Kerala

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ മുണ്ടിനീര് രോഗം പടരുന്നു

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ മുണ്ടിനീര് രോഗം പടരുന്നു
X

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ മുണ്ടിനീര് രോഗം വ്യാപിക്കുന്നു. വായുവില്‍ക്കൂടി പകരുന്ന വൈറസ് രോഗമായതിനാല്‍ പല സ്‌കൂളുകളിലും വിദ്യാര്‍ഥികള്‍ക്കിടയില്‍ രോഗബാധ വ്യാപകമാണ്. അസുഖം വന്നാല്‍ നിരവധി ദിവസമാണ് ഇതിന്റെ വേദനയും അസ്വസ്ഥതകളും. ഇതിനാല്‍ സ്‌കൂളില്‍ കുട്ടികള്‍ നീണ്ട ദിവസങ്ങള്‍ അവധിയെടുക്കേണ്ടി വരുന്നു. നിലവില്‍ നടക്കുന്ന പരീക്ഷകളില്‍ അടക്കം നിരവധി കുട്ടികള്‍ അവധിയാണ്. ദിവസേന അന്‍പതിലേറെ പേര്‍ക്ക് തിരുവനന്തപുരം ജില്ലയില്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ രണ്ടു ഡോക്ടര്‍മാര്‍ക്കും ഇതിനിടെ രോഗം ബാധിച്ചു. ഒ.പി.യില്‍ ചികിത്സയ്‌ക്കെത്തിയവരില്‍നിന്നു രോഗം പകര്‍ന്നതാണെന്നാണ് വിലയിരുത്തല്‍. പത്തുദിവസത്തിലേറെ ഡോക്ടര്‍മാര്‍ വിശ്രമത്തിലായിരുന്നു.

വയനാട് ജില്ലയില്‍ ഈ രോഗം വ്യാപകമായി ഉണ്ട്.കാലാവസ്ഥാ വ്യതിയാനം കാരണം പുതിയ ഇനം വൈറസാണ് പകരുന്നതെന്നാണ് ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ടവര്‍ സൂചിപ്പിക്കുന്നത്. പുതിയ വകഭേദമായതിനാല്‍ രോഗത്തിന്റെ തീവ്രതയിലും വ്യത്യാസമുണ്ട്. സാധാരണയായി പത്തുവയസ്സ് വരെയുള്ള കുട്ടികളെ ബാധിക്കുന്ന രോഗമാണ് മുതിര്‍ന്നവരിലേക്കും പകരുന്നത്.

ഉമിനീര്‍ ഗ്രന്ഥികളിലുണ്ടാകുന്ന വീക്കമാണ് മുണ്ടിനീര് അഥവാ മംപ്‌സ് എന്നത്. മുന്‍പ് കുട്ടികള്‍ക്ക് ഇതിനെ ചെറുക്കുന്നതിനുള്ള് പ്രതിരോധ കുത്തിവെയ്പ് നല്‍കിയിരുന്നു. എട്ടു വര്‍ഷമായി വാക്‌സിന്‍ നല്‍കുന്നില്ല. കേള്‍വി തകരാറിന് കാരണമാകുന്നതിനാല്‍ മുണ്ടിനീരിനുള്ള ചികിത്സ വൈകാന്‍ പാടില്ല. തലച്ചോറിലേക്ക് വ്യാപിച്ചാല്‍ രോഗം സങ്കീര്‍ണമാകും.






Next Story

RELATED STORIES

Share it