Kerala

കിറ്റക്സ് ജീവനക്കാരെ താമസിപ്പിച്ചിരുന്ന മൈക്രോസോഫ്റ്റ് നിലവാരത്തിലുള്ള വീടുകൾ കാറ്റിലും മഴയിലും തകർന്നു

നിരവധി വീടുകളുടെ മേൽക്കൂരകൾ കാറ്റിൽ പറന്നുപോയി. ഷീറ്റ് കൊണ്ടാണ് മേൽക്കൂരകൾ നിർമിച്ചിരുന്നത്. ആളപായമുള്ളതായി വിവരമില്ല.

കിറ്റക്സ് ജീവനക്കാരെ താമസിപ്പിച്ചിരുന്ന മൈക്രോസോഫ്റ്റ് നിലവാരത്തിലുള്ള വീടുകൾ കാറ്റിലും മഴയിലും തകർന്നു
X

എറണാകുളം: മാലിന്യ പ്രശ്നങ്ങൾക്ക് കുപ്രസിദ്ധിയാർജ്ജിച്ച എറണാകുളം കിഴക്കമ്പലത്തെ കിറ്റക്സ് ഫാക്ടറിയിലെ തൊഴിലാളികൾ താമസിക്കുന്ന പാർപ്പിടങ്ങൾ വ്യാഴാഴ്ച്ച പെയ്ത കാറ്റിലും മഴയിലും തകർന്നു വീണു. കിറ്റക്സിനെതിരേ ആരോപണം ശക്തമായിരുന്ന സമയത്ത് മൈക്രോസോഫ്റ്റ് അവരുടെ തൊഴിലാളികൾക്ക് നൽകുന്ന നിലവാരത്തിലുള്ള പാർപ്പിടങ്ങളാണ് നിർമിച്ച് നൽകിയതെന്നായിരുന്നു കിറ്റക്സ് എംഡിയും ട്വന്റി-20 തലവനുമായ സാബു എം ജേക്കബ് മാധ്യമങ്ങളോട് പറഞ്ഞിരുന്നത്.


നിരവധി വീടുകളുടെ മേൽക്കൂരകൾ കാറ്റിൽ പറന്നുപോയി. ഷീറ്റ് കൊണ്ടാണ് മേൽക്കൂരകൾ നിർമിച്ചിരുന്നത്. ആളപായമുള്ളതായി വിവരമില്ല. അപകടം സംഭവിച്ചതിന് പിന്നാലെയാണ് തൊഴിലാളികൾക്ക് നൽകുന്ന സൗകര്യങ്ങൾ ലേബർ ക്യാംപുകളേക്കാൾ ശോചനീയമാണെന്ന വിവരങ്ങൾ ദൃശ്യം സഹിതം പുറത്തുവരുന്നത്.


കിഴക്കമ്പലം പഞ്ചായത്തിൽ, തൈക്കാവിൽ നിന്നും ചേക്കുളം റൂട്ടിൽ കിറ്റ്സ് ഗാർമന്റസ് കമ്പിനിയുടെ സമീപമാണ് തൊഴിലാളികൾക്ക് താമസ സൗകര്യം ഒരുക്കിയിരുന്നത്. മൈക്രോസോഫ്റ്റ് നിലവാരത്തിൽ ട്വന്റി-20 മുതലാളി സ്വന്തം ജീവനക്കാരെ താമസിപ്പിച്ചിരുന്ന ബംഗ്ലാവുകൾ ഇന്നലത്തെ കാറ്റിലും മഴയിലും നശിച്ചുപ്പോയി എന്ന തലക്കെട്ടോടെയാണ് ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.


അതേസമയം തൊഴിലാളികളെ ദിവസക്കൂലിക്ക് ട്വന്റി-20 യുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനും ഉപയോ​ഗിക്കുന്നതായി ആരോപണം നേരത്തെ ഉയർന്നിരുന്നു. കോർപറേറ്റ് ജനാധിപത്യ പരീക്ഷണം എന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്ന കിറ്റക്സ് നിയന്ത്രിക്കുന്ന ട്വന്റി-20 ക്ക് ബിജെപി ബാന്ധവമുണ്ടെന്ന തെളിവുകളും നേരത്തെ പുറത്തുവന്നിരുന്നു.

സിപിഎമ്മും, കോണ്‍ഗ്രസും മാറി മാറി ഭരിച്ച പഞ്ചായത്തില്‍ സിഎസ്ആര്‍ (കോര്‍പറേറ്റ് സോഷ്യല്‍ റസ്‌പോണ്‍സിബിലിറ്റി) എന്ന നിയമത്തിന്റെ ചുവടുപിടിച്ച് കിറ്റക്‌സ് കമ്പനി രംഗത്തിറക്കിയ ട്വന്റി 20 കേരളത്തിന് മുന്‍പരിചയമില്ലാത്ത ഭരണ സംവിധാനങ്ങളും രീതികളുമായിരുന്നു മുന്നോട്ട് വെച്ചത്.

ഇതിനിടയില്‍ മുന്നണിയോടൊപ്പം ചേര്‍ന്നു പ്രവര്‍ത്തിച്ച പഞ്ചായത്ത് പ്രസിഡന്റ് കമ്പനിയുടെ നിയമലംഘനത്തിന് കൂട്ടു നില്‍ക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി രാജിവെച്ചതും, അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയതുമുള്‍പ്പെടെയുള്ള രാഷ്ട്രീയ നീക്കങ്ങള്‍ക്കും കിഴക്കമ്പലം സാക്ഷിയായിരുന്നു.

സ്വേച്ഛാധിപത്യ പ്രവര്‍ത്തനങ്ങളാണ് കമ്പനി നടത്തുന്നതെന്ന് ആരോപിച്ചാണ് കിഴക്കമ്പലം പഞ്ചായത്തില്‍ ട്വന്റി 20യുടെ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന കെ.വി ജേക്കബ് രാജിവച്ചത്. കമ്പനി കേന്ദ്രീകരിച്ചുള്ള വികസന പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് ട്വന്റി 20 നടത്തിയതെന്നായിരുന്നു മറ്റൊരു ആരോപണം. റോഡ് വികസനമുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ കിറ്റക്‌സ് കമ്പനിയേയും സ്വന്തം പ്രോപ്പര്‍ട്ടിയേയും മാത്രം അടിസ്ഥാനമാക്കിയാണ് സാബു എം ജേക്കബ് നടത്തിയതെന്ന് ആരോപണം ഉയർന്നിരുന്നു.

Next Story

RELATED STORIES

Share it