Kerala

പിടിഎ റഹീം ഐഎന്‍എലിലേക്ക്; എന്‍എസ്‌സി ഐഎന്‍എലില്‍ ലയിക്കും

മാര്‍ച്ച് 30നു കോഴിക്കോട് നടക്കുന്ന സമ്മേളനത്തില്‍ ലയനം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് ഇരു പാര്‍ട്ടികളുടെയും നേതാക്കള്‍ അറിയിച്ചു.

പിടിഎ റഹീം ഐഎന്‍എലിലേക്ക്; എന്‍എസ്‌സി ഐഎന്‍എലില്‍ ലയിക്കും
X

കോഴിക്കോട്: കുന്ദമംഗലം എംഎല്‍എ പിടിഎ റഹീമും സംഘവും ഐഎന്‍എലില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. പിടിഎ റഹീം എംഎല്‍എ നേതൃത്വം നല്‍കുന്ന നാഷനല്‍ സെക്യുലര്‍ കോണ്‍ഫ്രന്‍സും (എന്‍എസ്‌സി), ഇന്ത്യന്‍ നാഷനല്‍ ലീഗും (ഐഎന്‍എല്‍) തമ്മിലുള്ള ലയന സമ്മേളനം മാര്‍ച്ച 30 ന് കോഴിക്കോട്ടു നടക്കുമെന്നു നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

റഹീം പാര്‍ട്ടിയിലെത്തുന്നതോടെ ഐഎന്‍എലിനു നിയമസഭയില്‍ ഒരു എംഎല്‍എയെ ലഭിക്കും. ഇടത് സ്വതന്ത്ര എംഎല്‍എമാരായ കാരാട്ട് റസാഖ്, എ അബ്ദുല്‍ റഹ്മാന്‍ തുടങ്ങിയവരെക്കൂടി പാര്‍ട്ടിയിലേക്കെത്തിക്കാനുള്ള നീക്കം ഐഎന്‍എല്‍ നേതൃത്വം നടത്തി വരുന്നുണ്ട്. എന്‍എസ്‌സിയെ പാര്‍ട്ടിയില്‍ ലയിപ്പിക്കുന്നതിന് ഐഎന്‍എല്‍ സംസ്ഥാന പ്രവര്‍ത്തക സമിതി കഴിഞ്ഞ മാസം പച്ചക്കൊടി കാട്ടിയിരുന്നു.

രാജ്യത്ത് മതേതരത്വവും ജനാധിപത്യവും പാരസ്പര്യത്തിലൂന്നിയ ജീവിത സംസ്‌കാരവും കടുത്ത വെല്ലുവിളി നേരിടുന്ന ഘട്ടത്തില്‍ ഇടതു മതേതര ശക്തികള്‍ വിപുലപ്പടേണ്ടതുണ്ടെന്നും ഈ ദിശയില്‍ സുപ്രധാന നടപടിയാണ് സെക്യൂലര്‍ കോണ്‍ഫറന്‍സ്-ഐഎന്‍എല്‍ ലയനമെന്നും എന്‍എസ്‌സി ചെയര്‍മാന്‍ പിടിഎ റഹീം എംഎല്‍എ, ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റ് പ്രഫ. എ പി അബ്ദുല്‍ വഹാബ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ വിശദമാക്കി.

ഇതുവരെ ഇടതു മുന്നണിയുമായി സഹകരിച്ചു പ്രവര്‍ത്തിച്ച എന്‍എസ്‌സി ഐഎന്‍എലില്‍ ലയിച്ചു മുന്നോട്ടു പോകാന്‍ തീരുമാനിച്ചപ്പോള്‍ ആ നീക്കത്തിന് ഐഎന്‍എല്‍ അഖിലേന്ത്യാ നേതൃത്വം അംഗീകാരം നല്‍കുകയായിരുന്നു. ഇടതുമുന്നണിയുടെ അടിത്തറ വിപുലപ്പെടുത്തുന്നതാണ് ഈ നീക്കം. വ്യക്തി ജീവിതത്തില്‍ വിശുദ്ധി, പൊതു ജീവിതത്തില്‍ ആദര്‍ശ നിഷ്ഠ എന്ന തത്വാധിഷ്ഠിത നിലപാട് ഉയര്‍ത്തിപ്പിടിച്ചു മുന്നോട്ടു പോവുമെന്നും അവര്‍ പറഞ്ഞു. ഭാരവാഹികളുടെ കാര്യം തീരുമാനിച്ചിട്ടില്ല. ഇടതുമുന്നണിയില്‍ ചേരാനുള്ള നിബന്ധനയല്ല ലയനം. സിപിഎം പറഞ്ഞതു കൊണ്ടുമല്ല ലയനമെന്നും നേതാക്കള്‍ വ്യക്തമാക്കി.

ഐഎന്‍എല്‍ അഖിലേന്ത്യാ ജന. സെക്രട്ടറി അഹമ്മദ് ദേവര്‍കോവില്‍, സംസ്ഥാന ജന. സെക്രട്ടറി കാസിം ഇരിക്കൂര്‍, ട്രഷറര്‍ ബി ഹംസ ഹാജി, സെക്രട്ടറി നാസര്‍ കോയ തങ്ങള്‍, എന്‍എസ്‌സി ജനറല്‍ സെക്രട്ടറി ജലീല്‍ പുനലൂര്‍, സെക്രട്ടറി ഒ പി ഐ കോയ, പി പോക്കര്‍ മാസ്റ്റര്‍ തുടങ്ങിയവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

Next Story

RELATED STORIES

Share it