Kerala

ലോക്ക് ഡൗണും അതിര്‍ത്തിയും തടസമായില്ല; മരണത്തെ അതിജീവിച്ച് പിഞ്ചു കുഞ്ഞ് ജീവിതത്തിലേക്ക്

ഇന്നലെ നാഗര്‍കോവില്‍ ജയഹരണ്‍ ആശുപത്രിയില്‍ നിന്ന് തീവ്രപരിചരണ സൗകര്യമുള്ള ആംബുലന്‍സില്‍ ലിസി ആശുപത്രിയില്‍ എത്തിച്ച ഒരു ദിവസം മാത്രം പ്രായമുള്ള കുഞ്ഞു മാലാഖയാണ് അതിസങ്കീര്‍ണമായ ഹൃദയശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് തിരികെ എത്തിയത്.മുഖ്യമന്ത്രിയുടെ ഇടപെടലാണ് കടുത്ത ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കിടയിലും കുഞ്ഞിനെ കേരളത്തില്‍ എത്തിക്കാന്‍ സഹായിച്ചത്

ലോക്ക് ഡൗണും അതിര്‍ത്തിയും തടസമായില്ല; മരണത്തെ അതിജീവിച്ച് പിഞ്ചു കുഞ്ഞ് ജീവിതത്തിലേക്ക്
X

കൊച്ചി: മരണത്തെ മുഖാമുഖം കണ്ട ആ കുരുന്നിന് ജീവിതത്തിലേക്ക് പിച്ചവെയ്ക്കാന്‍ സര്‍ക്കാരും വൈദ്യസംഘവും ഒപ്പം നിന്നപ്പോള്‍ ലോക്ക് ഡൗണും, അതിര്‍ത്തിയുടെ അതിരുകളും തടസ്സമായില്ല. കുഞ്ഞു ജീവിതത്തിലെ ആദ്യദിനം ആശങ്കകളുടെയും നീണ്ട യാത്രയുടെയും ആയിരുന്നെങ്കില്‍ രണ്ടാംദിനത്തിന്റെ 'കൈനീട്ടം' പുതിയ ജീവിതത്തിന്റെ മിടിപ്പ് ആയിരുന്നു. ഇന്നലെ നാഗര്‍കോവില്‍ ജയഹരണ്‍ ആശുപത്രിയില്‍ നിന്ന് തീവ്രപരിചരണ സൗകര്യമുള്ള ആംബുലന്‍സില്‍ ലിസി ആശുപത്രിയില്‍ എത്തിച്ച ഒരു ദിവസം മാത്രം പ്രായമുള്ള കുഞ്ഞു മാലാഖയാണ് അതിസങ്കീര്‍ണമായ ഹൃദയശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് തിരികെ എത്തിയത്.

മുഖ്യമന്ത്രിയുടെ ഇടപെടലാണ് കടുത്ത ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കിടയിലും കുഞ്ഞിനെ കേരളത്തില്‍ എത്തിക്കാന്‍ സഹായിച്ചത്. വിഷുദിനത്തില്‍ രാവിലെയാണ് നാഗര്‍കോവില്‍ സ്വദേശിയായ യുവതി ജയഹരണ്‍ ആശുപത്രിയില്‍ കുഞ്ഞിന് ജന്മം നല്‍കിയത്. ജനിച്ച ഉടന്‍ കുഞ്ഞിന്റെ ശരീരത്തില്‍ നീല നിറം പടര്‍ന്ന് അതീവഗുരുതരാവസ്ഥയിലായി ഉടനെ കുഞ്ഞിനെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു തുടര്‍ന്ന് അവിടുത്തെ കാര്‍ഡിയോളജിസ്‌റ് ഡോ. വെങ്കിടേഷ് എറണാകുളം ലിസി ആശുപത്രിയിലെ കുട്ടികളുടെ ഹൃദ്രോഗ വിദഗ്ധനായ ഡോ. എഡ്വിന്‍ ഫ്രാന്‍സിസിനെ ബന്ധപ്പെട്ട് കുട്ടിയുടെ ആരോഗ്യനില ചര്‍ച്ച ചെയ്തു. അതേത്തുടര്‍ന്നാണ് കുട്ടിക്ക് എത്രയും വേഗം ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ വേണമെന്ന് നിശ്ചയിച്ചത്.


