Kerala

ഫോട്ടോജേര്‍ണലിസ്റ്റ് എന്‍ പി ജയന്‍ അന്തരിച്ചു

ഫോട്ടോജേര്‍ണലിസ്റ്റ് എന്‍ പി ജയന്‍ അന്തരിച്ചു
X

വയനാട്: മുതിര്‍ന്ന ഫോട്ടോ ജേണലിസ്റ്റും ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിലെ മുന്‍ ജീവനക്കാരനുമായ എന്‍ പി ജയന്‍ (57) അന്തരിച്ചു. ശനിയാഴ്ച വയനാട്ടിലെ നെന്‍മേനിക്കുന്നിലുള്ള വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസില്‍ ദീര്‍ഘകാലം സേവനമനുഷ്ഠിച്ച ശേഷം, സ്വതന്ത്ര ഫോട്ടോഗ്രാഫര്‍ ആയിരുന്ന അദ്ദേഹം 'വിബ്ജ്യോര്‍' എന്ന പേരില്‍ ഒരു സ്റ്റുഡിയോയും നടത്തിയിരുന്നു. അവസാന വര്‍ഷങ്ങളില്‍ പരിസ്ഥിതി, വന്യജീവി വിഷയങ്ങളിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. സൈലന്റ് വാലി വനത്തില്‍ ഒരു വര്‍ഷത്തോളം താമസിച്ച് അദ്ദേഹം ചിത്രങ്ങള്‍ പകര്‍ത്തി. 20ാമത്തെ വയസിലാണ് അദ്ദേഹം ഫോട്ടോഗ്രാഫറായി ജോലി തുടങ്ങുന്നത്. ദ ഹിന്ദു, ഡെക്കാന്‍ ഹെറാള്‍ഡ്, ഡൗണ്‍ ടു ഏര്‍ത്, മാധ്യമം, മാതൃഭൂമി തുടങ്ങിയ പത്ര, മാഗസിനുകള്‍ക്കും വേണ്ടി ചിത്രങ്ങള്‍ പകര്‍ത്തി.

കേരളത്തിലെ മലബാര്‍ മേഖലയിലെ പല സുപ്രധാന സംഭവങ്ങളും ലോകം കണ്ടത് ജയന്‍ പകര്‍ത്തിയ ചിത്രങ്ങളിലൂടെയാണ്. മാറാട് നാദാപുരം കലാപങ്ങള്‍, മുത്തങ്ങ വെടിവെപ്പ് തുടങ്ങിയവ ഇതില്‍ ചിലത്. പല പാരിസ്ഥിതിക വിഷയങ്ങളും ജയന്‍ പകര്‍ത്തി. പിന്നീട് വാര്‍ത്താ ഫോട്ടോഗ്രാഫര്‍മാരുടെ സഹജമായ പരിമിതികള്‍ മനസ്സിലാക്കിയ ജയന്‍ ഫ്രീലാന്‍സര്‍ റോളിലേക്ക് മാറി. പെരിയാറിന്റെ കാനനഭംഗിയും പമ്പാ നദിയിലെ പാരിസ്ഥിതിക മലിനീകരണവും ബോധ്യപ്പെടുത്തുന്നതാണ് ജയന്റെ തത്ത്വമസി എന്ന ഫോട്ടോ ശേഖരം.

കര്‍ണാടക ഹെല്‍ത്ത് പ്രമോഷന്‍ ട്രസ്റ്റിന്റെ സഹകരണത്തോടെ സമൂഹത്തിലെ അരികുവത്കരിക്കപ്പെട്ട വിഭാഗങ്ങളായ ലൈംഗിക തൊഴിലാളികള്‍, മൂന്നാംലിംഗക്കാര്‍, അനാഥര്‍ എന്നിവരുടെ ദുരിത ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളായിരുന്നു 'പീപ്ള്‍ ട്രീ ഫോട്ടോ എക്സിബിഷന്‍'. കാനഡ, ഡല്‍ഹി എന്നിവിടങ്ങളില്‍ ഈ ചിത്രങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിച്ചിട്ടുണ്ട്. മാറാട്, നാദാപുരം കലാപങ്ങളില്‍ ഇരകളാക്കപ്പെട്ടവരുടെയും മുത്തങ്ങ വെടിവെപ്പ് ഇരകളുടെയും ദുരിതം പങ്കുവെക്കുന്ന 'വിക്ടിംസ് ഓഫ് റയട്ട്സ്' എന്ന ഫോട്ടോപ്രദര്‍ശനവും ഏറെ ശ്രദ്ധിക്കപ്പെട്ടു. നിരവധി സംസ്ഥാന, ദേശീയ അംഗീകാരങ്ങള്‍ നേടിയ ജയന്‍, പക്ഷാഘാതത്തെത്തുടര്‍ന്ന് ആരോഗ്യപ്രശ്നങ്ങള്‍ നേരിടുകയായിരുന്നു. പരേതനായ പ്രഭാകരന്റെയും പങ്കജാക്ഷിയുടെയും മകനാണ് അദ്ദേഹം.




Next Story

RELATED STORIES

Share it