Top

കൊവിഡ് വിവരശേഖരണത്തിൻ്റെ മറവിൽ ഡാറ്റാ ചോർച്ച: ചെന്നിത്തല

ആളുകളുടെ വിവരം അമേരിക്കൻ പിആർ കമ്പനിക്ക് സർക്കാർ കൈമാറുന്നതായി ചെന്നിത്തല വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

കൊവിഡ് വിവരശേഖരണത്തിൻ്റെ മറവിൽ ഡാറ്റാ ചോർച്ച: ചെന്നിത്തല

തിരുവനന്തപുരം: കൊവിഡ് വിവരശേഖരണത്തിൻ്റെ മറവിൽ ഡാറ്റാ ചോർച്ചയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സർക്കാർ ആളുകളുടെ വിവരം അമേരിക്കൻ പിആർ കമ്പനിക്ക് കൈമാറുന്നതായി ചെന്നിത്തല വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

ലോകത്ത് ഏറ്റവും വിലയുള്ള വസ്തു ഡാറ്റയാണ്. പ്രത്യേകിച്ച് കൊവിഡ് -19 പോലെ ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍. ഇതിനായി രോഗികളുടെ വിവരങ്ങള്‍ ശേഖരിക്കും. പല രാജ്യങ്ങളും ഈ വിവര ശേഖരണം വിലക്കിയിട്ടുണ്ട്. ഇപ്പോള്‍ കേരള സർക്കാർ വിവര ശേഖരണം നടത്തുകയാണ്. സ്പിംഗ്ലര്‍ എന്ന അമേരിക്കന്‍ കമ്പനിക്കാണ് ഇതിന്റെ ഉത്തരവാദിത്വം കൈമാറിയിരിക്കുന്നത്. പ്രൊട്ടക്ടറ്റഡ് ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ ആയി കണക്കാക്കാവുന്ന അതീവ രഹസ്യമായ കാര്യങ്ങള്‍ ആണ് സര്‍ക്കാര്‍ ഈ കമ്പനിക്ക് കൈമാറുന്നത്.

സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് ശേഖരിക്കുന്ന കേരളത്തിലെ ലക്ഷക്കണക്കിന് ആളുകളുടെ വിവരങ്ങൾ ഇന്ത്യക്ക് പുറത്തുള്ള സ്വകാര്യ കമ്പനിക്ക് കൈമാറുകയാണ് ചെയ്യുന്നത്. അവര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനങ്ങള്‍ ഉപയോഗിച്ച് വിവരങ്ങൾ ഏകോപിപ്പിക്കും എന്നാണ് മനസിലാക്കുന്നത്. ഏറ്റവും സംശയകരമായ കാര്യം ഇത് എന്തിന് അമേരിക്കന്‍ കമ്പനിയെ ഏല്‍പ്പിച്ചുവെന്നതാണ്. സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള സി ഡിറ്റിനോ, ഐടി മിഷനോ ചെയ്യാന്‍ കഴിയുന്ന കാര്യമാണ് ഈ ഡാറ്റാ വിശകലനം.

കൊറോണാ പ്രതിരോധത്തിനായി സര്‍ക്കാര്‍ രൂപീകരിച്ച വാര്‍ഡ്തല കമ്മിറ്റികളാണ് ഈ പദ്ധതി അനുസരിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നത്. എന്നിട്ട് അവര്‍ സ്പിംഗ്‌ളറിന്റെ വെബ്സൈറ്റിലേക്ക് നേരിട്ട് ഡാറ്റാ എന്റര്‍ ചെയ്യുകയാണ് ചെയ്യുന്നത്. അതാണ് ഗുരുതരമായ കാര്യം. സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച് ശേഖരിക്കുന്ന data സംസ്ഥാന സര്‍ക്കാരിന്റെ സെര്‍വറിലേക്കല്ല അപ് ലോഡ് ചെയ്യുന്നത്. sprinklr.com ല്‍ ആണ് അത് അപ്ലോഡ് ചെയ്യുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ എംബ്‌ളം ഉപയോഗിച്ചാണ് സ്പിംഗ്‌ളര്‍ ഇതിന് വേണ്ടിയുള്ള വെബ് സൈറ്റ് തയ്യാറാക്കിയിരിക്കുന്നത്. ഇത് തെറ്റിദ്ധരിപ്പിക്കുന്നതാണ്. സ്വകാര്യ ഏജന്‍സി എങ്ങനെ സര്‍ക്കാര്‍ എംബ്ലം ഉപയോഗിക്കുന്നു?. ഹോം ഐസൊലേഷനിലുള്ളവരുടെ വിവരങ്ങളാണ് നിലവില്‍ വാര്‍ഡ് തല കമ്മിറ്റികള്‍ വഴി സ്വകാര്യ ഏജന്‍സി ശേഖരിക്കുന്നത്. ഇതോടൊപ്പം പ്രായമുള്ളവരുടെയും രോഗവ്യാപന സാധ്യതയുളളവരുടെയും വ്യക്തി വിവരങ്ങളും ശേഖരിക്കുന്നു. 41 ചോദ്യങ്ങളാണ് ഇത് സംബന്ധിച്ചുള്ള ചോദ്യാവലിയില്‍ ഉള്ളത്. ഇതിലെ 17ാം നമ്പര്‍ ചോദ്യം വിവിധ രോഗങ്ങളെക്കുറിച്ചാണ് . പ്രമേഹം സ്‌ട്രോക്ക്, വൃക്കരോഗം, ക്യാന്‍സര്‍, ശ്വാസകോശ രോഗങ്ങള്‍ തൈറോയ്ഡ് രോഗങ്ങള്‍ തുടങ്ങിയവ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

