Kerala

പൗരത്വനിയമ ഭേദഗതി: ഭരണപക്ഷവുമായി ഇനി സംയുക്ത സമരത്തിനില്ലെന്ന് പ്രതിപക്ഷം

സമരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുതലെടുപ്പ് നടത്തിയാതായും സമരവുമായി സിപിഎം ഏകപക്ഷിയമായി മുന്നോട്ടുപോകുകയായിരുന്നെന്നും ചെന്നിത്തല പറഞ്ഞു.

പൗരത്വനിയമ ഭേദഗതി: ഭരണപക്ഷവുമായി ഇനി സംയുക്ത സമരത്തിനില്ലെന്ന് പ്രതിപക്ഷം
X

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയില്‍ സംസ്ഥാനത്ത്‌ ഇനി ഭരണപക്ഷവുമായി സംയുക്തസമരത്തിനില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമത്തിനെതിരെ കേരളം ഒറ്റക്കെട്ടാണെന്ന സന്ദേശം നല്‍കുന്നതിനായാണ് ഭരണപക്ഷവുമായി സഹകരിച്ച് സമരത്തിനിറങ്ങിയത്. എന്നാല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഭിന്നതയുണ്ടെന്ന് വരുത്തിതീര്‍ത്ത് സിപിഎം അതിന്റെ നേട്ടം സ്വന്തമാക്കാന്‍ ശ്രമിച്ചെന്നും ചെന്നിത്തല ആരോപിച്ചു.

ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അ​ദ്ദേഹം. പൗരത്വ നിയമ ഭേദഗതിക്കെതിരേ കേരളം യോജിച്ച സമരത്തിലേക്ക് നീങ്ങണമെന്ന് ആവശ്യപ്പെട്ടത് പ്രതിപക്ഷമാണ്. മറിച്ചുള്ള പ്രചാരണത്തില്‍നിന്ന് സിപിഎം പിന്‍മാറണം. സമരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുതലെടുപ്പ് നടത്തിയാതായും സമരവുമായി സിപിഎം ഏകപക്ഷിയമായി മുന്നോട്ടുപോകുകയായിരുന്നെന്നും ചെന്നിത്തല പറഞ്ഞു.

ഈ സാഹചര്യത്തില്‍ എല്ലാസമയത്തും ഒരുമിച്ച് സമരം ചെയ്യാനാകില്ല. ഫെബ്രുവരിയില്‍ കേരളത്തില്‍ പൗരത്വനിയമത്തിനെതിരായ സമരത്തിന് രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. അതേസമയം സര്‍ക്കാറുമായി യോജിച്ചുള്ള സമരത്തില്‍ കോണ്‍ഗ്രസിനകത്ത് അഭിപ്രായ ഭിന്നത ഇല്ലെന്നും ചെന്നിത്തല വ്യക്തമാക്കി. പൗരത്വ ഭേദഗതി നിയമത്തിലൂടെ ആര്‍എസ്എസിന്റെയും ബിജെപിയുടെയും ലക്ഷ്യം ജനങ്ങള്‍ക്ക് ബോധ്യമുണ്ടെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it