Kerala

കൊവിഡ് 19: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കൂടുതല്‍ വിപുലമായ സംവിധാനങ്ങള്‍

രക്തസാമ്പിള്‍ ശേഖരണം രാവിലെ എട്ടുമുതല്‍ 12.30 വരെയായി നിജപ്പെടുത്തി. ഐസിയു കിടക്കകളുടെ എണ്ണം 45 ആയി വര്‍ധിപ്പിച്ചു. ജീവനക്കാര്‍ക്ക് വാഹന സൗകര്യവും ദൂരെസ്ഥലങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് താമസസൗകര്യവും ഏര്‍പ്പെടുത്തി.

കൊവിഡ് 19: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കൂടുതല്‍ വിപുലമായ സംവിധാനങ്ങള്‍
X

തിരുവനന്തപുരം: കോവിഡ് 19 ചികിത്സയുടെ ഭാഗമായി മെഡിക്കല്‍ കോളേജില്‍ എത്തുന്ന രോഗികള്‍ക്കായി കൂടുതല്‍ ചികിത്സാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നു. നിലവിലുള്ള 15 ഐസിയു കിടക്കകള്‍ക്കുപുറമേ ചൊവ്വാഴ്ച 10 കിടക്കകള്‍ കൂടുതലായി ഏര്‍പ്പെടുത്തി. ഇതോടെ നിലവില്‍ 25 തീവ്രപരിചരണ കിടക്കകളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബുധനാഴ്ചയോടെ ഇത് 45 ആയി മാറും. മെഡിസിന്‍ തീവ്രപരിചരണ വിഭാഗത്തിന്‍റെ കീഴിലുള്ള കിടക്കകളാണ് ഏറ്റവും ഒടുവിലായി കോവിഡ് 19 ചികിത്സയ്ക്കായി മാറ്റിവച്ചത്. കൂടുതല്‍ രോഗികളെ പ്രവേശിപ്പിക്കേണ്ട സാഹചര്യമുണ്ടായാല്‍ സൗകര്യപ്രദമാംവിധം ചികിത്സ ലഭ്യമാക്കാനാണ് മുന്‍കൂട്ടി കിടക്കകളുടെ എണ്ണം വര്‍ധിപ്പിക്കുന്നത്. അടുത്തദിവസം തന്നെ കാത്ത് ഐസിയുവിലെ 13 കിടക്കകള്‍ കൂടി മാറ്റിവയ്ക്കും. കെ എച്ച് ആര്‍ ഡബ്ളിയു എസ് മൂന്നാം നില മുഴുവനായി 60 കിടക്കകളുള്ള ഐസൊലേഷന്‍ ഏരിയയാക്കി മാറ്റും. അങ്ങനെ 150 ഐസൊലേഷൻ വാർഡുകൾ അടുത്ത ദിവസത്തോടെ സജ്ജമാകും. നിലവില്‍ നിരീക്ഷണത്തിലുള്ള രോഗികളില്‍ കോവിഡ് 19 പരിശോധനാഫലം നെഗറ്റീവ് ആണെങ്കിലും പലരും മറ്റ് രോഗങ്ങള്‍ ഉള്ളവരാണ്. അതുകൊണ്ടുതന്നെ ഇവര്‍ക്ക് തുടര്‍ ചികിത്സ ആവശ്യമുള്ളവരാണ്. ഹൃദയ സംബന്ധമായ രോഗമുള്ളവരും വൃക്ക രോഗികളും ഇക്കൂട്ടത്തിലുണ്ട്. കൂടുതല്‍ ശ്രദ്ധ വേണ്ടതിനാല്‍ ഇത്തരം രോഗികളെ വീട്ടിലോ ആശുപത്രിയിലെ മറ്റേതെങ്കിലും മുറിയിലോ ഐസൊലേഷനില്‍ കിടത്തി ചികിത്സിക്കാനാവില്ല. തല്‍ക്കാലം ഐസിയുവിലെ ചികിത്സ തുടര്‍ന്നേ മതിയാകൂവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. നിരീക്ഷണത്തിലുള്ള ഡയാലിസിസ് രോഗികള്‍ക്ക് ഡയാലിസിസ് ചെയ്യാന്‍ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്.

ആശുപത്രിയിലെ ബ്ലഡ് ബാങ്കിലെ സാമ്പിള്‍ കളക്ഷന്‍ രാവിലെ എട്ടുമണി മുതല്‍ 12.30വരെയായി നിജപ്പെടുത്താനും തീരുമാനിച്ചു. പൊതുഗതാഗതം നിര്‍ത്തിവച്ച സാഹചര്യത്തില്‍ മെഡിക്കല്‍ കോളേജ് ജീവനക്കാര്‍ക്കുവേണ്ടി യാത്രാസൗകര്യം ഏര്‍പ്പെടുത്തി. കോളേജ് ബസ് ഉപയോഗിച്ച് സര്‍വീസ് നടത്താനാണ് തീരുമാനം. ദൂരെസ്ഥലങ്ങളില്‍ നിന്നും വരുന്നവര്‍ക്കായി മെന്‍സ് ഹോസ്റ്റല്‍, ലേഡീസ് ഹോസ്റ്റല്‍, നേഴ്സിംഗ് കോളേജ് ഹോസ്റ്റല്‍ എന്നിവിടങ്ങളില്‍ താമസസൗകര്യമൊരുക്കി.

Next Story

RELATED STORIES

Share it