ചുരുക്കത്തില്‍ സംസ്ഥആനത്തെ ജനങ്ങളുടെ ആരോഗ്യ സംബന്ധമായ വിലപ്പെട്ട വിവരങ്ങളാണ് ശേഖരിക്കുന്നത്. ഇത് ലോക രാഷ്ട്രങ്ങള്‍ Protected health information ആയി സൂക്ഷിക്കുന്നവയാണ്. ഈ ഡാറ്റാ വിദേശ കമ്പനിവാണിജ്യ ആവശ്യങ്ങള്‍ക്ക് മറിച്ച് വില്‍ക്കില്ലന്ന് എന്താണുറപ്പുള്ളത്? സര്‍ക്കാര്‍ അതിന് എന്തെങ്കിലും മുന്‍ കരുതല്‍ എടുത്തിട്ടിട്ടുണ്ടോ? ഇന്‍ഷ്വറന്‍സ് കമ്പനികള്‍ക്ക് ഇത് മറിച്ച് വിറ്റാല്‍ കോടികള്‍ ലഭിക്കുമെന്ന് സര്‍ക്കാരിന് അറിയില്ലേ?.

അതീവ ഗൗരവമുള്ള ഈ ജോലി സ്പ്രിംഗ്‌ളറിനെ ഏല്‍പ്പിച്ച കരാറിന്റെ വിശദാംശം എന്താണ്? അതിന്റെ ടേംസ് ആന്റ് കണ്ടീഷന്‍സ് എന്തൊക്കെയാണ്?. സ്പ്രിംഗ്ലർ എന്ന കമ്പനിയെ തിരഞ്ഞെടുത്തതിന്റെ മാനദണ്ഡം എന്താണ്? ഇതിനായി ഗ്ലോബല്‍ ടെണ്ടര്‍ വിളിച്ചിട്ടുണ്ടോ? എല്ലാ കാര്യങ്ങളും വിശദമായി പറയുന്ന മുഖ്യമന്ത്രി എന്തിനാണ് ഈ വിവരം മാത്രം മറച്ച് വച്ചത്?.

എത്ര രൂപയുടെ കരാറാണ് ഇത്? ഇനി സൗജന്യമായിട്ടാണോ ഈ കമ്പനി ഇത് ചെയ്യുന്നത്? എങ്കില്‍ അവരുടെ ഗൂഢതാല്‍പര്യം എന്താണ്? സംസ്ഥാന സര്‍ക്കാരിന്റെ ലോഗോ ഉപയോഗിച്ച് കമ്പനി മാര്‍ക്കറ്റിംഗ് നടത്തുകയാണ് കഴിഞ്ഞയാഴ്ച പുറത്തിറക്കിയ കമ്പനിയുടെ പരസ്യചിത്രത്തില്‍ മുഖ്യമന്ത്രിയുടെ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായ ശിവശങ്കരന്‍ അഭിനയിച്ചിട്ടുണ്ട്. ഇത് ഈ കരാറിന്റെ നിഗൂഡത വര്‍ധിപ്പിക്കുന്നു.

പ്രമാദമായ ജസ്റ്റിസ് പുട്ടുസ്വാമി കേസില്‍ സുപ്രീംകോടതി വ്യക്തിയുടെ സ്വകാര്യ വിവരങ്ങള്‍ ഭരണഘടനയുടെ അനുച്ഛേദം 21 പ്രകാരം മൗലീകാവകാശമാണെ് വിധിച്ചിട്ടുണ്ട്. ഇത് ഇന്ത്യന്‍ ഐ.റ്റി നിയമത്തിലും പ്രതിപാദിച്ചിട്ടുണ്ട്. കേരളത്തിലെ രോഗികളുടെ അതീവഗുരുതരമായ സ്വകാര്യ വിവരങ്ങള്‍ അമേരിക്കന്‍ കമ്പനിക്ക് നല്‍കുത് മൗലീകാവകാശത്തിന്റെ നഗ്‌നമായ ലംഘനമാണ്. രോഗികളുടെ വിവിധ തരം രോഗവിവരങ്ങളാണ് ഈ കമ്പനി കൈക്കലാക്കുത്. ഈ അടിസ്ഥാന വിവരങ്ങള്‍ ഈ കമ്പനികള്‍ ബഹുരാഷ്ട്ര കുത്തകകള്‍ക്ക് വന്‍തുകക്ക് മിറച്ച് വില്‍ക്കാന്‍ സാധ്യതയുണ്ട്.

അമേരിക്കന്‍ കമ്പനിക്ക് വിവരശേഖരണത്തിനായി നല്‍കിയ ഈ കരാര്‍ ഉടന്‍ പിന്‍വലിക്കണം. ജനങ്ങളുടെ വ്യക്തിഗതമായ വിവരങ്ങള്‍ വിദേശ കമ്പനിക്ക് സര്‍ക്കാര്‍ മുന്‍കൈ എടുത്ത് നല്‍കുന്നത് അപകടകരമായ അന്തരീക്ഷമാണ് സൃഷ്ടിക്കുന്നത്. നേരത്തെ പോലിസിന്റെ കയ്യിലുള്ള വ്യക്തിഗത വിവരങ്ങള്‍ പാസ്‌പോര്‍ട്ട് വെരിഫിക്കേഷനെന്ന പേരില്‍ ഊരാളുങ്കലിന് നല്‍കിയത് ഹൈക്കോടതി റദ്ദാ്ക്കിയത് സര്‍ക്കാര്‍ മറക്കരുതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

Next Story

RELATED STORIES

Share it