Kerala

പ്രഥമ സഞ്ജയ് ചന്ദ്രശേഖര്‍ പുരസ്‌കാരം പി ജസീലയ്ക്ക്

മാധ്യമം ദിനപത്രത്തില്‍ 2020 ജനുവരി 29 മുതല്‍ ഫെബ്രുവരി രണ്ടുവരെ പ്രസിദ്ധീകരിച്ച 'അവസാനിക്കാത്ത ഇര ജീവിതങ്ങള്‍' എന്ന പരമ്പരയാണ് ജസീലയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. 25,000 രൂപയും ഫലകവും അടങ്ങുന്ന പുരസ്‌കാരം സഞ്ജയ് ചന്ദ്രശേഖറിന്റെ 60ാം ജന്‍മവാര്‍ഷിക ദിനമായ ജൂലൈ 17 ന് കോട്ടയം പ്രസ്‌ക്ലബ്ബില്‍ നടക്കുന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സമ്മാനിക്കും.

പ്രഥമ സഞ്ജയ് ചന്ദ്രശേഖര്‍ പുരസ്‌കാരം പി ജസീലയ്ക്ക്
X

കോട്ടയം: കോട്ടയം പ്രസ്‌ക്ലബ്ബിന്റെ പ്രഥമ സഞ്ജയ് ചന്ദ്രശേഖര്‍ പുരസ്‌കാരം മാധ്യമം ദിനപത്രം കോഴിക്കോട് യൂനിറ്റിലെ സബ് എഡിറ്റര്‍ പി ജസീലയ്ക്ക് ലഭിക്കും. മാധ്യമം ദിനപത്രത്തില്‍ 2020 ജനുവരി 29 മുതല്‍ ഫെബ്രുവരി രണ്ടുവരെ പ്രസിദ്ധീകരിച്ച 'അവസാനിക്കാത്ത ഇര ജീവിതങ്ങള്‍' എന്ന പരമ്പരയാണ് ജസീലയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. 25,000 രൂപയും ഫലകവും അടങ്ങുന്ന പുരസ്‌കാരം സഞ്ജയ് ചന്ദ്രശേഖറിന്റെ 60ാം ജന്‍മവാര്‍ഷിക ദിനമായ ജൂലൈ 17 ന് കോട്ടയം പ്രസ്‌ക്ലബ്ബില്‍ നടക്കുന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സമ്മാനിക്കും.

കേരളത്തില്‍ പെരുകിവരുന്ന ലൈംഗിക അതിക്രമങ്ങളില്‍ ഇരയാവുന്ന കുടുംബങ്ങള്‍ ആയുഷ്‌കാലം നേരിടുന്ന ദുരവസ്ഥയിലേക്ക് നടത്തിയ അന്വേഷണം പരമ്പരയെ മികവുറ്റതാക്കിയതായി ജൂറി വിലയിരുത്തി. ജന്‍മനാട്ടില്‍നിന്നും പാലായനം ചെയ്യേണ്ട അവസ്ഥയാണ് ഇരയും കുടുംബവും നേരിടുന്നത്. ഈ ദുരവസ്ഥ നേരിട്ട ഇരയെ തന്നെ അവതരിപ്പിക്കാന്‍ ജസീലയ്ക്ക് കഴിഞ്ഞു. അന്വേഷാത്മക റിപോര്‍ട്ടിനൊപ്പം മികച്ച ഗവേഷണത്തിന്റെ പിന്‍ബലവും ജസീലയുടെ പരമ്പരയ്ക്കുണ്ടായി.

മലയാള മനോരമയിലെ വി ആര്‍ പ്രതാപ്, മാതൃഭൂമി ദിനപത്രത്തിലെ അനു എബ്രഹാം എന്നിവര്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടി. മലയാള മനേരമയില്‍ 2020 നവംബര്‍ 18 മുതല്‍ 21 വരെ പ്രസിദ്ധീകരിച്ച കേരളം ഒരു കടംകഥ എന്ന പരമ്പരയാണ് വി ആര്‍ പ്രതാപിനെ ജൂറി പരാമര്‍ശത്തിന് അര്‍ഹനാക്കിയത്. മാതൃഭൂമിയില്‍ 2020 ആഗസ്ത് 7 മുതല്‍ 13 വരെ പ്രസിദ്ധീകരിച്ച മിന്നുന്നതെല്ലാം ചാരിറ്റി അല്ല എന്ന പരമ്പരയാണ് അനു എബ്രഹാമിനെ പ്രത്യേക ജൂറി പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

മലയാള മനോരമ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍ ജോസ് പനച്ചിപ്പുറം അധ്യക്ഷനും ജിമ്മി ഫിലിപ്പ് (സീനിയര്‍ ന്യൂസ് എഡിറ്റര്‍, ദീപിക), ടി കെ രാജഗോപാല്‍ (മുന്‍ ന്യൂസ് എഡിറ്റര്‍, മാതൃഭൂമി) എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്. മലയാള മനോരമ ചീഫ് റിപോര്‍ട്ടറായിരിക്കെ 2011 ഡിസംബര്‍ 28 ന് അന്തരിച്ച കോട്ടയം കൂരോപ്പട സ്വദേശി സഞ്ജയ് ചന്ദ്രശേഖറുടെ സ്മരണാര്‍ഥം മികച്ച അന്വേഷണാത്മക പത്രറിപോര്‍ട്ടിന് കോട്ടയം പ്രസ്‌ക്ലബ് ഏര്‍പ്പെടുത്തിയതാണ് ഈ പുരസ്‌കാരം.

Next Story

RELATED STORIES

Share it