Kerala

ലോക് സഭാ തിരഞ്ഞെടുപ്പില്‍ സീറ്റൂണ്ടാകില്ലെന്ന് സൂചന നല്‍കി സിപിഎം; കിട്ടിയേ തീരുവെന്ന് ജനതാദള്‍(എസ്)

പത്തനംതിട്ടയോ, എറണാകുളമോ വേണമെന്നും ആവശ്യം.പത്തനംതിട്ട കിട്ടിയാല്‍ മാത്യു ടി തോമസും എറണാകുളം കിട്ടിയാല്‍ സാബു ജോര്‍ജും സ്ഥാനാര്‍ഥിയാകും. സിപിഎമ്മുമായി ഉഭയകക്ഷി ചര്‍ച്ച നാളെ

ലോക് സഭാ തിരഞ്ഞെടുപ്പില്‍ സീറ്റൂണ്ടാകില്ലെന്ന് സൂചന നല്‍കി സിപിഎം; കിട്ടിയേ തീരുവെന്ന് ജനതാദള്‍(എസ്)
X

കൊച്ചി: ലോക് സഭാ തിരഞ്ഞെടുപ്പില്‍ ജനതാദള്‍(എസ്) ന് സീറ്റുണ്ടാകില്ലെന്ന് സൂചന നല്‍കി സിപിഎം.സീറ്റു വേണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കാന്‍ ജനതാദള്‍(എസ്) സംസ്ഥാന കമ്മിറ്റിയില്‍ തീരുമാനം.ഇത്തവണത്തെ സാഹചര്യം കണക്കിലെടുത്ത് ലോക് സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് ഉണ്ടായേക്കില്ലെന്ന സൂചന എല്‍ഡിഎഫിന് നേതൃത്വം നല്‍കുന്ന സിപിഎമ്മില്‍ നിന്നും ജനതാദള്‍(എസ്) നേതൃത്വത്തിന് നേരത്തെ ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് കൊച്ചിയില്‍ ചേര്‍ന്ന ജനതാദള്‍(എസ്) സംസ്ഥാന നേതൃയോഗത്തില്‍ വിശദമായ ചര്‍ച്ചയാണ് നടന്നത്.കഴിഞ്ഞ തവണ കോട്ടയം സീറ്റില്‍ ജനതാദള്‍(എസ്) മല്‍സരിച്ചിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇത്തവണ ലോക്സഭാ സീറ്റ് ഉണ്ടായേക്കില്ലെന്നും സഹകരിക്കണമെന്നും സിപിഎം നേതൃത്വം പാര്‍ടി നേതൃത്വത്തിന് സൂചന നല്‍കി. എന്നാല്‍ നിലവില്‍ ലഭിച്ചുകൊണ്ടിരുന്ന ഒരു സീറ്റ് ഇത്തവണയും വേണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കാനാണ് സംസ്ഥാന നേതൃയോഗത്തില്‍ ഉണ്ടായിരിക്കുന്ന തീരുമാനം.കോട്ടയത്തിനു പകരം എറണാകുളമോ തിരുവനന്തപുരമോ പത്തനംതിട്ടയോ വേണമെന്നാവശ്യപ്പെടാനായിരുന്നു തീരുമാനം എന്നാല്‍ തിരുവനന്തപുരം സീറ്റില്‍ സിപിഐ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച സാഹചര്യത്തില്‍ എറണാകുളം സീറ്റോ പത്തനംതിട്ട സീറ്റോ വേണമെന്ന നിലപാടാണ് യോഗത്തില്‍ പൊതുവെ ഉയര്‍ന്നത്. ജില്ലാ പ്രസിഡന്റ് സാബു ജോര്‍ജിനെ എറണാകുളത്ത് മല്‍സരിപ്പിക്കുന്നതിനായിട്ടാണ് ഈ സീറ്റ്് ആവശ്യപ്പെടുന്നത്.

സിറ്റിംഗ് എംപി കോണ്‍ഗ്രസിലെ പ്രഫ കെ വി തോമസ് തന്നെയായിരിക്കും എറണാകുളത്ത് വീണ്ടും യുഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിക്കുക. തോമസിനെതിരെ സാബു ജോര്‍ജിനെ മല്‍സരിപ്പിച്ചാല്‍ നല്ല മല്‍സരം കാഴ്ച വെയ്ക്കാമെന്നാണ് ജനതാദള്‍(എസ്)ന്റെ കണക്കൂകൂട്ടല്‍. എറണാകുളം സീറ്റില്ലെങ്കില്‍ പത്തനം തിട്ട സീറ്റ് വേണമെന്നാണ് അടുത്ത ആവശ്യം. പത്തനംതിട്ട സീറ്റ് ലഭിച്ചാല്‍ മാത്യു ടി തോമസിനെ മല്‍സരിപ്പിക്കാനാണ് തീരുമാനം.എന്നാല്‍ പത്തനം തിട്ട സീറ്റിനായി എന്‍സിപിയും രംഗത്തുണ്ട്.അതിനാല്‍ എറണാകുളം എങ്കിലും കിട്ടിയേ തീരുവെന്നാണ് തീരുമാനം. സിപിഎമ്മുമായി നാളെ ഉഭയകക്ഷി ചര്‍ച്ചയുണ്ട് ഈ ചര്‍ച്ചയില്‍ പത്തനംതിട്ടയോ എറണാകുളമോ വേണമെന്ന ആവശ്യം ഉയര്‍ത്താനാണ് തിരുമാനം. സംസ്ഥാന നേതൃയോഗത്തില്‍ സീറ്റു വിഷയം ചര്‍ച്ചയായെന്നും തീരുമാനം ഉഭയകക്ഷി ചര്‍്ച്ചയില്‍ അറിയിക്കുമെന്നുമാണ് യോഗത്തിനു ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പാര്‍ടി സംസ്ഥാന പ്രസിഡന്റും മന്ത്രിയുമായ കെ കൃഷ്്ണന്‍ കുട്ടി പറഞ്ഞത്. ഉഭയകക്ഷി ചര്‍ച്ചയ്ക്കായി നാലംഗകമ്മിറ്റിയെ നിയോഗിച്ചു. തന്നെ കൂടാതെ മാത്യു ടി തോമസ്, നീല ലോഹിത ദാസ് നാടാര്‍, സി കെ നാണു എന്നിവരാണ് കമ്മിറ്റിയിലുള്ളത്.സീറ്റ് സംബന്ധിച്ച കാര്യം ഉഭയകക്ഷി ചര്‍ച്ചയില്‍ അറിയിക്കുമെന്നും കൃഷ്്ണന്‍കുട്ടി പറഞ്ഞു.കര്‍ഷക ആത്മഹത്യ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ജപ്തി നടപടികള്‍ നിര്‍ത്തിവെയ്ക്കാന്‍ ബാങ്കുകളോട് ആവശ്യപ്പെടാനും ഇത് സംബന്ധിച്ച് ബാങ്കുകളുടെ യോഗം വിളിച്ചു ചേര്‍ക്കാന്‍ മുഖ്യമന്ത്രിയോട് ആവശ്യപെടാനും യോഗം തീരൂമാനിച്ചതായും കെ കൃഷ്ണന്‍കുട്ടി പറഞ്ഞു.

Next Story

RELATED STORIES

Share it