Kerala

നിനിത കണിച്ചേരിയുടെ നിയമനം; അന്വേഷണം നടത്തില്ലെന്ന് കാലടി സര്‍വ്വകലാശാല വി സി

വിഷയ വിദഗ്ദര്‍ ഒപ്പിട്ട് നല്‍കിയ റാങ്ക് ലിസ്റ്റ് സര്‍വ്വകലാശാലയുടെ പക്കല്‍ ഉളളപ്പോള്‍ എന്തിനാണ് അന്വേഷണം നടത്തുന്നതെന്നും വൈസ് ചാന്‍സിലര്‍ ചോദിച്ചു.സെലക്ഷന്‍ കമ്മിറ്റി തീരുമാനിക്കുന്നവരെ അപ്പോയിന്റ് ചെയ്യാനാണ് സര്‍വ്വകലാശാല.ഏഴു പേരടങ്ങിയ സെലക്ഷന്‍ കമ്മിറ്റി ഏറ്റവും കൂടുതല്‍ മാര്‍ക്ക് ആര്‍ക്കാണോ നല്‍കിയത് ആ വ്യക്തിയെയെ നിയമിക്കാന്‍ സാധിക്കുകയുള്ളു. അതിനേ വകുപ്പുള്ളു.

നിനിത കണിച്ചേരിയുടെ നിയമനം; അന്വേഷണം നടത്തില്ലെന്ന് കാലടി സര്‍വ്വകലാശാല വി സി
X

കൊച്ചി: കാലടി സര്‍വ്വകലാശാലയിലെ നിനിത കണിച്ചേരിയുടെ നിയമനത്തില്‍ അന്വേഷണം നടത്തേണ്ട കാര്യമില്ലെന്ന് കാലടി സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. ധര്‍മ്മരാജന്‍ സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.വിഷയ വിദഗ്ദര്‍ ഒപ്പിട്ട് നല്‍കിയ റാങ്ക് ലിസ്റ്റ് സര്‍വ്വകലാശാലയുടെ പക്കല്‍ ഉളളപ്പോള്‍ എന്തിനാണ് അന്വേഷണം നടത്തുന്നതെന്നും വൈസ് ചാന്‍സിലര്‍ ചോദിച്ചു.

സെലക്ഷന്‍ കമ്മിറ്റി തീരുമാനിക്കുന്നവരെ അപ്പോയിന്റ് ചെയ്യാനാണ് സര്‍വ്വകലാശാല.അവര്‍ക്ക് അവരുടേതായ അഭിപ്രായം ഉണ്ടാകും മറ്റുള്ളവര്‍ക്ക് മറ്റുള്ളവരുടേതായ അഭിപ്രായമുണ്ടാകുമെന്നും വി സി വ്യക്തമാക്കി.ഏഴു പേരടങ്ങിയ സെലക്ഷന്‍ കമ്മിറ്റി ഏറ്റവും കൂടുതല്‍ മാര്‍ക്ക് ആര്‍ക്കാണോ നല്‍കിയത് ആ വ്യക്തിയെയെ നിയമിക്കാന്‍ സാധിക്കുകയുള്ളു. അതിനേ വകുപ്പുള്ളു. അല്ലാതെ താന്‍ പറയുന്ന ആളിനെയോ അല്ലെങ്കില്‍ മറ്റൊരാളു പറയുന്ന ആളിനെയോ നിയമിക്കാന്‍ കഴിയില്ല.ഏഴു പേരുടെ അഭിപ്രായമാണ് വേണ്ടത് അല്ലാതെ മൂന്നു പേരുടെ അഭിപ്രായമല്ലെന്നും ഇത് തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും വൈസ് ചാന്‍സിലര്‍ വ്യക്തമാക്കി.ആവശ്യപ്പെട്ടാല്‍ ഏതു കോടതിയുടെ മുമ്പിലും മാര്‍ക്ക് ലിസ്റ്റ് സമര്‍പ്പിക്കാന്‍ തയ്യാറാണ്.ഇക്കാര്യം നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും വൈസ് ചാന്‍സിലര്‍ വ്യക്തമാക്കി.

