Kerala

പോലിസ് സ്‌റ്റേഷനുനേരെ കല്ലേറ്: പ്രതികളെ തേടി പോലിസ് സിപിഎം ജില്ലാകമ്മിറ്റി ഓഫീസിലെത്തി

കഴിഞ്ഞരാത്രി 11.30ഓടെ ഡിസിപി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് മേട്ടുക്കട ജങ്ഷനിലുള്ള ഓഫിസില്‍ പരിശോധന നടത്തിയത്. എന്നാല്‍ ആരെയും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഓഫീസ് സെക്രട്ടറി അടക്കം കുറച്ചുപേര്‍ മാത്രമേ ഓഫീസിലുണ്ടായിരുന്നുള്ളു.

പോലിസ് സ്‌റ്റേഷനുനേരെ കല്ലേറ്: പ്രതികളെ തേടി പോലിസ് സിപിഎം ജില്ലാകമ്മിറ്റി ഓഫീസിലെത്തി
X

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് പോലിസ് സ്റ്റേഷനു നേരെ കല്ലെറിഞ്ഞ കേസില്‍ ഒളിവിലുള്ള ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കായി പോലിസ് സിപിഎം ജില്ലാക്കമ്മിറ്റി ഓഫീസില്‍ പരിശോധന നടത്തി. കഴിഞ്ഞരാത്രി 11.30ഓടെ ഡിസിപി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് മേട്ടുക്കട ജങ്ഷനിലുള്ള ഓഫിസില്‍ പരിശോധന നടത്തിയത്. എന്നാല്‍ ആരെയും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഓഫീസ് സെക്രട്ടറി അടക്കം കുറച്ചുപേര്‍ മാത്രമേ ഓഫീസിലുണ്ടായിരുന്നുള്ളു. ഇവരില്‍ നിന്നും വിവരങ്ങള്‍ ചോദിച്ചശേഷം മുറികള്‍ പരിശോധിച്ചു. പ്രതിപ്പട്ടികയിലുള്ളവരുടെ വീടുകളില്‍ നിന്നും ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

കഴിഞ്ഞ ചൊവ്വാഴ്ച പോക്സോ കേസില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ രണ്ടുപേരെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് മെഡിക്കല്‍ കോളജ് പോലിസ് സ്റ്റേഷന് നേരെ കല്ലേറുണ്ടായത്. കല്ലേറ് നടത്തിയ 26 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ പോലിസ് കേസെടുത്തിരുന്നു. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറുകയും അശ്ലീല ആംഗ്യങ്ങള്‍ കാട്ടിയെന്നുമുള്ള പരാതിയിലാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ അണമുഖം ഈറോഡ് സ്വദേശികളായ രാജീവ് (24), ശ്രീദേവ് (21) എന്നിവരെ അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് റിമാന്റ് ചെയ്തിരുന്നു.

ഇവരെ പിടികൂടിയതറിഞ്ഞ് വഞ്ചിയൂരുള്ള ഡിവൈഎഫ്‌ഐ നേതാവിന്റെ നേതൃത്വത്തില്‍ പോലിസ് സ്റ്റേഷനിലേക്ക് സംഘടിച്ചെത്തിയ പ്രവര്‍ത്തകര്‍ എസ്‌ഐയെ കാണണമെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലിസുകാരോട് ആവശ്യപ്പെട്ടു. ഈസമയം എസ്‌ഐയുടെ മുറിയില്‍ വേറെ പരാതിക്കാരുണ്ടായിരുന്നു. അവര്‍ പോയശേഷം കാണാമെന്ന് പോലിസുകാര്‍ പറഞ്ഞെങ്കിലും ക്ഷുഭിതരായ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് സ്റ്റേഷന് പുറത്തിറങ്ങി ജനാലയ്ക്ക് നേരെ കല്ലേറ് നടത്തിയെന്ന് പോലിസ് പറയുന്നു. കല്ലേറിയില്‍ ജനാലയുടെ ചില്ലുകള്‍ തകര്‍ന്നു. ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവിന്റെ നേതൃത്വത്തിലാണ് ആക്രമണം നടത്തിയതെന്നും പോലിസ് പറഞ്ഞു. കല്ലേറിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ടെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും സിഐ അറിയിച്ചു.

Next Story

RELATED STORIES

Share it