Kerala

ജോസ് കെ മാണി യുഡിഎഫിന് പുറത്തേക്ക്; കുട്ടനാട് സീറ്റ് പി ജെ ജോസഫിന് നല്‍കാന്‍ ധാരണ

ജോസ് കെ മാണി വിശ്വാസ വഞ്ചന കാണിച്ചെന്നും അച്ചടക്കം മുന്നണി സംവിധാനത്തിന് അനിവാര്യമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ജോസ് കെ മാണി യുഡിഎഫിന് പുറത്തേക്ക്; കുട്ടനാട് സീറ്റ് പി ജെ ജോസഫിന് നല്‍കാന്‍  ധാരണ
X

തിരുവനന്തപുരം: കുട്ടനാട് സീറ്റ് കേരളാ കോൺഗ്രസ്(എം) പി ജെ ജോസഫ് വിഭാഗത്തിന് നല്‍കാന്‍ യുഡിഎഫ് യോഗത്തില്‍ ധാരണ. ഇവിടെ ജേക്കബ് ഏബ്രഹാം മത്സരിക്കുമെന്ന് പി ജെ ജോസഫ് പറഞ്ഞു. ഇക്കാര്യത്തില്‍ ഔദ്യോഗിക തീരുമാനം പിന്നാലെ വരുമെന്നും ജോസഫ് പറഞ്ഞു. എന്നാല്‍ ജോസ് കെ മാണിയുടെ കാര്യത്തില്‍ പുനപരിശോധന ഇല്ല. ജോസ് കെ മാണി ഇടതുപക്ഷത്തേക്ക് കൂടുമാറിയെന്ന വിലയിരുത്തലില്‍ ജോസിനോട് സമവായം വേണ്ടെന്നാണ് തീരുമാനം.

അതേസമയം യുഡിഎഫില്‍ നിന്നും ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കിയിട്ടില്ല. സ്വമേധയാ ജോസ് വിഭാഗം പോകട്ടെയെന്ന നിലപാടാണ് യുഡിഎഫ് യോഗം എടുത്തിരിക്കുന്നത്. കഴിഞ്ഞ തവണയും കുട്ടനാട്ടില്‍ ജേക്കബ് ഏബ്രഹാം മത്സരിച്ചിരുന്നു. യുഡിഎഫ് യോഗത്തിന് ശേഷം വൈകിട്ട് രാമങ്കരിയില്‍ പി ജെ ജോസഫ് നേതൃയോഗം വിളിച്ചിട്ടുണ്ട്. സ്ഥാനാര്‍ത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ച് ഉപതിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലേക്ക് കടക്കാനാണ് തീരുമാനം. അതേസമയം ജോസ് കെ മാണിയുമായി അടുക്കുന്ന ഇടതുപക്ഷം, പിജെ ജോസഫ് വിഭാഗത്തിനേക്കാള്‍ ആള്‍ക്കാര്‍ കൂടുതല്‍ ജോസ് കെ മാണിക്കൊപ്പമാണെന്നാണ് വിലയിരുത്തുന്നത്.

ഈ സാഹചര്യത്തിൽ ജോസ് കെ മാണി വിഭാഗവുമായി കൂടുതൽ ചര്‍ച്ചകളുടെ ആവശ്യമില്ലെന്നാണ് യുഡിഎഫ് യോഗത്തിന്‍റെ പൊതുനയം. ജോസ് വിഭാഗത്തെ ഇന്നത്തെ യോഗത്തിലേക്ക് വിളിച്ചില്ലെന്ന് യോഗത്തിന് ശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കെ എം മാണി യുഡിഎഫിന്‍റെ മഹാനായ നേതാവാണ്. എന്നും യുഡിഎഫിനൊപ്പം നിൽക്കാനും കെഎം മാണി ആഗ്രഹിച്ചിരുന്നു. എന്നാൽ ജോസ് കെ മാണി വിശ്വാസ വഞ്ചന കാണിച്ചെന്നും അച്ചടക്കം മുന്നണി സംവിധാനത്തിന് അനിവാര്യമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വെര്‍ച്വൽ യുഡിഎഫ് യോഗമാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും പിജെ ജോസഫ് അടക്കമുള്ള നേതാക്കൾ നേരിട്ട് കൺഡോൺമെന്റ് ഹൗസിലെത്തിയാണ് യോഗത്തിൽ പങ്കെടുത്തത്.

Next Story

RELATED STORIES

Share it