നിനിത കണിച്ചേരി എം ബി രാജേഷിന്റെ ഭാര്യയാണെന്ന വിവരം തനിക്കറിയില്ലായിരുന്നു. താന്‍ അവരെ ആദ്യമായിട്ടാണ് കാണുന്നത്.സബ്ജക്ട് കമ്മിറ്റിയിലെ വിദഗ്ദരായ മൂന്നു പേര്‍ അയച്ച കത്ത് നിനിത കണിച്ചേരിക്ക് കിട്ടിയെന്ന് പറയുന്നത് സര്‍വ്വകലാശാലയില്‍ നിന്നും ചോര്‍ന്നതാകാന്‍ യാതൊരുവഴിയുമില്ല.താന്‍ മെയില്‍ ഓപ്പണ്‍ ചെയ്യുന്നതിന് മുമ്പ് നിനിത കണിച്ചേരിക്ക് കത്തിന്റെ കോപ്പി കിട്ടി.റാങ്ക് പട്ടിക റദ്ദാക്കേണ്ട കാര്യമില്ലെന്നും ഗവര്‍ണര്‍ക്കുള്ള മറുപടി തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും അടുത്ത ദിവസം തന്നെ ഇത് സമര്‍പ്പിക്കുമെന്നും വൈസ് ചാന്‍സിലര്‍ വക്തമാക്കി.

നിയമന വിവാദങ്ങള്‍ ഇനിയും ഉയര്‍ന്നേക്കാം ഇതിനെല്ലാം ഒറ്റ മറുപടി മാത്രമേ ഉള്ളു.യുജിസി 2018 നിയമങ്ങള്‍ അടിസ്ഥാനമാക്കിയാണ് എല്ലാ നിയമനങ്ങളും നടത്താറുള്ളു. ഒരു റെക്കമെന്റേഷന്‍ കത്തിന്റെയും അടിസ്ഥാനത്തില്‍ നിയമനം നടത്താറില്ല. ഇത്തരത്തില്‍ ഒരു ശുപാര്‍ശക്കത്തും കിട്ടിയിട്ടില്ലെന്നും വൈസ് ചാന്‍സിലര്‍ വ്യക്തമാക്കി.

31.08.2019 ലെ സര്‍വകലാശാലാ വിജ്ഞാപനം പ്രകാരം വിവിധ പഠന വകുപ്പുകളിലേക്ക് അസിസ്റ്റന്റ് പ്രഫസര്‍, അസ്സാസിയേറ്റ് പ്രഫസര്‍, പ്രഫസര്‍ തസ്തികകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചിരുന്നു. 2018 യുജിസി റഗുലേഷന്‍സ് പ്രകാരം അസിസ്റ്റന്റ് പ്രഫസര്‍ നിയമനത്തിന്റെ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ രണ്ടു ഘട്ടങ്ങളാണുള്ളത്. ഒന്നാം ഘട്ടത്തില്‍ ഉദ്യോഗാര്‍ഥികളുടെ അപേക്ഷകള്‍ സൂക്ഷ്മ പരിശോധന നടത്തി അക്കാദമികമായ യോഗ്യതകള്‍ തിട്ടപ്പെടുത്തി ഇന്‍ഡക്‌സ് സ്‌കോര്‍ കണക്കാക്കുന്നു. അതിനായി റെഗുലേഷനിലെ അനുബന്ധപട്ടികയായ ടേബിള്‍ 3A ആണ് ഉപയോഗിക്കുന്നത്.

