഉപയോഗിച്ച് ഒതുക്കാന്‍ ശ്രമിച്ചു. പിന്നെ 2018 മുതല്‍ ഇഡിയെ ഉപയോഗിച്ച് തകര്‍ക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇതുവരെയായും ഒരു തെളിവും കണ്ടെത്താന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. ഹാദിയ കേസില്‍ എന്‍ഐഎ സീല്‍വച്ച കവറില്‍ പല റിപോര്‍ട്ടുകളും കോടതിയില്‍ കൊടുത്തു. എന്നാല്‍, ഭീതിപരത്തിയതല്ലാതെ പോപുലര്‍ ഫ്രണ്ടിനെതിരേ ഒരു നടപടിയും സ്വീകരിക്കാന്‍ അവര്‍ക്കായില്ല. ഒടുവിലാണ് യുപി പോലിസ് രണ്ട് പ്രവര്‍ത്തകരെ അറസ്റ്റുചെയ്ത് തിരക്കഥ മെനയുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.


കള്ളക്കേസാണിത്. യുപി പോലിസിന്റെ നീക്കത്തെ ജനകീയമായും നിയമപരമായും ജനാധിപത്യപരമായും ചെറുക്കും. പൗരത്വ പ്രക്ഷോഭത്തിന്റെ പേരില്‍ യുപി സര്‍ക്കാര്‍ വേട്ടയാടിയപ്പോള്‍ ഇരകള്‍ക്ക് നിയമസഹായം നല്‍കിയതിന്റെ പ്രതികാരമാണ് ഇപ്പോള്‍ സംഘടനയ്‌ക്കെതിരേ നടക്കുന്നത്. രാജ്യത്തിന്റെ വിവിധ ജയിലില്‍ പൗരത്വപ്രക്ഷോഭത്തിന് ഇരയായി നരകയാതന അനുഭവിക്കുന്നവരില്‍ രണ്ടുപേരെക്കൂടി ഇരചേര്‍ത്തു. ജനാധിപത്യത്തെ ചവറ്റുകൊട്ടയിലാക്കാന്‍ ശ്രമിക്കുന്ന യോഗിയുടെ പോലിസാണ് യുപിയിലേത്. നിരോധനമെന്ന ഉമ്മാക്കി കാട്ടി പോപുലര്‍ ഫ്രണ്ടിനെ ഭയപ്പെടുത്താമെന്ന് കരുതേണ്ട.


സമൂഹത്തിന്റെ പരിച്ഛേദമാണിത്. അഭിനവ ഫറോവമാരുടെയും നംറൂദുമാരുടെയും ഒടുക്കം കാട്ടാതെ പിന്‍മാറില്ല. അന്ന് അനീതിയുടെ ഹിന്ദുത്വസൗദങ്ങള്‍ തകര്‍ന്നുവീഴും. ആര്‍എസ്എസ് ഉയര്‍ത്തിപ്പിടിക്കുന്നത് ഹിന്ദുത്വ പ്രത്യയശാസ്ത്രമാണ്. വിധ്വംസകരാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്രമാണ്. അത് ഈ രാജ്യത്തിന്റെ എല്ലാ സവിശേഷമായ എല്ലാ ഗുണങ്ങളെയും നിഷേധിച്ചുകൊണ്ടാണ് മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നത്. ആര്‍എസ്എസ് ദേശവിരുദ്ധമാണെന്നും ജനവിരുദ്ധമാണെന്നും എന്ന മുദ്രാവാക്യം മാത്രമല്ല, പോപുലര്‍ ഫ്രണ്ട് മുന്നോട്ടുവയ്ക്കുന്നത്.

രാജ്യത്തിന്റെ ചരിത്രം സാക്ഷിയാണ്. ഇന്ത്യയെന്ന വിശാലമായ സങ്കല്‍പ്പം മുന്നോട്ടുവയ്ക്കുന്ന ജനാധിപത്യ ഇടങ്ങളെയും അംഗീകരിക്കുന്നില്ല. ജനാധിപത്യത്തെ തകിടംമറിച്ചുകൊണ്ട് ഹിന്ദുത്വത്തെ പകരംവയ്ക്കാനാണ് ശ്രമങ്ങളാണ് നടത്തുന്നത്. എന്നാല്‍, ഇന്ന് ഫാഷിസത്തിനെതിരേ രാജ്യത്ത് ജനകീയ മുന്നേറ്റം രൂപപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it