Kerala

മിഹിര്‍ അഹമ്മദിന്റെ മരണം; ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി പോലിസ്

മിഹിര്‍ അഹമ്മദിന്റെ മരണം; ആത്മഹത്യ പ്രേരണ കുറ്റം  ചുമത്തി പോലിസ്
X

കൊച്ചി: മിഹിര്‍ അഹമ്മദിന്റെ മരണത്തില്‍ ആത്മഹത്യ പ്രേരണ കുറ്റം കൂടി ചുമത്തി പോലിസ്. നിലവില്‍ പ്രതിപ്പട്ടികയില്‍ ആരെയും ഉള്‍പ്പെടുത്തിയില്ല. അസ്വാഭാവിക മരണത്തിന് മാത്രമായിരുന്നു ആദ്യം കേസ് എടുത്തിരുന്നത്. അതേസമയം, മിഹിറിന്റെ മരണത്തില്‍ മാതാപിതാക്കളുടെയും സ്‌കൂള്‍ മാനേജ്മെന്റിലെ രണ്ടുപേരുടെയും മൊഴിയെടുത്തിരുന്നു. വിശദമായ അന്വേഷണത്തിന്റെ ഭാഗമായാണ് മൊഴിയെടുത്തതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസ് പറഞ്ഞു. മിഹിര്‍ മറ്റ് അധിക്ഷേപങ്ങള്‍ക്ക് ഇരയായിട്ടുണ്ടോ എന്നാണ് പ്രധാനമായും പരിശോധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ എന്‍ഒസി സ്‌കൂളിന് ഉണ്ടോ എന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടില്ലെന്നും കൃത്യമായ എന്‍ഒസി രേഖ സ്‌കൂള്‍ നല്‍കിയിട്ടില്ലെന്നും ഷാനവാസ് കൂട്ടിച്ചേര്‍ത്തു. ഈ വിഷയത്തില്‍ വിശദമായ അന്വേഷണം നടത്തും. രേഖകള്‍ ഇല്ലെങ്കില്‍ അതും ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് നല്‍കും. പോക്‌സോ ചുമത്താനുള്ള സാധ്യത പരിശോധിക്കും. ഒരു വിട്ടുവീഴ്ചയും ഇല്ലാത്ത അന്വേഷണം ഉറപ്പ് വരുത്തുമെന്നും മൂന്ന് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വ്യക്തമാക്കിയിരുന്നു.

മിഹിര്‍ അഹമ്മദ് ജീവനൊടുക്കിയ സംഭവത്തില്‍ കൊച്ചിയിലെ ജെംസ് മോഡേണ്‍ അക്കാദമി വൈസ് പ്രിന്‍സിപ്പലിനെ കഴിഞ്ഞദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു. ബിനു അസീസിനെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. മിഹിര്‍ നേരത്തെ പഠിച്ച സ്‌കൂളിലെ വൈസ് പ്രിന്‍സിപ്പല്‍ ആയിരുന്നു ബിനു അസീസ്.




Next Story

RELATED STORIES

Share it