ഡിഗ്രി, പിജി, എംഫില്‍ എന്നീ ബിരുദങ്ങള്‍ക്ക് നേടിയ മാര്‍ക്കിന്റെ ശതമാനത്തിന് അനുപാതികമായ സ്‌കോര്‍ (ഡിഗ്രിക്ക് പരമാവധി 15, പി.ജി ക്ക് 25, എം.ഫില്‍ ന് 7) , പി.എച്ച്.ഡിക്ക് 30 സ്‌കോര്‍ (എം.ഫില്‍ + പി.എച്ച്.ഡിക്കും 30 സ്‌കോര്‍), NET with JRF ന് 7 സ്‌കോര്‍, (NET മാത്രമാണെങ്കില്‍ 5 സ്‌കോര്‍), UGC കെയര്‍ ലിസ്റ്റില്‍ പെട്ടതോ, Peer Reviewed ആയതോ ആയ ജേര്‍ണലുകളില്‍ പ്രസിദ്ധീകരിച്ച 5 പ്രബന്ധങ്ങള്‍ വരെ പരിഗണിച്ച് പരമാവധി 10 സ്‌കോര്‍ സര്‍വകലാശാലാ/കോളജ് തലത്തില്‍ റഗുലര്‍ അല്ലെങ്കില്‍ സ്‌കെയില്‍ഡ് അധ്യാപക തസ്തികകളിലെ അധ്യാപന പരിചയത്തിന് 5 വര്‍ഷം വരെ പരിഗണിച്ച് പരമാവധി 10 സ്‌കോര്‍. അന്തര്‍ദേശീയ/ദേശീയ/സംസ്ഥാന അവാര്‍ഡുകള്‍ക്ക് പരമാവധി 3 സ്‌കോര്‍ എന്നിങ്ങനെ മൊത്തം 100 മാര്‍ക്കിലാണ് ഇന്‍ഡക്‌സ് സ്‌കോര്‍. യുജിസി റഗുലേഷന്‍ അനുസരിച്ച് സര്‍വകലാശാലകള്‍ ഇന്‍ഡക്‌സ് മാര്‍ക്കിന് കട്ട് ഓഫ് മാര്‍ക്ക് നിശ്ചയിക്കുന്നു. ആ കട്ട് ഓഫിന് മുകളില്‍ ഇന്‍ഡക്‌സ് നേടിയവരെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുന്നതോടെ ആദ്യഘട്ടം പൂര്‍ത്തിയാകുന്നു.

സംസ്‌കൃത സര്‍വകലാശാലയുലെ അക്കാദമിക് കൗണ്‍സിലും, സിന്‍ഡിക്കേറ്റും ഇന്‍ഡക്‌സ് മാര്‍ക്കിന്റെ കട്ട് ഓഫ് ജനറല്‍ വിഭാഗത്തിലെ ഉദ്യോഗാര്‍ഥികള്‍ക്ക് 60 ഉം, എസ്‌സി/എസ്.ടി വിഭാഗക്കാര്‍ക്ക് 55 ഉം എന്നാണ് തീരുമാനിച്ചിരിക്കുന്നത്. ഈ കട്ട് ഓഫ് കേരളത്തിലെ ഇതര സര്‍വകലാശാലകള്‍ നിശ്ചയിച്ചിരിക്കുന്ന കട്ട് ഓഫ് മാര്‍ക്കിലും കൂടുതലാണ്. ഉദ്യോഗാര്‍ഥികളുടെ അക്കാദമിക യോഗ്യതകള്‍ക്ക് പരമാവധി പരിഗണന ആദ്യഘട്ടത്തില്‍ തന്നെ നല്‍കി ഏറ്റവും യോഗ്യരായവരെ മാത്രം രണ്ടാം ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കാന്‍ സര്‍വകലാശാല യു.ജി.സി റഗുലേഷന്‍ മാനിച്ചുതന്നെ ശ്രദ്ധിച്ചിട്ടുണ്ട് എന്ന് ഇതില്‍ നിന്നും വ്യക്തമാണ്.

രണ്ടാം ഘട്ടമായ അഭിമുഖത്തിന് നേരത്തെ ഉദ്യോഗാര്‍ഥികളെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യാന്‍ സ്വീകരിച്ച മാനദണ്ഡമായ ഇന്‍ഡക്‌സ് മാര്‍ക്ക് ബാധകമല്ല എന്ന് യുജിസി റഗുലേഷനിലെ 2018 part III Section 4, Clause 4 Note ല്‍ പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്. സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട ഉദ്യോഗാര്‍ഥികളെ അഭിമുഖത്തിന് വിധേയമാക്കുമ്പോള്‍ ഇന്‍ഡക്‌സ് മാര്‍ക്കോ, മറ്റു അധിക അക്കാദമിക യോഗ്യതകളോ, നേരത്തേ പരിഗണിച്ച മാനദണ്ഡങ്ങളോ വീണ്ടും പരിഗണിക്കേണ്ടതില്ല, ഇന്റര്‍വ്യൂ മാത്രമേ പരിഗണിക്കാവൂ എന്നും 2018 ലെ യുജിസി റഗുലേഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇന്റര്‍വ്യൂ കുറ്റമറ്റതാക്കുന്നതിനായി യുജിസി 2018 നിയമങ്ങളിലെ അന്തസത്ത ഉള്‍ക്കൊണ്ടുകൊണ്ട് അഞ്ച് വിഭാഗങ്ങളാക്കി ഉദ്യോഗാര്‍ഥിയുടെ കഴിവ് പരിശോധിക്കാന്‍ സെലക്ഷന്‍ കമ്മറ്റിയോട് അഭ്യര്‍ഥിച്ചിരുന്നു.

