Kerala

സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ സമയപരിധി നിശ്ചയിച്ച് പൂര്‍ത്തീകരിക്കണം: മന്ത്രി ടി പി രാമകൃഷ്ണന്‍

അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാര്‍ അവരുടെ പരിധിയിലുള്ള സ്ഥാപനങ്ങള്‍ തൊഴില്‍ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യുന്നത് ഉറപ്പാക്കണം.ടാക്‌സി, ഗുഡ്‌സ് വാഹനങ്ങള്‍ അടക്കമുള്ളവയും രജിസ്‌ട്രേഷന്‍ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകണം.എല്ലാ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാരും ഒരേ നിലവാരത്തില്‍ പ്രവര്‍ത്തിക്കണം. ഇവരെ സഹായിക്കുവാന്‍ ജില്ലാ ലേബര്‍ ഓഫീസര്‍മാര്‍ തയ്യാറാകണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു

സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ സമയപരിധി നിശ്ചയിച്ച് പൂര്‍ത്തീകരിക്കണം: മന്ത്രി ടി പി രാമകൃഷ്ണന്‍
X

കൊച്ചി: രാജ്യത്തിന് മാതൃകയാകുന്ന തരത്തില്‍ തൊഴില്‍ നിയമങ്ങള്‍ നടപ്പിലാക്കാന്‍ കേരളത്തിന് സാധിക്കണമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍. സിവില്‍സ്റ്റേഷന്‍ പ്ലാനിംഗ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥരുടെ അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാര്‍ അവരുടെ പരിധിയിലുള്ള സ്ഥാപനങ്ങള്‍ തൊഴില്‍ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യുന്നത് ഉറപ്പാക്കണം. സമയപരിധി നിശ്ചയിച്ച് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കണം. ടാക്‌സി, ഗുഡ്‌സ് വാഹനങ്ങള്‍ അടക്കമുള്ളവയും രജിസ്‌ട്രേഷന്‍ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.മുന്‍കാലങ്ങളെ അപേക്ഷിച്ച് തൊഴില്‍ വകുപ്പില്‍ പുരോഗതി ഉണ്ടെങ്കിലും കൂടുതല്‍ മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകണമെന്ന് മന്ത്രി പറഞ്ഞു. എല്ലാ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാരും ഒരേ നിലവാരത്തില്‍ പ്രവര്‍ത്തിക്കണം. ഇവരെ സഹായിക്കുവാന്‍ ജില്ലാ ലേബര്‍ ഓഫീസര്‍മാര്‍ തയ്യാറാകണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എല്ലാ തൊഴിലാളികള്‍ക്കും തൊഴില്‍ നിയമം അനുശാസിക്കുന്ന എല്ലാ സുരക്ഷയും ലഭ്യമാക്കുക എന്നതാണ് സര്‍ക്കാര്‍ നയം.

മധ്യസ്ഥ ചര്‍ച്ചകളില്‍ കൂടുതല്‍ പുരോഗതി നേടണം. തൊഴിലാളി യൂനിയനുകളുടെയും തൊഴിലാളികളുടെയും കത്തുകള്‍ ഗൗരവമായി കണ്ടു നടപടി സ്വീകരിക്കണം.നിയമങ്ങള്‍ നടപ്പാക്കുമ്പോള്‍ കൃത്യത പാലിക്കണം, തൊഴിലാളികളില്‍ നിന്നുള്ള തെറ്റായ പ്രവണതകളില്‍ വിട്ടുവീഴ്ച പാടില്ല.നിയമം ഉടമയ്ക്കും തൊഴിലാളിക്കും ഒരുപോലെ ബാധകമാണ്. ചെയ്യാത്ത ജോലിക്ക് കൂലി എന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു.മേലുദ്യോഗസ്ഥര്‍ അവരുടെ പരിധിയില്‍ എത്ര പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കുന്നു എന്നത് പരിശോധിക്കണം. തൊഴില്‍ നിയമങ്ങള്‍ അനുസരിച്ചുള്ള കേസുകള്‍ എടുക്കാത്തത് സര്‍ക്കാര്‍ ഗൗരവമായി കാണുന്നതായി മന്ത്രി പറഞ്ഞു. പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ എല്ലാ ജീവനക്കാരും സര്‍ക്കാരിന്റെ ഭാഗമായി പ്രവര്‍ത്തിക്കണം. സംസ്ഥാന പുനര്‍നിര്‍മ്മാണത്തിന് കൂടുതല്‍ മെച്ചപ്പെട്ട പ്രവര്‍ത്തനം കാഴ്ച വയ്ക്കണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കേരളത്തിലെത്തുന്ന അതിഥി സംസ്ഥാന തൊഴിലാളികളെ നിര്‍ണ്ണയിക്കേണ്ട പൂര്‍ണ്ണ ചുമതല തൊഴില്‍ വകുപ്പിന് മാത്രമാമാണ്.കാലപരിധി നിശ്ചയിച്ച് ആവാസ് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കണം അതിഥി സംസ്ഥാന തൊഴിലാളികള്‍ക്ക് പ്രതിവര്‍ഷം 15000 രൂപവരെയുള്ള ചികിത്സാചെലവും മരണപ്പെട്ടാല്‍ രണ്ട് ലക്ഷം രൂപ ലൈഫ് ഇന്‍ഷുറന്‍സും നല്‍കുന്ന സൗജന്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ആവാസില്‍ ഇതുവരെ സംസ്ഥാനത്ത് 3,91,901 പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഓണം സീസണില്‍ ഉടലെടുക്കുന്ന ബോണസ് തര്‍ക്കങ്ങളില്‍ പഴയ ഗൈഡന്‍സ് തന്നെ തുടരും. പ്രായോഗിക തീരുമാനങ്ങള്‍ കൈക്കൊണ്ട് തര്‍ക്കമില്ലാതെ മുന്നോട്ടു പോകുവാന്‍ തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സാധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പുതിയ രജിസ്‌ട്രേഷനും നിലവിലുള്ള രജിസ്‌ട്രേഷന്‍ പുതുക്കലും ഊര്‍ജിതമായി നടപ്പിലാക്കണമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. ലേബര്‍ കമ്മീഷ്ണര്‍ സി.വി. സജന്‍, അഡീഷണല്‍ ലേബര്‍ കമ്മീഷ്ണര്‍മാരായ ബിച്ചു ബാലന്‍, രഞ്ജിത്ത് മനോഹര്‍, തുളസീദരന്‍, മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി പി എം ഫിറോസ്, വിവിധ തൊഴില്‍വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it