Sub Lead

'നോട്ടീസ് നല്‍കാതെ പള്ളി സീല്‍ ചെയ്യാന്‍ എന്താണ് അധികാരം?'; യുപി സര്‍ക്കാരിനേട് അലഹബാദ് ഹൈക്കോടതി

നോട്ടീസ് നല്‍കാതെ പള്ളി സീല്‍ ചെയ്യാന്‍ എന്താണ് അധികാരം?; യുപി സര്‍ക്കാരിനേട് അലഹബാദ് ഹൈക്കോടതി
X

അലഹബാദ്: ഒരു ആരാധനാലയം മുന്‍കൂര്‍ നോട്ടീസ് നല്‍കുകയോ ഉടമസ്ഥരുടെ ഭാഗം കേള്‍ക്കുകയോ ചെയ്യാതെ സീല്‍ ചെയ്യാന്‍ എന്താണ് അധികാരമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് അലഹബാദ് ഹൈക്കോടതി. മുസഫര്‍നഗറിലെ ഒരു പള്ളി സീല്‍ ചെയ്തതിനെതിരെ അഹ്‌സാന്‍ അലി എന്ന വ്യക്തി സമര്‍പ്പിച്ച ഹരജിയിലാണ് മലയാളിയായ ജസ്റ്റിസ് അതുല്‍ ശ്രീധരന്‍, ജസ്റ്റിസ് സിദ്ധാര്‍ഥ് നന്ദന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ണായക ഇടപെടല്‍.

എന്ത് അധികാരത്തിന്റെ അടിസ്ഥാനത്തിലാണ് ആരാധനാലയം സീല്‍ ചെയ്തതെന്ന് വിശദീകരിക്കാന്‍ കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മുന്‍കൂര്‍ നോട്ടീസ് നല്‍കുകയോ ഹര്‍ജിക്കാരന് പറയാനുള്ളത് കേള്‍ക്കുകയോ ചെയ്യാതെ നിര്‍മാണത്തിലിരിക്കുന്ന ഒരു ആരാധനാലയം സീല്‍ ചെയ്യാന്‍ നിയമത്തില്‍ വ്യവസ്ഥയുണ്ടോ? സ്വകാര്യ ഉടമസ്ഥതയിലുള്ള ഒരിടത്ത് ആരാധനാലയത്തിനുള്ളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമാണോ? തുടങ്ങിയ ചോദ്യങ്ങളാണ് കോടതി ഉന്നയിച്ചത്.

മുസഫര്‍നഗറിലെ ഒരു ഗ്രാമത്തില്‍ താന്‍ നിയമപരമായി വാങ്ങിയ സ്ഥലത്തെ പള്ളി അധികൃതര്‍ സീല്‍ ചെയ്തതിനെതിരെയാണ് അഹ്‌സാന്‍ അലി കോടതിയെ സമീപിച്ചത്. 2019-ല്‍ പ്രവീണ്‍ കുമാര്‍ ജെയിന്‍ എന്നയാളില്‍ നിന്ന് രജിസ്റ്റര്‍ ചെയ്ത ആധാരത്തിലൂടെയാണ് താന്‍ ഈ സ്ഥലം വാങ്ങിയതെന്ന് അലി കോടതിയില്‍ വ്യക്തമാക്കി.

പള്ളിക്കുചുറ്റും മതില്‍ നിര്‍മിക്കാന്‍ തുടങ്ങിയപ്പോഴാണ് നിര്‍മാണം നിയമവിരുദ്ധമാണെന്നും അധികൃതരില്‍ നിന്ന് അനുമതി വാങ്ങിയിട്ടില്ലെന്നും ആരോപിച്ച് ഉദ്യോഗസ്ഥര്‍ പള്ളി സീല്‍ ചെയ്തത്. എന്നാല്‍, ഇത്തരമൊരു നടപടിക്ക് മുമ്പ് തനിക്ക് യാതൊരുവിധ നോട്ടീസും നല്‍കിയിട്ടില്ലെന്ന് ഹരജിക്കാരന്റെ അഭിഭാഷകന്‍ ജഗദീഷ് പ്രസാദ് മിശ്ര കോടതിയെ ബോധിപ്പിച്ചു.

സര്‍ക്കാരിന്റെ നടപടിയെക്കുറിച്ച് വ്യക്തമായ നിര്‍ദേശങ്ങള്‍ സത്യവാങ്മൂലം സഹിതം അടുത്ത വാദം കേള്‍ക്കുന്ന ദിവസം ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചു. അതേസമയം, റോസ്റ്റര്‍ മാറ്റത്തെത്തുടര്‍ന്ന് നിലവില്‍ ഹരജി ജസ്റ്റിസ് സരള്‍ ശ്രീവാസ്തവ, ജസ്റ്റിസ് ഗരിമ പ്രസാദ് എന്നിവരുടെ ബെഞ്ചിലേക്ക് മാറ്റിയിട്ടുണ്ട്. സ്വകാര്യ സ്ഥലത്ത് പ്രാര്‍ഥന നടത്താനുള്ള അവകാശം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ നേരത്തെയും സുപ്രധാനമായ നിരീക്ഷണങ്ങള്‍ ജസ്റ്റിസ് ശ്രീധരന്റെ ബെഞ്ച് നടത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പുതിയ ബെഞ്ചില്‍ കേസിന്‍മേലുള്ള കോടതിയുടെ നിലപാടിന് ഏറെ പ്രാധാന്യമുണ്ട്.

Next Story

RELATED STORIES

Share it