Kerala

ക്രിമിനല്‍ കേസ് പ്രതിക്ക് കൊവിഡ്: എംഎല്‍എയും മജിസ്ട്രേറ്റും ഉൾപ്പടെ നൂറോളംപേര്‍ നിരീക്ഷണത്തില്‍

വാമനപുരം എംഎല്‍എ ഡി കെ മുരളിയും നെടുമങ്ങാട് കോടതിയിലെ മജിസ്ട്രേറ്റും ഉള്‍പ്പെടെ നൂറോളം പേര്‍ നിരീക്ഷണത്തിലായി.

ക്രിമിനല്‍ കേസ് പ്രതിക്ക് കൊവിഡ്: എംഎല്‍എയും മജിസ്ട്രേറ്റും ഉൾപ്പടെ നൂറോളംപേര്‍ നിരീക്ഷണത്തില്‍
X

തിരുവനന്തപുരം: അറസ്റ്റിലായ ക്രിമിനല്‍ കേസ് പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വാമനപുരം എംഎല്‍എ ഡി കെ മുരളിയും നെടുമങ്ങാട് കോടതിയിലെ മജിസ്ട്രേറ്റും നടൻ സുരാജ് വെഞ്ഞാറമൂടും ഉള്‍പ്പെടെ നൂറോളം പേര്‍ നിരീക്ഷണത്തിലായി. വെഞ്ഞാറമൂട് പോലിസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത അബ്കാരി കേസിലെ പ്രതിയായ 40കാരനാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന് എവിടെ നിന്നാണ് കൊവിഡ് ബാധിച്ചതെന്നതിനെക്കുറിച്ച് പ്രാഥമികാന്വേഷണത്തില്‍ യാതൊരു സൂചനയും കണ്ടെത്താനായിട്ടില്ല. ഇതിനെത്തുടര്‍ന്നു വെഞ്ഞാറമൂട് പോലിസ് സ്റ്റേഷനിലെ സിഐ ഉള്‍പ്പെടെ 20 ഉദ്യോഗസ്ഥര്‍ ക്വാറന്റീനില്‍ പ്രവേശിച്ചു. പോലിസ് സ്റ്റേഷന്‍ അണുവിമുക്തമാക്കി. ഡ്യൂട്ടിയിലുണ്ടായിരുന്ന പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ 12 ഉദ്യോഗസ്ഥരെയും നിരീക്ഷണത്തിലാക്കി. അതേസമയം തന്നെ വെഞ്ഞാറമൂട് പൊതുപരിപാടികളില്‍ പങ്കെടുത്ത ഡി കെ മുരളി എംഎല്‍എ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്.

മദ്യപിച്ച് വാഹനം ഓടിച്ചതിനും അക്രമം കാട്ടിയതിനും മദ്യം സൂക്ഷിച്ചതിനുമാണ് മൂന്നംഗ സംഘത്തെ വെഞ്ഞാറമൂട് പോലിസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഇതില്‍ ഒരാള്‍ക്കാണ് കൊവിഡ്. കാറില്‍ സഞ്ചരിച്ച മൂന്നംഗ സംഘം ഇരുചക്ര വാഹനത്തില്‍ എതിരെ വരുകയായിരുന്ന പോലിസ് ട്രെയിനിയെ ഇടിച്ചിട്ടു. നിര്‍ത്താതെ പോയ കാര്‍ നാട്ടുകാരാണ് പിടികൂടി പോലിസില്‍ ഏല്‍പ്പിച്ചത്. മേയ് 22ന് റിമാന്‍ഡിലായ മൂന്നു പേരെയും മജിസ്ട്രേട്ടിന് മുന്നില്‍ ഹാജരാക്കിയ ശേഷം തിരുവനന്തപുരം സ്‌പെഷല്‍ സബ് ജയിലിലെ നിരീക്ഷണ കേന്ദ്രത്തിലായിരുന്നു. ഇവരെ ജയിലില്‍ കൊണ്ടു പോകും മുന്‍പു നടത്തിയ പരിശോധനയിലാണ് ഒരാള്‍ക്കു കൊവിഡ് സ്ഥിരീകരിച്ചത്. ഇയാളോടൊപ്പം ജയിലിലെ നിരീക്ഷണ കേന്ദ്രത്തില്‍ ഉണ്ടായിരുന്ന മറ്റ് 14 പേരെയും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കും. പ്രതിയും കൂട്ടുപ്രതികളും വെഞ്ഞാറമൂട് സ്വദേശികളാണ്. നാട്ടുകാരായ 30 ഓളം പേരും നിരീക്ഷണത്തില്‍ പോകേണ്ടി വരും. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരും നിരീക്ഷണത്തില്‍ പോകേണ്ടി വരും. രോഗം സ്ഥിരീകരിച്ച റിമാന്‍ഡ് പ്രതിയെ ജയിലിലെ നിരീക്ഷണ കേന്ദ്രത്തില്‍ നിന്നും ആശുപത്രിയിലേക്ക് മാറ്റി.

കഴിഞ്ഞ ശനിയാഴ്ച വെഞ്ഞാറമൂട് സര്‍വ്വീസ് സഹകരണ ബാങ്ക് പ്രശസ്ത സിനിമാ നടന്‍ സുരാജ് വെഞ്ഞാറമൂടിന്റെ കീഴായ്ക്കോണത്തുള്ളപുരയിടത്തില്‍ കൃഷിയിറക്കുന്നതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത് ഡി കെ മുരളി എംഎല്‍എയായിരുന്നു. ഇതേ തുടര്‍ന്നാണ് ചടങ്ങിൽ പങ്കെടുത്ത സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെയുള്ളവരുടെ സ്രവപരിശോധനാഫലം വരുന്നതുവരെ നിരീക്ഷണത്തില്‍ പോകാന്‍ ഇവരോട് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചത്.

Next Story

RELATED STORIES

Share it