Kerala

പ്രതിരോധിക്കാം കാന്‍സറിനെ; അശ്വഗന്ധയില്‍നിന്ന് പുതിയ ഫംഗസുമായി എംജി ഗവേഷകര്‍

ആയുര്‍വേദ മരുന്നുകളിലെ പ്രധാന ചേരുവയായ അശ്വഗന്ധ ചെടിയില്‍നിന്നാണ് സ്‌കൂള്‍ ഓഫ് ബയോസയന്‍സസിലെ മൈക്രോ ബയോളജി വിഭാഗം ഗവേഷകര്‍ 'പെനിസിലിയം സീറ്റോസം' എന്ന് പേരിട്ടിരിക്കുന്ന പുതിയ ഫംഗസിനെ കണ്ടെത്തിയത്. സസ്യങ്ങളില്‍ മാത്രം കാണുന്നതും ബാക്ടീരിയകളെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതുമായ ക്വര്‍സെറ്റിന്‍ ജൈവതന്‍മാത്രകള്‍ ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ളവയാണ് പെനിസിലിയം സീറ്റോസം.

പ്രതിരോധിക്കാം കാന്‍സറിനെ; അശ്വഗന്ധയില്‍നിന്ന് പുതിയ ഫംഗസുമായി എംജി ഗവേഷകര്‍
X

കോട്ടയം: ജീവിതശൈലീ രോഗങ്ങളെയും കാന്‍സറിനെയും പ്രതിരോധിക്കാന്‍ ശേഷിയുള്ള ക്വര്‍സെറ്റിന്‍ (Quercetin) ഉല്‍പ്പാദിപ്പിക്കുന്ന പുതിയ ഫംഗസിനെ മഹാത്മാഗാന്ധി സര്‍വകലാശാലയിലെ ഗവേഷകര്‍ കണ്ടെത്തി. ആയുര്‍വേദ മരുന്നുകളിലെ പ്രധാന ചേരുവയായ അശ്വഗന്ധ ചെടിയില്‍നിന്നാണ് സ്‌കൂള്‍ ഓഫ് ബയോസയന്‍സസിലെ മൈക്രോ ബയോളജി വിഭാഗം ഗവേഷകര്‍ 'പെനിസിലിയം സീറ്റോസം' എന്ന് പേരിട്ടിരിക്കുന്ന പുതിയ ഫംഗസിനെ കണ്ടെത്തിയത്.

സസ്യങ്ങളില്‍ മാത്രം കാണുന്നതും ബാക്ടീരിയകളെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതുമായ ക്വര്‍സെറ്റിന്‍ ജൈവതന്‍മാത്രകള്‍ ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ളവയാണ് പെനിസിലിയം സീറ്റോസം. മൈക്രോബയോളജി വിഭാഗത്തിലെ ഗവേഷക വിദ്യാര്‍ഥിനി ടിജിത്ത് കെ ജോര്‍ജ്, അധ്യാപകരായ പ്രഫ. എം എസ് ജിഷ, അസോസിയേറ്റ് പ്രഫ. ലിനു മാത്യു എന്നിവരാണ് കണ്ടെത്തലിനു പിന്നില്‍. വ്യാവസായികാടിസ്ഥാനത്തില്‍ ആന്റി ബയോട്ടിക്കുകളും ഓര്‍ഗാനിക് ആസിഡുകളും എന്‍സൈമുകളും ഉല്‍പ്പാദിപ്പിക്കാന്‍ കഴിവുള്ളവയാണ് പെനിസിലിയം ജനുസില്‍പ്പെട്ട കുമിളുകള്‍. പുതിയ ഫംഗസിന്റെ ബാഹ്യപ്രത്യേകതകളും ജനിതകഘടന വ്യത്യാസവും ഇതരഫംഗസുകളുമായുള്ള സാമ്യവും താരതമ്യപഠനത്തിന് വിധേയമാക്കിയാണ് പെനിസിലിയം സിറ്റോസത്തെ കണ്ടെത്തിയത്.

നെതര്‍ലന്‍ഡിലെ വെസ്റ്റര്‍ഡിക് ഫംഗല്‍ ബയോഡൈവേഴ്‌സിറ്റി ഇന്‍സ്റ്റിറ്റിയൂട്ടിലെ പ്രഫ. ജോസ് ഹുബ്രാക്കനുമായി ചേര്‍ന്നാണ് താരതമ്യപഠനം നടത്തിയത്. താരതമ്യപഠനത്തിന്റെ ഭാഗമായി നടത്തിയ ഗവേഷണത്തില്‍ മെക്‌സിക്കോ, തായ്‌ലന്‍ഡ് എന്നിവിടങ്ങളില്‍ മണ്ണില്‍ സമാനഫംഗസിന്റെ സാന്നിധ്യവും കണ്ടെത്തി. നെതര്‍ലന്‍ഡിലുള്‍പ്പടെ നാല് രാജ്യാന്തര ഫംഗല്‍ കലക്ഷന്‍ സെന്ററുകളില്‍ പുതിയ ഫംഗസിന്റെ സാമ്പിളുകള്‍ സൂക്ഷിച്ചിട്ടുണ്ട്. കണ്ടെത്തലിന്റെ വിശദാംശങ്ങള്‍ മൈക്കോളജിക്കല്‍ സൊസൈറ്റി ഓഫ് ചൈനയുടെ രാജ്യാന്തര ജേര്‍ണലായ മൈക്കോളജിയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ സാമ്പത്തിക സഹായത്തോടെ നടന്ന ഗവേഷണത്തിലാണ് പുതിയ കണ്ടെത്തല്‍.

Next Story

RELATED STORIES

Share it