Sub Lead

കൊലയാളിക്ക് മാപ്പില്ല; ലക്കിടിയിലേത് പോലിസും ഒറ്റുകാരും നടത്തിയ കൊലപാതകമെന്ന് മാവോവാദി ലഘുലേഖ

കൊലയാളിക്ക് മാപ്പില്ല, അനശ്വര വിപ്ലവകാരി സ. ജലീലിന് ലാല്‍ സലാം എന്നെഴുതിയ പോസ്റ്ററുകളാണ് പതിച്ചത്.

കൊലയാളിക്ക് മാപ്പില്ല; ലക്കിടിയിലേത് പോലിസും ഒറ്റുകാരും നടത്തിയ കൊലപാതകമെന്ന് മാവോവാദി ലഘുലേഖ
X

പി സി അബ്ദുല്ല


കല്‍പറ്റ: മാനന്തവാടി തലപ്പുഴ മക്കിമലയില്‍ വീണ്ടും മാവോവാദികളെത്തി. രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ നാലംഗ ആയുധധാരികളാണ് എത്തിയത്. ഞായറാഴ്ച രാത്രി 8ഓടെടെ മക്കിമല അങ്ങാടിയിലെത്തിയ സംഘം മുദ്രാവാക്യം വിളിക്കുകയും ലഘുലേഖകള്‍ വിതരണം ചെയ്യുകയും പോസ്റ്ററുകള്‍ പതിക്കുകയും ചെയ്തു. രണ്ട് സ്ത്രീകളടക്കമുള്ള മൂന്നുപേര്‍ മങ്കി ക്യാപ് ധരിക്കുകയും ഒരാള്‍ മുഖം മറക്കാതെയുമാണ് പരസ്യമായി മുദ്രാവാക്യം വിളിച്ച് റോഡിലൂടെ തോക്ക് ഉയര്‍ത്തിപ്പിടിച്ചു നടന്നത്. ഈ സമയം മക്കിമല അങ്ങാടിയില്‍ പതിനഞ്ചോളം പേരുണ്ടായിരുന്നു. റോഡിലുണ്ടായിരുന്ന പലര്‍ക്കും മാവോവാദികള്‍ ഹസ്തതദാനം നല്‍കി സംസാരിച്ചു. ചിലര്‍ മൊബൈലില്‍ ഫോട്ടോയെടുക്കാന്‍ ശ്രമിച്ചപ്പോള്‍ തടഞ്ഞെന്നും നാട്ടുകാര്‍ പറയുന്നു.

ഒരാള്‍ മലയാളത്തിലും മറ്റൊരാള്‍ മലയാളം കലര്‍ന്ന കന്നഡയിലുമാണ് സംസാരിച്ചത്. അര മണിക്കൂര്‍ നേരമാണ് മാവോവാദി സംഘം മക്കിമലയില്‍ ചിെലവഴിച്ചത്. ഞങ്ങള്‍ ജാര്‍ഖണ്ഡില്‍ നിന്നു വന്നവരല്ല മലയാളികളായ മാവോയിസ്റ്റുകളാണെന്നും ജലീലിന്റെ കൊലപാതകത്തില്‍ പ്രതികരിക്കണമെന്നും സംഘം നാട്ടുകാരോട് ആവശ്യപ്പെടുകയും ചെയ്തു. ലക്കിടിയില്‍ സി പി ജലീല്‍ കൊല്ലപ്പെട്ടത് സര്‍ക്കാരും പോലിസും റിസോര്‍ട്ടിലെ ഒറ്റുകാരും ചേര്‍ന്ന് നടത്തിയ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകമാണെന്നും കൊലയാളിക്ക് മാപ്പില്ല, അനശ്വര വിപ്ലവകാരി സ. ജലീലിന് ലാല്‍ സലാം എന്നെഴുതിയ പോസ്റ്ററുകളാണ് പതിച്ചത്. ഈ മാസം മാസം പ്രിന്റ് ചെയ്ത കാട്ടുതീ ലഘുലേഖയും നാട്ടുകാര്‍ക്ക് വിതരണം ചെയ്തു കൊല ചെയ്യപ്പെട്ട ജലീലിന്റെ ഫോട്ടോ വച്ച് പ്രിന്റ് ചെയ്ത ലഘുലേഖയില്‍ പുത്തന്‍ ജനാധിപത്യ ഇന്ത്യക്കായി പൊരുതിമരിച്ച ധീര രക്തസാക്ഷി സ. സി പി ജലീലിന് ചുകപ്പന്‍ അഭിവാദ്യങ്ങള്‍ എന്ന തലക്കെട്ടോടുകൂടി സിപിഎമ്മിനെയും സര്‍ക്കാറിനെയും നിശിതഭാഷയില്‍ വിമര്‍ശിക്കുന്നുണ്ട്. ജലീലിന്റെ ജീവിതവഴികളും പരാമര്‍ശിച്ചിട്ടുണ്ട്. സിപിഐ മാവോയിസ്റ്റ് കബനീ ദളം വക്താവ് മന്ദാകിനിയുടെ പേരിലാണ് ലഘുലേഖ പ്രസിദ്ധീകരിച്ചത്. സ്ഥലത്തെ കരിയങ്ങാടന്‍ സിദ്ദീഖിന്റെ പലചരക്ക് കടയില്‍ നിന്നു മുട്ടയും റൊട്ടിയും അടക്കം 100 രൂപയുടെ നിത്യോപയോഗ സാധനങ്ങള്‍ വാങ്ങി പണം നല്‍കിയ ശേഷമാണ് മാവോസംഘം തിരിച്ചു പോയത്. സംഭവമറിഞ്ഞ ഉടന്‍ തലപ്പുഴ പോലിസും തണ്ടര്‍ബോള്‍ട്ട് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. മുമ്പും മാവോവാദി സാന്നിധ്യം പോലിസ് സ്ഥിരീകരിച്ച പ്രദേശമാണ് മക്കിമല പ്രദേശത്തെ അത്തിമല കോളനിയിലെ ജിഷ എന്ന യുവതി നേരത്തേ മാവോയിസ്റ്റ് സംഘത്തില്‍ ചേര്‍ന്ന കാര്യം പോലിസ് സ്ഥിരീകരിച്ചിരുന്നു. ഇപ്പോള്‍ റിമാന്‍ഡില്‍ കഴിയുന്ന മാവോവാദി നേതാവ് രൂപേഷ് അടക്കമുള്ള മാവോ സംഘം മുമ്പ് മക്കിമല കോളനിലെത്തിയിരുന്നു. ഇതു സംബന്ധിച്ച് പോലിസ് കേസെടുത്തിരുന്നു. ഞായറാഴ്ച മക്കിമലയിലെത്തിയ നാലംഗ സംഘത്തിന്റെ പേരില്‍ യുഎപിഎ പ്രകാരം തലപ്പുഴ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.




Next Story

RELATED STORIES

Share it