Kerala

ലൈഫ് മിഷന്‍: ഏതന്വേഷണവും സര്‍ക്കാര്‍ നേരിടുമെന്ന് മന്ത്രി എ സി മൊയ്തീന്‍

വികസന പ്രവര്‍ത്തനങ്ങളെ ജനങ്ങളില്‍ നിന്നകറ്റാന്‍ ശ്രമിക്കുന്നവര്‍ പുനര്‍ വിചിന്തനം നടത്തണമെന്നും പാവപ്പെട്ടവരുടെ അവകാശങ്ങള്‍ നിഷേധിക്കരുതെന്നും മന്ത്രി പറഞ്ഞു.

ലൈഫ് മിഷന്‍: ഏതന്വേഷണവും സര്‍ക്കാര്‍ നേരിടുമെന്ന് മന്ത്രി എ സി മൊയ്തീന്‍
X
തൃശൂര്‍: ലൈഫ് ഭവന സമുച്ചയ പദ്ധതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്നിട്ടുള്ള ഏതന്വേഷണവും നേരിടാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും ലൈഫ് പദ്ധതിയുമായി മുന്നോട്ടു പോകുമെന്നും തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു. കുന്നംകുളം നഗരസഭ ലൈഫ്പി എം എ വൈ പദ്ധതിയില്‍ ഉള്‍പ്പെട്ട 1000 വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനവും അഞ്ചാം ഡിപിആറില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കള്‍ക്കുള്ള ആദ്യ ഗഡു വിതരണോദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ വീടില്ലാത്ത പാവപ്പെട്ടവരെ കണ്ടറിയാത്തവരാണ്. എന്നാല്‍ ഈ ആരോപണങ്ങള്‍ കേട്ട് സംസ്ഥാന സര്‍ക്കാര്‍ വികസന പ്രവര്‍ത്തനം നടത്തുന്നതില്‍ നിന്ന് പിറകോട്ടു പോവുകയില്ല. വികസന പ്രവര്‍ത്തനങ്ങളെ ജനങ്ങളില്‍ നിന്നകറ്റാന്‍ ശ്രമിക്കുന്നവര്‍ പുനര്‍ വിചിന്തനം നടത്തണമെന്നും പാവപ്പെട്ടവരുടെ അവകാശങ്ങള്‍ നിഷേധിക്കരുതെന്നും മന്ത്രി പറഞ്ഞു.

ലൈഫ് പദ്ധതിയില്‍ ഇതേവരെ 2,27,800 വീട് സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കിയിട്ടുണ്ട്. 8200 കോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്. ലൈഫ് പദ്ധതിയുടെ അടുത്ത ഘട്ടം ഭൂമിയും വീടുമില്ലാത്ത 1,26,000 പേര്‍ക്ക് ഭൂമിയും വീടും നല്‍കലാണ്. സര്‍ക്കാരിന് അതും ഭംഗിയായി പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് ശുഭാപ്തി വിശ്വാസമുണ്ട്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 27 ലക്ഷം പേര്‍ക്കാണ് പുതുതായി പെന്‍ഷന്‍ നല്‍കിയത്. 88 ലക്ഷം കുടുംബങ്ങള്‍ക്ക് കിറ്റുകള്‍ നല്‍കിയെന്നും മന്ത്രി അറിയിച്ചു.

വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് 50,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള പദ്ധതി സര്‍ക്കാര്‍ ആവിഷ്‌കരിച്ചു വരുന്നുണ്ട്. തദ്ദേശ സ്ഥാപനങ്ങള്‍, സഹകരണ സംഘങ്ങള്‍ എന്നിവയെ സഹകരിപ്പിച്ച് ഡിസംബറിനുള്ളില്‍ 750 പച്ചക്കറി വിപണന കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. പദ്ധതിയില്‍ വീടുകള്‍ ലഭിച്ചവര്‍ക്കുള്ള താക്കോല്‍ ദാനവും അഞ്ചാം ഡി പി ആര്‍ ഗുണഭോക്തൃ ഗഡുവായ 40,000 രൂപയുടെ വിതരണവും മന്ത്രി നിര്‍വഹിച്ചു.

നഗരസഭ ചെയര്‍പേഴ്‌സന്‍ സീതാ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ പി എം സുരേഷ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ കെ ആനന്ദന്‍, സുമ ഗംഗാധരന്‍, മിഷ സെബാസ്റ്റ്യന്‍, കൗണ്‍സിലര്‍ കെ എ അസീസ്, ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ കെ എസ് ലക്ഷ്മണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it