ഇപ്പോഴത്തെ സാഹചര്യത്തില്‍ അതിര്‍ത്തി കടന്നുള്ള യാത്ര സാധ്യമാകുമോ എന്ന ആശങ്കയിലാണ് ആശുപത്രി ഡയറക്ടര്‍ ഫാ. പോള്‍ കരേടന്‍ സഹായത്തിനായി മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടത്. കാര്യത്തിന്റെ ഗൗരവും ഉള്‍ക്കൊണ്ട അദ്ദേഹം ഉടനെ എറണാകുളം ജില്ലാ കലക്ടര്‍ എസ് സുഹാസുമായും തമിഴ്‌നാട് സര്‍ക്കാരുമായും ബന്ധപ്പെട്ട് യാത്രയ്ക്കുള്ള ക്രമീകരണങ്ങള്‍ ചെയ്തു. തുടര്‍ന്ന് വിഷുദിനത്തില്‍ തന്നെ ഉച്ചയ്ക്ക് 1.40 ന് കുട്ടിയെ കൊണ്ടുവരാനുള്ള ആംബുലന്‍സ് ലിസി ആശുപത്രിയില്‍ നിന്ന് പുറപ്പെട്ടു. നാഗര്‍കോവിലിലെ ആശുപത്രിയില്‍ എത്തി അവിടെ നിന്ന് വൈകിട്ട് 6.30 ന് ആംബുലന്‍സില്‍ പ്രത്യേകം തയ്യാറാക്കിയ വെന്റിലേറ്ററിലേക്ക് കുട്ടിയെ മാറ്റുകയും ഉടന്‍ തന്നെ എറണാകുളത്തേക്ക് തിരിക്കുകയും ചെയ്തു. രാത്രി പത്തു മണിയോടെ ലിസിയില്‍ എത്തിച്ചേര്‍ന്ന കുഞ്ഞിനെ ഉടനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി വിശദമായ പരിശോധനകള്‍ക്ക് വിധേയയാക്കി.

സാധാരണയായി ഹൃദയത്തിന്റെ വലത്തേ അറയില്‍ നിന്നും പമ്പ് ചെയ്യുന്ന അശുദ്ധരക്തം പള്‍മണറി ആര്‍ട്ടറി വഴി ശ്വാസകോശത്തില്‍ എത്തി ശുദ്ധീകരിക്കപ്പെട്ട ശേഷം അവിടെ നിന്ന് ഇടത്തെ അറയിലെത്തി മഹാധമനി വഴി തലച്ചോര്‍ അടക്കമുള്ള ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പോകുകയാണ് പതിവ്. എന്നാല്‍ ഈ കുഞ്ഞില്‍ ശുദ്ധരക്തവും, അശുദ്ധരക്തവും വഹിക്കുന്ന ധമനികള്‍ പരസ്പരം മാറിയ നിലയിലായിരുന്നു. അതിനാലാണ് അശുദ്ധരക്തം നിറഞ്ഞു കുട്ടിയുടെ ശരീരം നീലനിറമായത്. കുഞ്ഞുങ്ങളില്‍ ജന്മനാ ഉണ്ടാകുന്ന ഹൃദ്രോഗങ്ങളില്‍ ഏറ്റവും സങ്കീര്‍ണവും, അപൂര്‍വ്വവുമായ രോഗാവസ്ഥയാണിത്. പരിശോധനകള്‍ക്ക് ശേഷം രാവിലെ തന്നെ കുഞ്ഞിന് ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ നടത്തി. രണ്ട് ധമനികളും മുറിച്ചെടുത്തു പരസ്പരം മാറ്റി സ്ഥാപിക്കുന്ന അതിസങ്കീര്‍ണ്ണമായ ശസ്ത്രക്രിയയാണ് കുഞ്ഞിന് നടത്തിയത്.

അതോടൊപ്പം തന്നെ മഹാധമനിയില്‍ നിന്ന് ആരംഭിക്കുന്ന ഒരു മില്ലിമീറ്റര്‍ വ്യാസം മാത്രമുള്ള രക്തധമനികളെ ഇടത്തെ അറയിലേക്ക് മാറ്റുകയും ചെയ്തു. ഏകദേശം ഏഴു മണിക്കൂര്‍ സമയമെടുത്താണ് കുട്ടികളുടെ ശസ്ത്രക്രിയാ വിദഗ്ദ്ധനായ ഡോ. ജി എസ് സുനിലിന്റെ നേതൃത്വത്തില്‍ ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്. ഡോ. എഡ്വിന്‍ ഫ്രാന്‍സിസ്, ഡോ. ജെസണ്‍ ഹെന്‍ട്രി, ഡോ. ഫിലിപ്പ് മാത്യു, ഡോ. അനു ജോസ്, ഡോ. ബിജേഷ് വി, ഡോ. ദിവ്യ ജേക്കബ് എന്നിവര്‍ ശസ്ത്രക്രിയയില്‍ പങ്കാളികളായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം കുട്ടിയെ തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റി. അടുത്ത 48 മണിക്കൂര്‍ ശസ്ത്രക്രിയ പോലെ തന്നെ പ്രാധാന്യമേറിയതാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഡോ. ജോസ് ചാക്കോ പെരിയപ്പുറം, ഡോ. റോണി മാത്യു എന്നിവരും മെഡിക്കല്‍ സംഘത്തിന് പിന്തുണയുമായി ഒപ്പം നിന്നു.

Next Story

RELATED STORIES

Share it