ഓരോ ഉദ്യോഗാര്‍ഥികളുടെയും ഇന്റര്‍വ്യൂ കഴിയുമ്പോള്‍തന്നെ അവര്‍ക്ക് നല്‍കുന്ന മാര്‍ക്ക് രേഖപ്പെടുത്തുവാനും ഇന്റര്‍വ്യൂവിന്റെ പരിസമാപ്തിയില്‍ ഓരോ അംഗവും ഉദ്യോഗാര്‍ഥികളുടെ പേരുകളും ഒരോ ഘടകത്തിനും നല്‍കിയ മാര്‍ക്കുകളും അതുകൂട്ടിയിട്ട ആകെ മാര്‍ക്കും സ്വന്തം കൈപ്പടയില്‍ വെട്ടും തിരുത്തും ഇല്ലാതെ ഒപ്പിട്ട് തിരികെ ഏല്‍പിക്കുകയാണ് ചെയ്തത്. തിരഞ്ഞെടുപ്പ് സമിതിയുടെ ചെയര്‍മാനായ വൈസ് ചാന്‍സലര്‍ക്ക് മാര്‍ക്കിടാനുള്ള അവകാശം വിനിയോഗിക്കുകയോ, വിനിയോഗിക്കാതിരിക്കുകയോ ചെയ്യാം. ഇവിടെ വൈസ് ചാന്‍സലര്‍ ഒരു തിരഞ്ഞെടുപ്പ് സമിതിയിലും നിര്‍ദ്ദിഷ്ട അവകാശം ഉപയോഗിച്ചിട്ടില്ല. മറ്റ് അംഗങ്ങള്‍ ഇട്ട മാര്‍ക്കുകളുടെ ആകെത്തുകയുടെ ശരാശരി കണക്കാക്കി അതിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ഥികളുടെ റാങ്ക് ലിസ്റ്റ് തയ്യാറാക്കുകയാണ് ചെയ്തിട്ടുള്ളത്.

ഏറ്റവും കുറഞ്ഞത് അരമണിക്കൂര്‍ സമയം ഓരോ ഉദ്യോഗാര്‍ഥിക്കുവേണ്ടിയും അഭിമുഖത്തിനായി സെലക്ഷന്‍ കമ്മറ്റി ചെലവഴിച്ചിട്ടുണ്ട് . ഈ സമയത്തിനുള്ളില്‍ ഉദ്യോഗാര്‍ഥിയുടെ ക്ലാസ്സെടുക്കാനുള്ള കഴിവ്, ക്ലാസ് റൂമിന്റെ അന്തരീക്ഷത്തില്‍ വിദഗ്ദ്ധരുമായി ചര്‍ച്ച ചെയ്യുന്ന രീതി, അധ്യാപനത്തിലെ സാങ്കേതികവിദ്യകളെക്കുറിച്ചുള്ള പരിജ്ഞാനം, ആശയ വിനിമയത്തിനുള്ള കഴിവ് , ഗവേഷണമേഖലയിലെ പ്രാവീണ്യം എന്നിവ പരിശോധിച്ച് ഓരോ അംഗവും തങ്ങളുടെ ബോധ്യമനുസരിച്ചാണ് മാര്‍ക്ക് നല്‍കുന്നത്. ഓരോ അംഗവും നല്‍കിയ മാര്‍ക്ക് വൈസ് ചാന്‍സലര്‍ക്ക് കൈമാറുകയും, അവ ക്രോഡീകരിച്ച് തയ്യാറാക്കിയ റാങ്ക് ലിസ്റ്റ് സര്‍വകലാശാലയുടെ ഉന്നതാധികാര സമിതിയായ സിന്‍ഡിക്കേറ്റിനു മുമ്പാകെ വൈസ് ചാന്‍സലര്‍ സമര്‍പ്പിക്കുകയും ചെയ്യുന്നു. സിന്‍ഡിക്കേറ്റിന്റെ അംഗീകാരത്തോടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് നിയമനത്തിനായി ഉദ്യോഗാര്‍ഥികള്‍ക്ക് മെമ്മോ നല്‍കുന്നു. ഈ പ്രക്രീയയാണ് എല്ലാ നിയമനത്തിലും നടന്നിട്ടുള്ളതെന്നും ഡോ. ധര്‍മ്മരാജന്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it