Kerala

എതിര്‍പ്പുകള്‍ മറികടന്ന് വികസന പദ്ധതിയുമായി മുന്നോട്ട് പോകും:മുഖ്യമന്ത്രി

തിരൂരില്‍ സിപിഎം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി

എതിര്‍പ്പുകള്‍ മറികടന്ന് വികസന പദ്ധതിയുമായി മുന്നോട്ട് പോകും:മുഖ്യമന്ത്രി
X

തിരൂര്‍:ആരൊക്കെ എതിര്‍ത്താലും നാടിന് ആവശ്യമുള്ള ഒരു വികസന പദ്ധതിയും ഉപേക്ഷിക്കാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ തയ്യാറല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.തിരൂരില്‍ സിപിഎം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ റെയില്‍ പദ്ധതിയും, ജലപാതയും, തീരദേശപാതയും, ഹില്‍ ഹൈവേയും എന്തുവിലകൊടുത്തും ഗവണ്‍മെന്റ് നടപ്പിലാക്കുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.പൊതുവിദ്യാഭ്യാസ മേഖലയില്‍ കേരളം ഇപ്പോള്‍ വലിയ ഉന്നതി നേടിയിട്ടുണ്ട്, അതുപോലെ ഉന്നതവിദ്യാഭ്യാസമേഖലയില്‍ ആണ് ഇനി സര്‍ക്കാര്‍ ശ്രദ്ധയൂന്നാന്‍ പോകുന്നത്. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ വലിയ ഹബ്ബായി കേരളത്തെ ഉയര്‍ത്താനുള്ള പദ്ധതികളാണ് വരുംനാളുകളില്‍ നടപ്പാക്കുകയെന്നും അദ്ദേഹം പറഞ്ഞു.

മുസ്‌ലിം ലീഗ് പുതിയ സാഹചര്യത്തില്‍ വര്‍ഗീയ മുദ്രാവാക്യങ്ങള്‍ നേരിട്ട് രാഷ്ട്രീയത്തില്‍ ഉപയോഗിക്കാന്‍ തുടങ്ങിയതായി പിണറായി വിജയന്‍ കുറ്റപ്പെടുത്തി. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ വര്‍ഗീയ സംഘടനകളുമായി നീക്കുപോക്ക് ഉണ്ടാക്കിയവര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ പരസ്യമായി വര്‍ഗീയ സംഘടനകളുമായി സഖ്യം ചേരുന്നതാണ് നാം കണ്ടത്. ജമാഅത് ഇസ്‌ലാമി പറഞ്ഞിരുന്ന കാര്യങ്ങള്‍ ഇപ്പോള്‍ മുസ്‌ലിം ലീഗ് കേരള രാഷ്ട്രീയത്തില്‍ നടപ്പിലാക്കുന്ന അവസ്ഥയാണുള്ളത്, പോപ്പുലര്‍ ഫ്രണ്ടിന്റെ പിന്തുണയും ഇവര്‍ സ്വകാര്യമായി സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട് ഇത് വലിയ അപകടം ചെയ്യും. മുസ്‌ലിം ലീഗിന്റെ സമാധാന കാംക്ഷികളായ ആളുകള്‍ ഇതിനെതിരെ രംഗത്ത് വരണമെന്നും സമ്മേളനത്തില്‍ പിണറായി വിജയന്‍ പറഞ്ഞു.

സിപിഎം സ്‌റ്റേറ്റ് കമ്മറ്റി അംഗം പിപി വാസുദേവന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ മന്ത്രി വി അബ്ദു റഹ്മാന്‍,പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ വിജയരാഘവന്‍, ഇ പി ജയരാജന്‍, എളമരം കരീം, കെ രാധാകൃഷ്ണന്‍, ബേബി ജോണ്‍, ടി പി രാമകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it