Kerala

കൂടുതല്‍ കൊവിഡ് കേസുകള്‍: അതീവജാഗ്രത വേണമെന്ന് കലക്ടര്‍; കോട്ടയം ജില്ലയില്‍ നാളെ കര്‍ശന നിയന്ത്രണം

പ്രതിരോധനടപടികള്‍ ഊര്‍ജിതമാക്കുന്നത് സംബന്ധിച്ച് ജില്ലയുടെ ചുമതലയുള്ള മന്ത്രി പി തിലോത്തമന്റെ അധ്യക്ഷതയില്‍ നാളെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേരും. രാവിലെ 10.30ന് കലക്ടറേറ്റിലാണ് യോഗം.

കൂടുതല്‍ കൊവിഡ് കേസുകള്‍: അതീവജാഗ്രത വേണമെന്ന് കലക്ടര്‍; കോട്ടയം ജില്ലയില്‍ നാളെ കര്‍ശന നിയന്ത്രണം
X

കോട്ടയം: കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 11 ആയി ഉയര്‍ന്ന സാഹചര്യത്തില്‍ ജില്ലയില്‍ പൊതുജനങ്ങള്‍ അതീവജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ പി കെ സുധീര്‍ ബാബു അറിയിച്ചു. രോഗപ്രതിരോധനത്തിനായി ആരോഗ്യവകുപ്പ് നല്‍കിയിട്ടുള്ള നിര്‍ദേശങ്ങള്‍ പാലിക്കാനും സാമൂഹിക അകലം ഉറപ്പാക്കാനും ശ്രദ്ധിക്കണം. പ്രതിരോധനടപടികള്‍ ഊര്‍ജിതമാക്കുന്നത് സംബന്ധിച്ച് ജില്ലയുടെ ചുമതലയുള്ള മന്ത്രി പി തിലോത്തമന്റെ അധ്യക്ഷതയില്‍ നാളെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേരും. രാവിലെ 10.30ന് കലക്ടറേറ്റിലാണ് യോഗം.

നാളെ ജില്ലയില്‍ ഭക്ഷ്യവസ്തുക്കളുടെ നിര്‍മാണ, വിതരണ, വില്‍പ്പന കേന്ദ്രങ്ങളും ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളും മാത്രമേ തുറക്കാവൂ. സര്‍ക്കാര്‍ ഓഫിസുകള്‍ 33 ശതമാനം ഹാജര്‍ നിലനിര്‍ത്തി പ്രവര്‍ത്തിക്കാം. ഹോട്ട് സ്പോട്ടുകളിലെ സര്‍ക്കാര്‍ ഓഫിസുകള്‍ തുറക്കേണ്ടതില്ല. അടിയന്തര ആവശ്യങ്ങള്‍ക്കൊഴികെ വാഹനങ്ങള്‍ നിരത്തിലിറക്കരുത്. വരുംദിവസങ്ങളിലെ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് നാളത്തെ യോഗത്തില്‍ തീരുമാനമെടുക്കും. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെയും ജനറല്‍ ആശുപത്രിയിലെയും മറ്റ് പ്രധാന ചികില്‍സാകേന്ദ്രങ്ങളിലെയും തിരക്ക് കുറയ്ക്കുന്നതിന് പൊതുജനങ്ങള്‍ സഹകരിക്കണം.

ഗുരുതരമല്ലാത്ത ആരോഗ്യപ്രശ്നങ്ങള്‍ക്ക് തൊട്ടടുത്ത ആശുപത്രികളില്‍ ചികില്‍സതേടാന്‍ ശ്രദ്ധിക്കണം. കൊവിഡ്- പ്രതിരോധനടപടികളുടെ ഭാഗമായി ജില്ലയില്‍ സാംപിള്‍ പരിശോധന വ്യാപകമാക്കുമെന്നും കലക്ടര്‍ പറഞ്ഞു. ഇതിനായി കോട്ടയം മെഡിക്കല്‍ കോളജിലെയും തലപ്പാടിയിലെ മഹാത്മഗാന്ധി സര്‍വകലാശാലയുടെ ഇന്റര്‍ യൂനിവേഴ്സിറ്റി സെന്റര്‍ ഫോര്‍ ബയോ മെഡിക്കല്‍ റിസര്‍ച്ചിലെയും സൗകര്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തും.

Next Story

RELATED STORIES

Share it