Kerala

വിദ്യാര്‍ഥിയെക്കൊണ്ട് മൂന്നുതവണ കാല് പിടിപ്പിച്ചു; കാസര്‍കോട് ഗവ.കോളജ് അധ്യാപികയ്‌ക്കെതിരേ പരാതിയുമായി എംഎസ്എഫ്

വിദ്യാര്‍ഥിയെക്കൊണ്ട് മൂന്നുതവണ കാല് പിടിപ്പിച്ചു; കാസര്‍കോട് ഗവ.കോളജ് അധ്യാപികയ്‌ക്കെതിരേ പരാതിയുമായി എംഎസ്എഫ്
X

കാസര്‍കോട്: കോളജില്‍നിന്ന് പുറത്താക്കാതിരിക്കാന്‍ കാസര്‍കോട് ഗവ.കോളജ് പ്രിന്‍സിപ്പാള്‍ വിദ്യാര്‍ഥിയെക്കൊണ്ട് കാല് പിടിപ്പിച്ചെന്ന പരാതിയുമായി എംഎസ്എഫ് രംഗത്ത്. പ്രിന്‍സിപ്പാള്‍ എം രമ മൂന്ന് തവണ കാല് പിടിപ്പിച്ചെന്നാണ് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥി മുഖ്യമന്ത്രിക്കും ഡിജിപിക്കും നല്‍കിയ പരാതിയില്‍ പറയുന്നത്. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസാണ് വാര്‍ത്താസമ്മേളനം വിളിച്ച് അധ്യാപികയ്‌ക്കെതിരേ രംഗത്തുവരികയും വിദ്യാര്‍ഥി കാല് പിടിക്കുന്ന ചിത്രം പുറത്തുവിടുകയും ചെയ്തത്.

വിദ്യാര്‍ഥിയുമായി ബന്ധപ്പെട്ടുയര്‍ന്ന ഒരു പരാതിയെക്കുറിച്ച് സംസാരിക്കാനായി പ്രിന്‍സിപ്പാളിനെ കാണാനെത്തിയപ്പോള്‍ അവര്‍ കുട്ടിയെ അപമാനിക്കുകയും ഒടുവില്‍ കാല് പിടിക്കണമെന്ന് ഉപാധിവയ്ക്കുകയുമായിരുന്നു. കാല് പിടിച്ച് മാപ്പ് പറഞ്ഞാല്‍ പ്രശ്‌നം ഒഴിവാക്കിത്തരാമെന്നും അല്ലെങ്കില്‍ കോളജില്‍നിന്ന് പുറത്താക്കുമെന്നും അധ്യാപിക വിദ്യാര്‍ഥിയോട് പറഞ്ഞതായും നവാസ് അവകാശപ്പെട്ടു. ഇത്തരമൊരു സംസ്‌കാരം പുലര്‍ത്തുന്ന അധ്യാപികയ്ക്ക് കാസര്‍കോക് ഗവണ്‍മെന്റ് കോളജില്‍ തുടര്‍ന്നുപോകാനാവില്ല. പുരോഗമന കേരളത്തിന് ചിന്തിക്കാനാവാത്ത അവസ്ഥയാണ് ഈ നടപടി. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം.

സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ ഉടന്‍ പരിശോധിക്കുകയും അധ്യാപികയെ മാറ്റിനിര്‍ത്തി നടപടിയെടുക്കുകയും വേണം. തട്ടമിടുന്നതും പര്‍ദ ധരിക്കുന്നതുമായ പെണ്‍കുട്ടികളാണ് കോളജ് കാംപസിനകത്ത് കഞ്ചാവ് കൊണ്ടുവരുന്നതെന്ന് ഇവര്‍ വിദ്യാര്‍ഥികളോട് പറഞ്ഞിട്ടുണ്ട്. വിദ്യാര്‍ഥി- വിദ്യാര്‍ഥിനികള്‍ പരസ്പരം സംസാരിക്കുന്നത് സദാചാര വിരുദ്ധമായി പ്രിന്‍സിപ്പാള്‍ ഇന്‍ചാര്‍ജ് മുദ്രകുത്തിയെന്നും പി കെ നവാസ് കൂട്ടിച്ചേര്‍ത്തു. അതേസമയം, വിദ്യാര്‍ഥി സ്വമേധയാ കാല് പിടിക്കുകയാണെന്നാണ് അധ്യാപികയുടെ വിശദീകരണം.

മാസ്‌കിടാതെ ഒരു പറ്റം വിദ്യാര്‍ഥികള്‍ കോളജിന് മുന്‍വശം നില്‍ക്കുന്നത് കണ്ട് ചോദ്യം ചെയ്തപ്പോള്‍ ഒരു കുട്ടി തന്നെ അടിക്കാനായി വന്നു. തുടര്‍ന്ന് താന്‍ പോലിസിനെ വിളിച്ചു. മാസ്‌കിടാത്ത വിദ്യാര്‍ഥിയുടെ പക്കല്‍നിന്നും ഫൈന്‍ മേടിച്ച പോലിസ് ആക്രമിക്കാന്‍ ശ്രമിച്ചതില്‍ പരാതിയുണ്ടെങ്കില്‍ നല്‍കണമെന്നും പറഞ്ഞു. അതിനുശേഷം തനിക്ക് ഒരുപാട് കോളുകളാണ് വന്നത്. വിദ്യാര്‍ഥി കാല് പിടിക്കാന്‍ തയ്യാറാണെന്നും ടീച്ചര്‍ ക്ഷമിക്കണമെന്നും ഫോണ്‍ വിളിച്ചവര്‍ ആവശ്യപ്പെട്ടു.

നിരന്തരം കോളുകള്‍ വന്നതിനെത്തുടര്‍ന്ന്, പോലിസിന് കൈമാറാന്‍ മേശപ്പുറത്ത് എഴുതിവച്ച പരാതിയില്‍നിന്ന് പിന്‍മാറുകയായിരുന്നു. കഴിഞ്ഞമാസം 18 ന് വെള്ളിയാഴ്ചയാണ് ഈ സംഭവം നടക്കുന്നത്. തിങ്കളാഴ്ച എംഎസ്എഫ് നേതാക്കള്‍ വിദ്യാര്‍ഥിക്കൊപ്പം തന്നെ കാണാന്‍ വന്നു. തുടര്‍ന്ന് വിദ്യാര്‍ഥി തന്റെ കാല് പിടിക്കുകയായിരുന്നു. താന്‍ ഇതിന് നിര്‍ബന്ധിച്ചിട്ടില്ലെന്നും അധ്യാപിക പറയുന്നു.

Next Story

RELATED STORIES

Share it