Kerala

'കുഴല്‍പ്പണക്കടത്ത് കേസ് പ്രതി രാജ്യസ്‌നേഹം പഠിപ്പിക്കേണ്ട'; കെ സുരേന്ദ്രനെതിരെ ഷാഫി പറമ്പില്‍

ബിജെപിയില്‍ നിന്ന് രാജ്യസ്‌നേഹം പഠിക്കേണ്ട ഗതികേട് ഒരു കാലത്തും വരാന്‍ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കുഴല്‍പ്പണക്കടത്ത് കേസ് പ്രതി രാജ്യസ്‌നേഹം പഠിപ്പിക്കേണ്ട; കെ സുരേന്ദ്രനെതിരെ ഷാഫി പറമ്പില്‍
X
പാലക്കാട്: വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് വിവാദത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് എംഎല്‍എ ഷാഫി പറമ്പില്‍. ഒരടിസ്ഥാനവുമില്ലാത്ത ആരോപണം ഉന്നയിക്കുന്നത് ശീലമാക്കിയ ആളാണ് കെ സുരേന്ദ്രനെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. സീറോ ക്രഡിബിലിറ്റിയുള്ളയാളാണ് സുരേന്ദ്രന്‍. വാര്‍ത്തയില്‍ ഇടം പിടിക്കാനുള്ള ഇത്തരം അല്‍പ്പത്തരങ്ങള്‍ ഇനിയെങ്കിലും സുരേന്ദ്രന്‍ അവസാനിപ്പിക്കണമെന്നും ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു. പാലക്കാട് എംഎല്‍എ അറിഞ്ഞുകൊണ്ടാണ് യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയില്‍ കാര്‍ഡ് നിര്‍മ്മിച്ചതെന്ന് സുരേന്ദ്രന്‍ ആരോപിച്ചിരുന്നു.

സ്വന്തം പാര്‍ട്ടിയിലെ ആളുകള്‍ തന്നെ സുരേന്ദ്രന്‍ കുഴല്‍പ്പണം കടത്തിയെന്ന് പരാതി കൊടുത്തിരുന്നു. അങ്ങനെയൊരാളാണ് ഇപ്പോള്‍ തങ്ങളെ രാജ്യസ്‌നേഹം പഠിപ്പിക്കുന്നത്. കുഴല്‍പ്പണം കടത്തിയ കേസില്‍ പ്രതിയാക്കപ്പെട്ടയാള്‍ തന്നെയോ കോണ്‍ഗ്രസിനെയോ രാജ്യസ്‌നേഹം പഠിപ്പിക്കേണ്ട. ബിജെപിയില്‍ നിന്ന് രാജ്യസ്‌നേഹം പഠിക്കേണ്ട ഗതികേട് ഒരു കാലത്തും വരാന്‍ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

പണം കൊടുത്ത് സ്ഥാനാര്‍ത്ഥിയെ പിന്മാറ്റാന്‍ ശ്രമിച്ചതിന്റെ ഗുരുതരമായ കേസുകളുള്‍പ്പെടെയുള്ളയാള്‍ വ്യാജ ആരോപണം ഉന്നയിച്ച് തങ്ങളുടെ പ്രോസസിന്റെ ക്രെഡിബിലിറ്റി അളക്കാന്‍ നില്‍ക്കേണ്ട. രാഷ്ട്രീയ ജീവനുണ്ടെന്ന് കാണിക്കാന്‍ കെ സുരേന്ദ്രന്‍ യൂത്ത് കോണ്‍ഗ്രസിന്റെ പുറത്ത് കുതിര കയറേണ്ടെന്നും ഷാഫി പറമ്പില്‍ കൂട്ടിച്ചേര്‍ത്തു.

വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളുണ്ടാക്കിയത് ഗുരുതരമായ ക്രിമിനല്‍ കുറ്റമാണെന്നും പിന്നില്‍ കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കളുടെ ഇടപെടലുണ്ടെന്നുമാണ് സുരേന്ദ്രന്റെ ആരോപണം. ബാംഗ്ലൂരില്‍ പി ആര്‍ ഏജന്‍സിയുടെ സഹായത്തോടെയാണ് കാര്‍ഡ് നിര്‍മിച്ചത്. കെ സി വേണുഗോപാലും വി ഡി സതീശനും ഈ വിഷയങ്ങള്‍ അറിഞ്ഞിരുന്നുവെന്നും ഇത് പ്രശ്‌നത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നുവെന്നും സുരേന്ദ്രന്‍ ആരോപിച്ചു.





Next Story

RELATED STORIES

Share it