Kerala

മാര്‍ ജോര്‍ജ് ആലഞ്ചേരിയെ അഴിമതിക്കാരനാക്കി അപമാനിക്കാന്‍ ശ്രമിച്ചുവെന്ന്; മുന്‍ സഭാ വക്താവ് ഫാ.പോള്‍ തേലക്കാട്ടിനെതിരെ കേസ്

സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ പേരില്‍ വ്യാജ ബാങ്ക് സ്റ്റേറ്റുമെന്റുകള്‍ മെത്രാന്‍ സിനഡില്‍ സമര്‍പ്പിച്ച് അദ്ദേഹത്തെ അഴിമതിക്കാരനായി അപമാനിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയിലാണ് തൃക്കാക്കര പോലീസ് ഫാ.പോള്‍ തേലക്കാട്ടിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്

മാര്‍ ജോര്‍ജ് ആലഞ്ചേരിയെ അഴിമതിക്കാരനാക്കി അപമാനിക്കാന്‍ ശ്രമിച്ചുവെന്ന്; മുന്‍ സഭാ വക്താവ് ഫാ.പോള്‍ തേലക്കാട്ടിനെതിരെ കേസ്
X

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭുമിയിടപാട് വിവാദമായതിനു പിന്നാലെ സീറോ മലബാര്‍ സഭയില്‍ വീണ്ടും വിവാദം.മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരിയെ അഴിമതിക്കാരനാക്കി അപമാനിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് നല്‍കിയ പരാതിയില്‍ സീറോ മലബാര്‍സഭ മുന്‍ വക്താവ് ഫാ.പോള്‍ തേലക്കാട്ടിനെതിരെ പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.സീറോ മലബാര്‍സഭ മേജര്‍ ആര്‍ച്ചു ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ പേരില്‍ വ്യാജ ബാങ്ക് സ്റ്റേറ്റുമെന്റുകള്‍ മെത്രാന്‍ സിനഡില്‍ സമര്‍പ്പിച്ച് മാര്‍ ജോര്‍ജ് ആലഞ്ചേരിയെ അഴിമതിക്കാരനായി അപമാനിക്കാന്‍ ശ്രമിച്ചുവെന്ന കേസിലാണ് തൃക്കാക്കര പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജോബി മാപ്രക്കാവലാണ് പരാതിക്കാരന്‍.കഴിഞ്ഞ ജനുവരി ഏഴു മുതല്‍ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന സിനഡിലാണ് സീറോ മലബാര്‍ സഭയുടെ ഉന്നതാധികാരി കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ പേരിലുള്ള വ്യാജ ബാങ്ക് സ്‌റ്റേറ്റുമെന്റുകള്‍ സമര്‍പ്പിച്ചതെന്ന് പോലിസ് രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആറില്‍ വ്യക്തമാക്കുന്നു.

എറണാകുളം സെന്‍ട്രല്‍ പോലിസ് സ്റ്റേഷനില്‍ നിന്നും തൃക്കാക്കര പോലിസിലേക്ക് കേസ് കൈമാറുകയായിരുന്നുവെന്ന് തൃക്കാക്കര എസ് ഐ മനീഷ് പറഞ്ഞു.മെത്രാന്‍ സിനഡ് നടന്ന കാക്കനാട് സെന്റ് തോമസ് മൗണ്ട് തൃക്കാക്കര പോലിസിന്റെ പരിധിയിലായതിനാലാണ് കേസ് ഇവിടേയ്ക്ക് കൈമാറിയതെന്നും എസ് ഐ പറഞ്ഞു.ഏതാനും ദിവസം മുന്‍പാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും എസ് ഐ മനീഷ് പറഞ്ഞു.എന്നാല്‍ കേസുമായി ബന്ധപ്പെട്ട് തനിക്ക് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്ന് ഫാ.പോള്‍ തേലക്കാട്ട് പറഞ്ഞു. ഫാ.പോള്‍ തേലക്കാട്ടിനെതിരെ കെട്ടിച്ചമച്ച കേസാണിതെന്ന് എറണാകൂളം-അങ്കമാലി അതിരൂപതയിലെ വിശ്വാസികള്‍ ചേര്‍ന്ന് രൂപീകരിച്ച് ആര്‍ച് ഡയോഷ്യന്‍ മൂവ്‌മെന്റ് ഫോര്‍ ട്രാന്‍സ്പരന്‍സി (എഎംടി)നേതാക്കള്‍ പറഞ്ഞു. ഫാ.പോള്‍ തേലക്കാടിന് ലഭിച്ച രേഖകളുടെ സത്യാവസ്ഥ പരിശോധിക്കാനാണ് അദ്ദേഹം അത് സിനഡിന് കൈമാറിയതെന്നും സിനഡ് അത് പരിശോധിച്ചോ ചര്‍ച്ച ചെയ്‌തോയെന്നു പോലും ഫാ.പോള്‍ തേലക്കാട്ടിന് അറിയില്ല.സിനഡ് കഴിഞ്ഞ് രണ്ടു മൂന്ന് മാസം പിന്നിട്ടുകഴിഞ്ഞപ്പോള്‍ ഇത്തരത്തിലുളള പരാതി നല്‍കിയത് ഫാ. പോള്‍ തേലക്കാട്ടിനെ സമൂഹ മധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്താനുളള ഗൂഡലക്ഷ്യത്തിന്റെ ഭാഗമാണിതെന്നും എഎംടി നേതാക്കള്‍ പറഞ്ഞു. ലഭിച്ച രേഖകള്‍ ഒരു വിധത്തിലും ഫാ. പോള്‍ തേലക്കാട്ടില്‍ പരസ്യപ്പെടുത്തുകയോ മാധ്യമങ്ങള്‍ക്ക് നല്‍കുകയോ ചെയ്തിട്ടില്ലെന്നും എഎംടി നേതാക്കള്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it