Kerala

പാലത്തായി: ഇടതുസര്‍ക്കാര്‍ വിചാരണ ചെയ്യപ്പെടും- ജബീന ഇര്‍ഷാദ്

കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട് എന്നതിന് തെളിവുള്ള അടുത്ത സുഹൃത്തായ വിദ്യാര്‍ഥിനിയുടെ മൊഴി സാക്ഷിമൊഴിയായി പരിഗണിക്കാതെ അധ്യാപകന്‍ അടിക്കാറുണ്ടെന്ന് പരാമര്‍ശമുള്ള മറ്റ് പെണ്‍കുട്ടികളുടെ മൊഴിയാണ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയത്. ബാക്കി സാക്ഷികള്‍ പോലിസും സ്‌കൂള്‍ മാനേജ്‌മെന്റുമായി ബന്ധപ്പെട്ടവരുമാണ്.

പാലത്തായി: ഇടതുസര്‍ക്കാര്‍ വിചാരണ ചെയ്യപ്പെടും- ജബീന ഇര്‍ഷാദ്
X

കോഴിക്കോട്: പാലത്തായി ബാലികാ പീഡനക്കേസില്‍ പ്രതി ബിജെപി നേതാവ് പത്മരാജന്റെ വക്കാലത്തേറ്റെടുത്തത് പോലെ പെരുമാറുന്ന ഇടതുസര്‍ക്കാര്‍ വിചാരണ ചെയ്യപ്പെടുമെന്ന് വിമന്‍ ജസ്റ്റിസ് സംസ്ഥാന പ്രസിഡന്റ് ജബീന ഇര്‍ഷാദ് പ്രസ്താവിച്ചു. ഒരു ബാലികാ പീഡനക്കേസില്‍ വളരെ പ്രധാനപ്പെട്ടതാണ് മെഡിക്കല്‍ റിപോര്‍ട്ട്.

ഏറെ സമ്മര്‍ദങ്ങളുണ്ടായപ്പോള്‍ കഴിഞ്ഞ ജൂലൈ 14ന് പ്രതിയെ അറസ്റ്റുചെയ്തതിന്റെ 90ാം ദിവസം പോക്‌സോ കോടതിയില്‍ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഈ മെഡിക്കല്‍ റിപോര്‍ട്ട് ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് ഇപ്പോള്‍ പുറത്തുവന്നത്. കുട്ടിയുടെ ലൈംഗികാവയവത്തിന് ക്ഷതംപറ്റിയെന്ന പരാമര്‍ശമുള്ള മെഡിക്കല്‍ റിപോര്‍ട്ടാണ് മറച്ചുവച്ചത്.

കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട് എന്നതിന് തെളിവുള്ള അടുത്ത സുഹൃത്തായ വിദ്യാര്‍ഥിനിയുടെ മൊഴി സാക്ഷിമൊഴിയായി പരിഗണിക്കാതെ അധ്യാപകന്‍ അടിക്കാറുണ്ടെന്ന് പരാമര്‍ശമുള്ള മറ്റ് പെണ്‍കുട്ടികളുടെ മൊഴിയാണ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയത്. ബാക്കി സാക്ഷികള്‍ പോലിസും സ്‌കൂള്‍ മാനേജ്‌മെന്റുമായി ബന്ധപ്പെട്ടവരുമാണ്. ഇത്ര ദുര്‍ബലമായ കുറ്റപത്രം പോക്‌സോ ഒഴിവാക്കി സമര്‍പ്പിച്ചത് പ്രതിയെ രക്ഷിക്കാന്‍ വേണ്ടി മാത്രമാണെന്ന് അവര്‍ കുറ്റപ്പെടുത്തി.

കുട്ടിയുടെ മാതാവ് പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ വേണ്ടി നല്‍കിയ കേസ് ഹൈക്കോടതി പരിഗണിക്കുമ്പോള്‍ കുട്ടി കളവുപറയുന്നവളാണെന്നും പീഡനം ഭാവനയനുസരിച്ച് ആരോപിക്കുന്നതാണെന്നുമുള്ള കൗണ്‍സിലര്‍മാരുടെ റിപോര്‍ട്ടാണ് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ചത്.

പീഡനത്തെ അതിജീവിച്ച ചെറിയ പെണ്‍കുട്ടിയെ മോശക്കാരിയാക്കുന്ന ക്രൈംബ്രാഞ്ച് നിലപാട് കേരളത്തിന് പൊറുക്കാനാവില്ല. ഒട്ടേറെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിട്ടും ഈ കേസില്‍ ഇത്രയും അട്ടിമറി ശ്രമങ്ങള്‍ നടത്തിയ ഐജി എസ് ശ്രീജിത്തിനെ കേസന്വേഷണത്തിന്റെ ചുമതലയില്‍നിന്നും മാറ്റാന്‍ തയ്യാറാവാത്തത് സര്‍ക്കാര്‍ പ്രതിയെ രക്ഷപ്പെടുത്താന്‍ തീരുമാനിച്ചതുകൊണ്ടാണ്.

മുഖ്യമന്ത്രി നേതൃത്വം നല്‍കുന്ന ആഭ്യന്തരവകുപ്പ് പ്രതിയുടെ കൂടെ നില്‍ക്കുമ്പോള്‍ കുട്ടിക്ക് നീതിവാങ്ങിക്കൊടുക്കുമെന്ന് കേരളത്തിന് ഉറപ്പുനല്‍കിയ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിയും മണ്ഡലം എംഎല്‍എയും കൂടിയായ ശൈലജയ്ക്ക് മറുപടി പറയാന്‍ ബാധ്യതയുണ്ട്. ഐജി ശ്രീജിത്തിനെ അന്വേഷണത്തില്‍നിന്ന് മാറ്റുകയും വനിതാ ഐപിഎസ് ഓഫിസറുടെ നേതൃത്വത്തില്‍ പുതിയ അന്വേഷണസംഘത്തെ ഏല്‍പ്പിക്കുകയും ചെയ്യണം. കൊവിഡിന്റെ നിയന്ത്രണങ്ങളുടെ മറവില്‍ പിഞ്ചുപെണ്‍കുട്ടിക്ക് നീതി നിഷേധിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനമെങ്കില്‍ കടുത്ത പ്രതിഷേധങ്ങള്‍ നേരിടേണ്ടിവരുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി.

Next Story

RELATED STORIES

Share it