Kerala

മയ്യിത്ത് പരിപാലനകേന്ദ്രത്തിനെതിരേയും രാഷ്ട്രീയ വൈരം

മയ്യിത്ത് പരിപാലനകേന്ദ്രത്തിനെതിരേയും രാഷ്ട്രീയ വൈരം
X

പരപ്പനങ്ങാടി: രാഷ്ട്രീയ വൈരത്തിന്റെ പേരില്‍ മയ്യിത്ത് പരിപാലന കേന്ദ്രത്തെ തകര്‍ക്കാനുള്ള നീക്കത്തില്‍ പ്രതിഷേധം വ്യാപകമായി. പരപ്പനങ്ങാടി ചെമ്മാട് റോഡില്‍ സ്ഥിതി ചെയ്യുന്ന അറബിക് കോളജിന്റെ കീഴിലുള്ള മസ്ജിദില്‍ കാലങ്ങളായി പ്രവര്‍ത്തിക്കുന്ന മയ്യിത്ത് പരിപാലനകേന്ദ്രത്തിനെതിരേയാണ് രാഷ്ട്രീയ കിടമല്‍സരത്തിന്റെ പേരില്‍ നീക്കം നടക്കുന്നത്. പ്രാദേശിക സിപിഎം നേതാവ് പരപ്പനങ്ങാടി അറ്റത്തങ്ങാടിയിലെ നച്ചിക്കാട്ട് റഫീഖാണ് കഴിഞ്ഞദിവസം കേന്ദ്രത്തിനെതിരേ പോലിസില്‍ പരാതി നല്‍കിയത്. ഇതെത്തുടര്‍ന്ന് കേസെടുത്ത പോലിസ് കേന്ദ്രത്തിലെ പ്രവര്‍ത്തനത്തിനെതിരേ രംഗത്തുവന്നതോടെയാണ് ഏറെ പാവപ്പെട്ടവര്‍ക്ക് ആശ്വാസമായിരുന്ന കേന്ദ്രത്തെ ഇല്ലായ്മ ചെയ്യാനുള്ള നടപടിക്ക് വഴിവച്ചത്.


വീടില്ലാത്തവര്‍ക്കും സൗകര്യങ്ങളില്ലാത്തവര്‍ക്കും മറ്റും ബന്ധുക്കളുടെ മൃതദേഹങ്ങള്‍ പരിപാലിക്കാന്‍ ഈ കേന്ദ്രം ഏറെ സഹായമായിരുന്നു. കൊവിഡ് പോസിറ്റീവായി ചികില്‍സയിലിരിക്കെ മരിച്ചവര്‍ നെഗറ്റീവായി വരുന്ന അവസ്ഥയില്‍ ബന്ധുക്കള്‍ പോലും മാറിനില്‍ക്കുന്ന വേളയില്‍ ആശ്വാസകേന്ദ്രമായിരുന്നു ഈ മസ്ജിദും പരിപാലനകേന്ദ്രവും. ഇതിനെതിരേ തിരിയാനും വിവാദം സൃഷ്ടിക്കാനുള്ള കാരണം ചില രാഷ്ട്രീ നേതാക്കളുടെ കിടമല്‍സരമാണന്ന് പറയപ്പെടുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് മരണപ്പെട്ട പുത്തന്‍പീടികയിലെ മതപണ്ഡിതന്റെ അന്ത്യകര്‍മങ്ങള്‍ക്ക് നേതൃത്വം കൊടുത്ത ട്രോമാ കെയര്‍ വളന്റിയറും കൗണ്‍സിലറുമായ വ്യക്തിയോട് പരിപാലനത്തിന് ശേഷം പ്രതിപക്ഷ കൗണ്‍സിലര്‍ ക്വാറന്റൈനില്‍ പോവാന്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് വാക്കുതര്‍ക്കമുണ്ടായത്രെ.

ഇതിന് ശേഷം മലപ്പുറം ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കുകയും പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയോട് കലക്ടര്‍ കാരണം കാണിക്കല്‍ ആവശ്യപ്പെടുകയും ചെയ്തതാണ് പ്രശ്‌നങ്ങളുടെ തുടക്കം. ട്രോമാ കെയര്‍ വളന്റിയറുടെ കൂടെ ലീഗിന്റെ ചില കൗണ്‍സിലര്‍മാര്‍ തങ്ങളും ഇതിന്റെ ഭാഗമായെന്ന മുതലെടുപ്പ് രാഷ്ട്രീയം ചിലരെ ചൊടിപ്പിച്ചതോടെയാണ് പരിപാലനകേന്ദ്രത്തിനെതിരേ പരാതിയുമായി വരുന്നത്. മാത്രമല്ല, കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി ആംബുലന്‍സ് സിഐടിയു യൂനിറ്റ് ഭാരവാഹികളുടെ ഭാഗത്തുനിന്നും ചില നീക്കങ്ങള്‍ ഈ കേന്ദ്രത്തിനെതിരേ നടന്നു. മരണങ്ങളും മറ്റും നടക്കുമ്പോള്‍ സൗജന്യമായും ചെലവ് കുറച്ചും മെഡിക്കല്‍ കോളജില്‍നിന്ന് മൃതദേഹങ്ങള്‍ കൊണ്ടുവരാന്‍ സന്നദ്ധസംഘടനകളുടെ ആംബുലന്‍സുകള്‍ രംഗത്തുവന്നതോടെ ഓട്ടം കുറഞ്ഞതാണത്രെ യൂനിയന്‍ ഇതിനെതിരേ തിരിയാന്‍ കാരണമായത്.

പോലിസില്‍ നല്‍കിയ പരാതിയോടെ ബന്ധപ്പെട്ട പലരെയും മൊഴിയെടുക്കാന്‍ പെരുന്നാള്‍ ദിനത്തില്‍തന്നെ പരപ്പനങ്ങാടി പോലിസ് വിളിപ്പിച്ചതും പ്രതിഷേധത്തിന് വഴിവച്ചു. കൊവിഡ് മരണ-പരിപാലനങ്ങള്‍ക്ക് ഏറെ സഹായകമായി പ്രവര്‍ത്തിക്കുന്ന മുസ്‌ലിം ലീഗ്, എസ്ഡിപിഐ, പോപുലര്‍ ഫ്രണ്ട്, എപി, ഇകെ സമസ്ത വിഭാഗങ്ങള്‍ തുടങ്ങിയ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം തങ്ങളുടെ പ്രവര്‍ത്തകരെ സജ്ജമാക്കാന്‍ കഴിയാത്ത ജാള്യമാണ് പരാതിക്കു പിന്നിലെന്നും മയ്യിത്ത് പരിപാലന കേന്ദ്രത്തിനെതിരേ എതിര്‍പ്പുകളുമായി രംഗത്തുവരാനുള്ള സാഹചര്യമെന്നും പറയപ്പെടുന്നു. മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിന് പകരം രാഷ്ട്രീയകിടമല്‍സരമാക്കി സാമൂഹിക പ്രവര്‍ത്തനങ്ങളെ മാറ്റരുതെന്നാണ് സോഷ്യല്‍ മീഡിയ പ്രതിഷേധങ്ങളിലൂടെ ഉയരുന്ന അഭിപ്രായം.

Next Story

RELATED STORIES

Share it