Kerala

വംശവെറിക്കെതിരേ തലസ്ഥാനത്ത് പെൺപ്രതിരോധം തീർത്ത് എൻഡബ്ല്യൂഎഫ്

കനത്ത മഴയെ അവഗണിച്ച് സ്ത്രീകളും കുട്ടികളും ഉൾപ്പടെ ആയിരങ്ങളാണ് സമരത്തിൽ പങ്കാളിയായത്. ഗാന്ധി പാർക്കിൽ സംഘടിപ്പിച്ച പൊതുസമ്മേളനം പോപുലർഫ്രണ്ട് സംസ്ഥാന അധ്യക്ഷൻ നാസറുദീൻ എളമരം ഉദ്ഘാടനം ചെയ്തു.

വംശവെറിക്കെതിരേ തലസ്ഥാനത്ത് പെൺപ്രതിരോധം തീർത്ത് എൻഡബ്ല്യൂഎഫ്
X

തിരുവനന്തപുരം: നരേന്ദ്രമോദി നേതൃത്വം നൽകുന്ന ഫാസിസ്റ്റ് ഭരണകൂടത്തിന്റെ വംശവെറിക്കെതിരേ തലസ്ഥാനത്ത് പെൺപ്രതിരോധം തീർത്ത് എൻഡബ്ല്യൂഎഫ്. കനത്ത മഴയെ അവഗണിച്ച് സ്ത്രീകളും കുട്ടികളും ഉൾപ്പടെ ആയിരങ്ങളാണ് സമരത്തിൽ പങ്കാളിയായത്. പെൺപ്രതിരോധത്തിന്റെ ഭാഗമായി ഗാന്ധി പാർക്കിൽ സംഘടിപ്പിച്ച പൊതുസമ്മേളനം പോപുലർഫ്രണ്ട് സംസ്ഥാന അധ്യക്ഷൻ നാസറുദീൻ എളമരം ഉദ്ഘാടനം ചെയ്തു.

ഇന്ത്യയെന്ന പൂങ്കാവനത്തെ തകർക്കുന്ന വിഷവിത്തിനെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ആ വിഷവിത്തിനെ തിരിച്ചറിഞ്ഞ വിഭാഗങ്ങൾ ആരുടേയും സർട്ടിഫിക്കറ്റില്ലാതെ എല്ലാ കാലത്തും മുന്നോട്ടു പോകും. എവിടെ ചേർന്നാലും ചേർന്നു നിന്നിട്ടില്ലെങ്കിലും മണ്ണോടു ചേരുമ്പോഴാവും ഈ സമരം അവസാനിക്കുക. ഞങ്ങൾ ഈ സമരം തുടങ്ങിവച്ചത് സൗകര്യങ്ങൾക്കോ, സ്ഥാനമാനങ്ങൾക്കോ, കൊടിവച്ച കാറിൽ പായാനോ അല്ല. ഈ രാജ്യത്ത് ഓരോ മനുഷ്യനും സമാധാനത്തോടെ ജീവിക്കുന്ന ഇന്ത്യയ്ക്ക് വേണ്ടിയാണ്. ജനങ്ങൾക്ക് നിർഭയമായി കഴിയാനും തുല്യനീതി പുലരാനും കഴിയണം.


