Kerala

മൂലമറ്റം നിലയം ഒരുമാസത്തേക്ക് അടച്ചിടും: വൈദ്യുതി ഉത്പാദനം നിര്‍ത്തും

അറ്റകുറ്റപ്പണിയെ തുടര്‍ന്നാണ് നടപടി

മൂലമറ്റം നിലയം ഒരുമാസത്തേക്ക് അടച്ചിടും: വൈദ്യുതി ഉത്പാദനം നിര്‍ത്തും
X

ഇടുക്കി: അറ്റകുറ്റപ്പണിയുടെ ഭാഗമായി ഇടുക്കി മൂലമറ്റം ജലവൈദ്യുതി നിലയം അടുത്തമാസം അടച്ചിടുന്നു. നവംബര്‍ 11മുതല്‍ ഡിസംബര്‍ 10 വരെയാണ് മൂലമറ്റത്ത് നിന്നുളള വൈദ്യുതോത്പാദനം പൂര്‍ണമായി നിര്‍ത്തുക. ഇതോടെ, പ്രതിദിനം 660 മെഗാവാട്ട് വൈദ്യുതി കുറയുന്നതുമൂലം വൈദ്യുതി നിയന്ത്രണവും ഏര്‍പ്പെടുത്തേണ്ടിവരും. തുലാവര്‍ഷം തകര്‍ത്തുപെയ്യുന്ന സമയം നിലയം അടച്ചിട്ടാല്‍ ഇടുക്കി അണക്കെട്ടിലെ വെള്ളം വെറുതെ ഒഴുക്കിക്കളയേണ്ടി വരും. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുതി നിലയമാണ് മൂലമറ്റം പവര്‍ സ്റ്റേഷന്‍. ആദ്യമായാണ് നിലയം സമ്പൂര്‍ണമായി അടച്ചിടുന്നത്.

വൈദ്യുതിനിലയത്തിലെ ബട്ടര്‍ഫ്ളൈ വാള്‍വിനുളള ചോര്‍ച്ച പരിഹരിക്കുക, പ്രധാന രണ്ട് ഇന്‍ലറ്റ് വാള്‍വുകളുടെ അറ്റകുറ്റപ്പണി എന്നിവയ്ക്കാണ് നിലയം അടച്ചിടുന്നത്. ഇടുക്കി അണക്കെട്ടില്‍ ഇപ്പോള്‍ ജലനിരപ്പ് 2,383 അടിയാണ്. അടുത്തമാസം പരമാവധി സംഭരണ നില 2,403 അടിയാവും. 23 അടികൂടി ജലം ഒഴുകിയെത്തിയാല്‍ ഇടുക്കി അണക്കെട്ട് തുറക്കേണ്ടിവരും. എന്നാല്‍ ഇതുകാരണം സംസ്ഥാനത്ത് കടുത്ത വൈദ്യുതി പ്രതിസന്ധിയുണ്ടാകില്ലെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം. ജൂലൈയില്‍ അധികമായി ഉദ്പാദിപ്പിച്ച വൈദ്യുതി പഞ്ചാബ്, മധ്യപ്രദേശ്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങള്‍ക്ക് കൈമാറിയിരുന്നു. ഇത് നവംബറില്‍ അഞ്ചു ശതമാനം അധിക വൈദ്യുതി സഹിതം തിരിച്ചു കിട്ടുമെന്നാണ് കെഎസ്ഇബി വിശദീകരിക്കുന്നത്. ജൂലൈയില്‍ അറ്റകുറ്റപ്പണി നടത്താന്‍ പദ്ധതിയിട്ടിരുന്നെങ്കിലും കനത്ത മഴ വന്നതോടെ മാറ്റി വെക്കുകയായിരുന്നു.

Next Story

RELATED STORIES

Share it