Kerala

തമിഴ്‌നാട്ടിലെ കൊലപാതകം: എറണാകുളത്ത് ഒളിവില്‍ കഴിഞ്ഞ പ്രതി പിടിയില്‍

2014 ല്‍ തമിഴ്‌നാട് രാമനാഥപുരം ജില്ലയിലെ സയല്‍ഗുഡി പോലിസ് സ്റ്റേഷന്‍ പരിധിയിലെ ബിവറേജസ് ഷോപ്പിനു മുന്നില്‍ വെച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സയല്‍ഗുഡി സ്വദേശി തിരുപ്പതി (48) യെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി സയല്‍ഗുഡി സ്വദേശി പശുമ്പന്‍ ലിംഗം (36)ത്തിനെയാണ് എറണാകുളം നോര്‍ത്ത് പോലിസ് പിടികൂടി തമിഴ് നാട് പോലീസിനെ ഏല്‍പ്പിച്ചത്

തമിഴ്‌നാട്ടിലെ കൊലപാതകം: എറണാകുളത്ത് ഒളിവില്‍ കഴിഞ്ഞ പ്രതി പിടിയില്‍
X

കൊച്ചി: തമിഴ്‌നാട്ടില്‍ നടത്തിയ കൊലപാതകത്തിനു ശേഷം ജാമ്യത്തില്‍ പുറത്തിറങ്ങി എറണാകുളത്തെത്തി ഒളിവില്‍ കഴിഞ്ഞ പ്രതിയെ എറണാകുളം നോര്‍ത്ത് പോലിസ് പിടികൂടി.2014 ല്‍ തമിഴ്‌നാട് രാമനാഥപുരം ജില്ലയിലെ സയല്‍ഗുഡി പോലിസ് സ്റ്റേഷന്‍ പരിധിയിലെ ബിവറേജസ് ഷോപ്പിനു മുന്നില്‍ വെച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സയല്‍ഗുഡി സ്വദേശി തിരുപ്പതി (48) യെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി സയല്‍ഗുഡി സ്വദേശി പശുമ്പന്‍ ലിംഗം (36)ത്തിനെയാണ് എറണാകുളം നോര്‍ത്ത് പോലിസ് പിടികൂടി തമിഴ് നാട് പോലീസിനെ ഏല്‍പ്പിച്ചത്.ഈ കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പ്രതി ജാമ്യം എടുത്ത ശേഷം മുങ്ങുകയായിരുന്നു.

പിന്നീട് എറണാകുളത്തു എത്തിയ ഇയാള്‍ കലൂരിലും കടവന്ത്രയിലും വൈറ്റിലയിലുമായി പണിയെടുക്കുകയും കടത്തിണ്ണകളില്‍ കഴിഞ്ഞു വരികയുമായിരുന്നു. പ്രതി ഒളിവില്‍ പോയതിനെ തുടര്‍ന്ന് വിചാരണ തടസപ്പെട്ടതിനാല്‍ രാമനാഥപുരം എസ്പി യുടെ കീഴിലുള്ള പ്രത്യേക അന്വഷണ സംഘം ഇയാളെ കുറിച്ച് അന്വഷണം നടത്തി വരികയായിരുന്നു. ഇയാളുടെ ഫോട്ടോയോ മൊബൈല്‍ നമ്പറോ കയ്യില്‍ ഇല്ലാതിരുന്നതിനാല്‍ ഇയാളെ കണ്ടെത്തുക ബുദ്ധിമുട്ടായിരുന്നു. ഒടുവില്‍ പോലിസ് വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴി വിവരം അറിഞ്ഞ നോര്‍ത്ത് പോലിസ് കലൂരിലും പരിസരങ്ങളിലും ഇയാളെ കുറിച്ച് നടത്തിയ അന്വഷണത്തിനൊടുവില്‍ പൊറ്റക്കുഴി ഭാഗത്തു നിന്നാണ് ഇയാളെ പിടികൂടിയത്.അസിസ്റ്റന്റ് കമ്മിഷണര്‍ ലാല്ജിയുടെ നിര്‍ദ്ദേശ പ്രകാരം എറണാകുളം നോര്‍ത്ത് എസ്എച്ച് ഒ സിബി ടോം, എസ് ഐ അനസ്, എഎസ് ഐ വിനോദ് കൃഷ്ണ,സിപിഒ അജിലേഷ് എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് തമിഴ് നാട്ടിലേക്ക് കൊണ്ടുപോയി.

Next Story

RELATED STORIES

Share it