Kerala

പ്ലസ് വണ്‍ പ്രവേശനം: സഹായിക്കാനായി ഫോക്കസ് പോയിന്റ് റെഡി

പ്ലസ് വണ്ണിന് ഏത് കോഴ്സ് തിരഞ്ഞെടുക്കണം, എങ്ങനെ അപേക്ഷിക്കാം തുടങ്ങിയ ആശങ്കകള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ നിന്ന് ഇല്ലാതാക്കാനാണ് ഇങ്ങനെയൊരു പരിപാടി ഒരുക്കുന്നത്.

പ്ലസ് വണ്‍ പ്രവേശനം: സഹായിക്കാനായി ഫോക്കസ് പോയിന്റ് റെഡി
X

തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികൾക്കും രക്ഷാകര്‍ത്താക്കള്‍ക്കും ആവശ്യമായ വിവരങ്ങള്‍ ലഭ്യമാക്കുന്ന സഹായകേന്ദ്രമായ ഫോക്കസ് പോയിന്റുകള്‍ സംസ്ഥാന വ്യാപകമായി പ്രവര്‍ത്തനം ആരംഭിച്ചു.

പ്ലസ് വണ്‍ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കും അവരുടെ രക്ഷാകര്‍ത്താക്കള്‍ക്കും വിവിധ സബ്ജക്ട് കോമ്പിനേഷനുകള്‍ പരിചയപ്പെടുത്തുന്നതിനും ഓരോ വിഷയത്തിന്റെയും ഉപരിപഠന -തൊഴില്‍ സാധ്യതകളെക്കുറിച്ച് വിവരം നല്‍കുന്നതിനും വിദഗ്ധരായ അധ്യാപകരുടെ സേവനം ഫോക്കസ് പോയിന്റുകളില്‍ ഉറപ്പാക്കിയിട്ടുണ്ട്. പൊതു അവധി ദിനങ്ങളില്‍ ഒഴികെ രാവിലെ 9.30 മുതല്‍ വൈകിട്ട് 4.30വരെ രക്ഷാകര്‍ത്താക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഫോക്കസ് പോയിന്റുകളില്‍നിന്നു സേവനം ലഭ്യമാകും.

ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റിലെ കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസെന്റ് കൗണ്‍സലിങ് സെല്‍ ആണ് ഫോക്കസ് പോയിന്റുകള്‍ സംഘടിപ്പിക്കുന്നത്. പ്ലസ് വണ്ണിന് ഏത് കോഴ്സ് തിരഞ്ഞെടുക്കണം, എങ്ങനെ അപേക്ഷിക്കാം തുടങ്ങിയ ആശങ്കകള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ നിന്ന് ഇല്ലാതാക്കാനാണ് ഇങ്ങനെയൊരു പരിപാടി ഒരുക്കുന്നത്. വിദ്യാര്‍ഥികളുടെ താല്‍പര്യങ്ങളും ആഗ്രഹങ്ങളും മനസിലാക്കി അവര്‍ക്ക് അനുയോജ്യമായ വിഷയം തിരഞ്ഞെടുക്കാന്‍ സഹായിക്കുന്നതിനും ഏകജാലക സംവിധാനത്തെക്കുറിച്ച് കുട്ടികളില്‍ അവബോധം സൃഷ്ടിക്കുന്നതിനുമാണ് ഫോക്കസ് പോയിന്റ് എന്ന പേരില്‍ ആറ് ദിവസം നീണ്ട് നില്‍ക്കുന്ന ഹെല്‍പ് ഡസ്‌ക്ക് ആരംഭിച്ചിരിക്കുന്നത്.

പരിശീലനം ലഭിച്ച രണ്ട് വീതം കരിയര്‍ ഗൈഡുമാരുടെ സേവനം ഇവിടങ്ങളില്‍ ലഭിക്കും. വിദ്യാര്‍ഥികള്‍ക്ക് ഗ്രൂപ്പായും അല്ലാതെയും ബന്ധപ്പെട്ട വിഷയങ്ങളില്‍ ക്ലാസുകള്‍ നല്‍കും. വിദ്യാര്‍ഥികള്‍ക്ക് അനുയോജ്യമായ വിഷയങ്ങള്‍ തിരഞ്ഞെടുക്കുന്നതിന് സഹായിക്കുക, ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ചെയ്യുമ്പോഴുണ്ടാകുന്ന തെറ്റുകള്‍ ഇല്ലാതാക്കുക തുടങ്ങിയവയാണ് ഹെല്‍പ് ഡെസ്‌കിന്റെ പ്രവര്‍ത്തനത്തിലൂടെ ലക്ഷ്യമിടുന്നത്.

Next Story

RELATED STORIES

Share it