Kerala

എറണാകുളം വെട്ടിത്തറ പള്ളി ഏറ്റെടുക്കാന്‍ പോലിസ്; പ്രതിഷേധവുമായി യാക്കോബായ വിഭാഗം, സംഘര്‍ഷം

കഴിഞ്ഞ ദിവസം ജില്ലാ കോടതി 14 ന് മുമ്പ് പള്ളി ആര്‍ഡിഒ ഏറ്റെടുക്കണമെന്ന് വിധിച്ചിരുന്നു. ഇതിനിടെ യാക്കോബായ വിഭാഗം ഹൈക്കോടതിയില്‍ നല്‍കിയിരിക്കുന്ന കേസ് ഇന്ന് പരിഗണിക്കുന്നുണ്ട്. ഇതിന്റെ വിധിയെന്താണെന്ന് അറിഞ്ഞശേഷം നടപടി സ്വീകരിക്കാന്‍ തയ്യാറെടുക്കുകയാണ് പോലിസ് സംഘം.

എറണാകുളം വെട്ടിത്തറ പള്ളി ഏറ്റെടുക്കാന്‍ പോലിസ്; പ്രതിഷേധവുമായി യാക്കോബായ വിഭാഗം, സംഘര്‍ഷം
X

കൊച്ചി: സഭാ തര്‍ക്കം നിലനില്‍ക്കുന്ന രാമമംഗലം വെട്ടിത്തറ മാര്‍ മിഖായേല്‍ പള്ളിയില്‍ സംഘര്‍ഷാവസ്ഥ. പള്ളി പൂട്ടി ഏറ്റെടുക്കണമെന്ന ജില്ലാ കോടതിയുടെ വിധി നടപ്പാക്കുന്നതിന് പോലിസ് ചൊവ്വാഴ്ച പുലര്‍ച്ചെയെത്തിയപ്പോഴാണ് പ്രശ്‌നങ്ങളുണ്ടായത്. പള്ളി ഉള്ളില്‍ നിന്നും പൂട്ടി, അകത്ത് യാക്കോബായ വിശ്വാസികള്‍ പ്രാര്‍ഥന നടത്തിക്കൊണ്ടിരിക്കുകയാണ്. പോലിസ് പുലര്‍ച്ചെയെത്തിയപ്പോള്‍ പള്ളിയുടെ ഗെയ്റ്റും പൂട്ടിയിട്ട നിലയിലായിരുന്നു. പിന്നീട് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി താഴ് അറുത്തുമാറ്റിയാണ് പള്ളി മുറ്റത്ത് പ്രവേശിച്ചത്.

സംഭവമറിഞ്ഞ് പുറത്തുനിന്നും യാക്കോബായ വിശ്വാസികള്‍ പള്ളിയിലേക്ക് എത്തുന്നുണ്ടെങ്കിലും പോലിസ് ഇവരെ തടഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ദിവസം ജില്ലാ കോടതി 14 ന് മുമ്പ് പള്ളി ആര്‍ഡിഒ ഏറ്റെടുക്കണമെന്ന് വിധിച്ചിരുന്നു. ഇതിനിടെ യാക്കോബായ വിഭാഗം ഹൈക്കോടതിയില്‍ നല്‍കിയിരിക്കുന്ന കേസ് ഇന്ന് പരിഗണിക്കുന്നുണ്ട്. ഇതിന്റെ വിധിയെന്താണെന്ന് അറിഞ്ഞശേഷം നടപടി സ്വീകരിക്കാന്‍ തയ്യാറെടുക്കുകയാണ് പോലിസ് സംഘം. ഹൈക്കോടതി തീരുമാനം വരുന്നതുവരെ പോലിസ് നടപടിയുണ്ടാവരുതെന്ന് യാക്കോബായ വിഭാഗവും ആവശ്യപ്പെടുന്നുണ്ട്.

സുപ്രിംകോടതി ഉത്തരവ് അനുസരിച്ച് ഓര്‍ത്തഡോക്‌സ് വിഭാഗം പലതവണ പള്ളിക്കുള്ളില്‍ കയറാന്‍ ശ്രമിച്ചിരുന്നുവെങ്കിലും യാക്കോബായ വിഭാഗത്തിന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് നടന്നിരുന്നില്ല. തുടര്‍ന്നാണ് ഓര്‍ത്തഡോക്‌സ് വിഭാഗം എറണാകുളം ജില്ലാ കോടതിയെ സമീപിച്ചത്. പള്ളിയുടെ താക്കോല്‍ ഏറ്റെടുത്ത് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് കൈമാറണമെന്ന് കോടതി, രാമമംഗലം എസ്എച്ച്ഒയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇന്നുതന്നെ പള്ളിപൂട്ടി താക്കോല്‍ കോടതിക്ക് കൈമാറണമെന്ന ഉറച്ചനിലപാടിലാണ് പോലിസ് സംഘം.

Next Story

RELATED STORIES

Share it