Kerala

'ലൗ ജിഹാദ്' ആരോപണത്തിന് പിന്നില്‍ രാഷ്ട്രീയ താല്‍പര്യം: യൂഹാനോന്‍ മാര്‍ മിലിത്തിയോസ്

ആദ്യം സമൂഹത്തെ ഭിന്നിപ്പിക്കാനുതകുന്ന ഒരുപേര് കണ്ടെത്തുകയും പിന്നീട് അതിന്റെ സങ്കുചിതത്വങ്ങളിലേക്ക് പ്രചാരണങ്ങളെ തളച്ചിടുകയുമാണ് ചിലര്‍ ചെയ്യുന്നത്. അതുതന്നെയാണ് 'ലൗ ജിഹാദ്' വിവാദത്തിലും അരങ്ങേറുന്നത്. സമൂഹത്തെ വിഭജിച്ച് രാഷ്ട്രീയ നേട്ടം കൊയ്യുകയാണ് ഇവരുടെ ലക്ഷ്യം.

ലൗ ജിഹാദ് ആരോപണത്തിന് പിന്നില്‍ രാഷ്ട്രീയ താല്‍പര്യം: യൂഹാനോന്‍ മാര്‍ മിലിത്തിയോസ്
X

പി സി അബ്ദുല്ല

കോഴിക്കോട്: കേരളത്തില്‍ പ്രണയത്തിന്റെ മറവില്‍ ഇതരമതസ്ഥരായ പെണ്‍കുട്ടികളെ ആസൂത്രിതമായി ഇസ്‌ലാമിലേക്ക് മതം മാറ്റുന്നുവെന്ന പ്രചാരണം അടിസ്ഥാന രഹിതവും അസംബന്ധവുമാണെന്ന് ഓര്‍ത്തഡോക്‌സ് സഭ തൂശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ്. 'ലൗജിഹാദി'നെതിരേ കേരളത്തില്‍ നിയമം കൊണ്ടുവരുമെന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ പ്രഖ്യാപനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയനേട്ടങ്ങള്‍ക്കായി ചിലര്‍ നിര്‍മിച്ച പേരാണ് 'ലൗ ജിഹാദ്' എന്ന് ഏഷ്യാനെറ്റ് ചാനല്‍ ചര്‍ച്ചയില്‍ മാര്‍ മിലിത്തിയോസ് വ്യക്തമാക്കി. ആദ്യം സമൂഹത്തെ ഭിന്നിപ്പിക്കാനുതകുന്ന ഒരുപേര് കണ്ടെത്തുകയും പിന്നീട് അതിന്റെ സങ്കുചിതത്വങ്ങളിലേക്ക് പ്രചാരണങ്ങളെ തളച്ചിടുകയുമാണ് ചിലര്‍ ചെയ്യുന്നത്. അതുതന്നെയാണ് 'ലൗ ജിഹാദ്' വിവാദത്തിലും അരങ്ങേറുന്നത്. സമൂഹത്തെ വിഭജിച്ച് രാഷ്ട്രീയ നേട്ടം കൊയ്യുകയാണ് ഇവരുടെ ലക്ഷ്യം.

ചില സ്ഥാപിത താല്‍പര്യങ്ങളുടെ പേരില്‍ ചിലര്‍ അധികാര കേന്ദ്രങ്ങളോട് ചേര്‍ന്ന് ഇത്തരം പ്രചാരണങ്ങളുടെ ഭാഗമാവുന്നത് സമൂഹത്തില്‍ വലിയ അപകടം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ചിലരുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് സഭകള്‍ വഴിപ്പെട്ടാല്‍ യൂറോപ്പില്‍ സംഭവിച്ചതുപോലെ ഇന്ത്യയിലും സംഭകള്‍ ഇല്ലാതാവുമെന്നും യൂഹാനോന്‍ മാര്‍ മിലിത്തിയോസ് പറഞ്ഞു. നേരത്തെ ഓര്‍ത്തഡോക്‌സ് സഭ ബിജെപിക്കൊപ്പമെന്ന പ്രചാരണമുയര്‍ന്ന ഘട്ടത്തില്‍ 'അരുത് കാട്ടാളാ' എന്ന് ഓര്‍മിപ്പിച്ചുകൊണ്ട് യൂഹാനോന്‍ മാര്‍ മിലിത്തിയോസ് ഫേസ്ബുക്ക് കുറിപ്പിലൂടെ രംഗത്തുവന്നിരുന്നു.

ഹിറ്റ്‌ലറുടെ നയമാണ് ബിജെപിയുടേതെന്ന് ഉറച്ച ബോധ്യമുണ്ടെന്നാണ് അന്ന് അദ്ദേഹം വ്യക്തമാക്കിയത്. ഒഡീഷയില്‍ 50,000 ക്രിസ്ത്യാനികളുടെ വീടുകള്‍ അഗ്‌നിക്കിരയാക്കി വനങ്ങളിലേക്ക് ഓടിച്ചതും നിരവധിയാളുകളെ കൊന്നതും വൈദികരെയുംകന്യാസ്ത്രീകളെയും നഗ്‌നരാക്കി തെരുവിലൂടെ നടത്തിയതുമെല്ലാം മെത്രാപോലീത്താ ഓര്‍മിപ്പിച്ചിരുന്നു. അവരുടെ തലവന്‍ അടുത്ത സമയത്തും ഈ രീതി തുടരണമെന്നാണ് പറയുന്നത്.

താല്‍ക്കാലിക നേട്ടത്തിനുവേണ്ടി സ്വീകരിക്കുന്ന മാര്‍ഗം പിഴച്ചാല്‍ അപകടമാണ്. വിശ്വാസികള്‍ അവരുടെ ഇംഗിതം പോലെ വോട്ടുചെയ്യട്ടെ. ഒരുനുകത്തില്‍നിന്ന് രക്ഷനേടാന്‍ മറ്റൊരു നുകം ചുമലില്‍ ഏറ്റാതിരിക്കാമെന്ന വട്ടശ്ശേരില്‍ തിരുമേനിയുടെ വാക്കുകള്‍ ഓര്‍മിപ്പിച്ചുകൊണ്ടാണ് മാര്‍ മിലിത്തിയോസ് 2019 ഒക്ടോബറില്‍ തന്റെ ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിച്ചത്.

Next Story

RELATED STORIES

Share it