Kerala

തീവ്രവാദ ബന്ധത്തിന് തെളിവില്ല; അബ്ദുല്‍ ഖാദര്‍ റഹീമിനെ വിട്ടയച്ചു

ചോദ്യം ചെയ്യലില്‍ സംശയാസ്പദമായി ഒന്നും കണ്ടെത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് റഹീമിനെ വിട്ടയച്ചതെന്ന് പോലിസ് അറിയിച്ചു.

തീവ്രവാദ ബന്ധത്തിന് തെളിവില്ല; അബ്ദുല്‍ ഖാദര്‍ റഹീമിനെ വിട്ടയച്ചു
X

കൊച്ചി: തീവ്രവാദബന്ധമുണ്ടെന്ന സംശയത്തില്‍ പൊലിസ് കസ്റ്റഡിയില്‍ എടുത്ത തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശിയായ അബ്ദുള്‍ ഖാദര്‍ റഹീമിനെ വിട്ടയച്ചു. ചോദ്യം ചെയ്യലില്‍ സംശയാസ്പദമായി ഒന്നും കണ്ടെത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് റഹീമിനെ വിട്ടയച്ചതെന്ന് പോലിസ് അറിയിച്ചു. കേരള പോലിസിന് പുറമേ എന്‍ഐഎയും തമിഴ്‌നാട് ക്യു ബ്രാഞ്ചും മിലിട്ടറി ഇന്റലിജന്‍സും റഹീമിനെ 24 മണിക്കൂര്‍ ചോദ്യം ചെയ്തിട്ടും ഒന്നും കണ്ടെത്താനായില്ല.

ഇന്നലെ എറണാകുളം സിജെഎം കോടതിയില്‍ കീഴടങ്ങാനെത്തിയപ്പോഴാണ് ഇയാളെ എറണാകുളം സെന്‍ട്രല്‍ പോലിസ് കസ്റ്റഡിയില്‍ എടുത്തത്. അനു എന്ന് വിളിക്കുന്ന ഫ്‌ളോറ്റില്‍ഡ എന്ന റഹീമിന്റെ സുഹൃത്തിനെയും പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. താന്‍ നിരപരാധിയാണെന്നും എന്തൊക്കെയാണ് നടക്കുന്നതെന്ന് തനിക്ക് അറിയില്ലെന്നും റഹീം അറസ്റ്റിന് മുമ്പ് വ്യക്തമാക്കിയിരുന്നു. ബഹ്‌റയ്‌നിലെ ഹോട്ടല്‍ ലോബിയുടെ കൈയില്‍പ്പെട്ട ഒരു യുവതിയെ താന്‍ രക്ഷപ്പെടുത്തി നാട്ടില്‍ കൊണ്ടു വന്നിരുന്നു ഇതുമായി ബന്ധപ്പെട്ട് പൊലിസിനെ ആരോ തെറ്റിദ്ധരിപ്പിച്ചു എന്നാണ് റഹീം വ്യക്തമാക്കിയത്.

തന്നെ പൊലിസ് തീവ്രവാദക്കേസുമായി ബന്ധപ്പെട്ട് അന്വേഷിക്കുന്നുണ്ടെന്നും കോടതി മുഖേന കീഴടങ്ങാന്‍ അനുവദിക്കണമെന്നും കോടതിയില്‍ അഭിഭാഷകന്‍ വഴി സമര്‍പ്പിച്ച ഹര്‍ജിയില്‍ റഹീം ആവശ്യപ്പെട്ടിരുന്നു. ഹരജി പരിഗണിക്കാനുള്ള നടപടികള്‍ സിജെഎം കോടതിയില്‍ തുടരുന്നതിനിടെയാണ് പൊലിസ് കോടതിയില്‍ എത്തി റഹീമിനെ പിടികൂടി കൊണ്ടു പോയത്.

ശ്രീലങ്കയിലോ പാകിസ്താനിലോ പോയിട്ടില്ലെന്നും ലശ്കര്‍ കമാന്‍ഡര്‍ എന്ന് കേന്ദ്ര ഏജന്‍സികള്‍ പറയുന്ന അബു ഇല്യാസിനെ പരിചയമില്ലെന്നും റഹീം അന്വേഷണ ഏജന്‍സികളെ അറിയിച്ചു.

എന്നാല്‍, ആവശ്യമെങ്കില്‍ റഹീമിനെ വീണ്ടും വിളിപ്പിക്കുമെന്നു പോലിസ് വ്യക്തമാക്കി.

ആറ് ലശ്കറെ ത്വയ്യിബ പ്രവര്‍ത്തകര്‍ ശ്രീലങ്കവഴി കടലിലൂടെ തമിഴ്‌നാട്ടിലേക്ക് കടന്നതായി ഇന്റലിജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്തകള്‍ വന്നിരുന്നു. ഈ ഘട്ടത്തിലാണ് രണ്ട് ദിവസം മുന്‍പ് ബഹറയ്‌നില്‍ നിന്നെത്തിയ തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ മതിലകം സ്വദേശിയായ അബ്ദുള്‍ ഖാദര്‍ റഹീമിന് വേണ്ടി പൊലിസ് അന്വേഷണം ആരംഭിച്ചത്. ശ്രീലങ്ക വഴി എത്തിയ ഭീകര സംഘത്തില്‍ മലയാളി ഉണ്ടെന്നും അയാള്‍ കേരളത്തിലെത്തിയെന്നുമുള്ള മട്ടില്‍ പല മലയാള മാധ്യമങ്ങളും ഭീതി ജനിപ്പിക്കുന്ന രീതിയില്‍ വാര്‍ത്ത നല്‍കിയിരുന്നു. സംഘത്തില്‍ മലയാളിയില്ലെന്നും പാക് പൗരനും അഞ്ച് ശ്രീലങ്കന്‍ തമിഴ് മുസ്‌ലിംകളുമാണുള്ളതെന്ന് തമിഴ്‌നാട് സ്‌പെഷല്‍ ഇന്റലിജന്‍സ് യൂനിറ്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞെങ്കിലും അതൊന്നും വകവയ്ക്കാതെയായിരുന്നു വ്യാപക പ്രചാരണം.

Next Story

RELATED STORIES

Share it