നുണകൾ മാത്രം പറയുന്ന ആർഎസ്എസ് ഗീബൽസിന്റെ ആശയങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്. നുണകൾ പ്രചരിപ്പിച്ചും ഭീകരനിയമങ്ങൾ അടിച്ചേൽപ്പിച്ചും ഇന്ത്യൻ ജനതയെ ഭിന്നിപ്പിക്കാനാണ് ആർഎസ്എസും ബിജെപിയും ശ്രമിക്കുന്നത്. ഇന്ത്യാ രാജ്യം മുസൽമാന്റേത് മാത്രമല്ല, ആ ഇന്ത്യയിൽ എല്ലാവരുമുണ്ട്. ആർഎസ്എസിന്റെ കാര്യാലയത്തിൽ പോയി പരിശീലനം നേടാത്ത ഹിന്ദുവിന്റെതാണ്, പള്ളിയിൽ പോയി സുജൂദ് ചെയ്യുന്ന മുസ്ലീമിന്റേതാണ്, ചർച്ചുകളിൽ ആരാധന നടത്തുന്ന ക്രൈസ്തവരുടേതാണ്, സിക്കുകാരന്റേതാണ്, നാനാജാതി ജനവിഭാഗത്തിന്റെതാണ്. ആ ഇന്ത്യ തകരാൻ ഒരിക്കലും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്‍ഡബ്ല്യുഎഫ് സംസ്ഥാന വൈസ് പ്രസിഡന്റ് എ കെ കവിത അധ്യക്ഷത വഹിച്ചു. ദേശീയ ട്രഷറര്‍ എ എസ് സൈനബ വിഷയാവതരണം നടത്തി. ആരിഫ (ജമാഅത്തെ ഇസ്‌ലാമി), വിനീത വിജയന്‍, സലീന പ്രക്കാനം (സ്റ്റേറ്റ് ചെയര്‍പെഴ്‌സണ്‍, ഡിഎച്ച്ആര്‍എം), റുബീന ജലാല്‍ (ദേശീയ സമിതി അംഗം, എന്‍ഡബ്ല്യുഎഫ്), ശശി കുമാരി (വിമണ്‍ ഇന്ത്യ മൂവ്‌മെന്റ്), ഡോ. ആരിഫ സൈനുദ്ദീന്‍ (മുസ്‌ലിം അസോസിയേഷന്‍, ജില്ലാ പ്രസിഡന്റ്), അഡ്വ. റസീന, ലസിദ ടീച്ചര്‍ (സംസ്ഥാന കമ്മിറ്റി അംഗം, വിമണ്‍ ഇന്ത്യ മൂവ്‌മെന്റ്), ഡോ. റസിയ, (സാമൂഹ്യ പ്രവര്‍ത്തക), ഫാത്തിമ ഷെറിന്‍ (സംസ്ഥാന വൈസ് പ്രസിഡന്റ്, കാംപസ് ഫ്രണ്ട്), മാജിദാ നിസാം (ജില്ലാ പ്രസിഡന്റ്, എന്‍ഡബ്ല്യുഎഫ്), സജീന (ജില്ലാ സെക്രട്ടറി, എന്‍ഡബ്ല്യുഎഫ്) സംസാരിച്ചു. തുടർന്ന് ഫാസിസ്റ്റ് വിരുദ്ധ പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു.

ബാബരി മസ്ജിദ് വിധി അനീതി, പൗരത്വ ഭേഭഗതി നിയമം ഭരണഘടനാ വിരുദ്ധം, എന്‍ആര്‍സി വംശീയ ഉന്മുലന പദ്ധതി എന്നി വിഷയങ്ങള്‍ ഉയര്‍ത്തി നാഷനല്‍ വിമൻസ് ഫ്രണ്ട് തിരുവനന്തപുരത്ത് സംഘടിപ്പിച്ച പെണ്‍ പ്രതിരോധത്തിന്റെ ഭാഗമായി നടത്തിയ റാലി സംഘപരിവാരത്തിന് ശക്തമായ താക്കിതായി. പൊതുസമ്മേളനത്തിന് മുന്നോടിയായി പാളയത്തു നിന്നും ആരംഭിച്ച പ്രകടനത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പടെ ആയിരങ്ങൾ അണിനിരന്നു. മതത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ വെട്ടിമുറിക്കാനുള്ള ബിജെപി- ആർഎസ്എസ് കേന്ദ്രങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധമാണ് അലയടിച്ചത്. ഫാസിസ്റ്റ് ഭരണകൂടത്തിന്റെ നെറികേടുകൾ തുറന്നുകാട്ടുന്ന മുദ്രാവാക്യങ്ങളും ബാനറുകളും പ്ലക്കാർഡുകളുമേന്തിയാണ് സ്ത്രീകളും കുട്ടികളും പ്രകടനത്തിൽ അണിനിരന്നത്.

Next Story

RELATED STORIES

Share it