Kerala

ബയോടെക്‌നോളജി രംഗത്തു വൻ നിക്ഷേപ സാധ്യത സൃഷ്ടിക്കും: മുഖ്യമന്ത്രി

പദ്ധതി യാഥർഥ്യമാകുന്നതോടെ 1,200 പേർക്കു നേരിട്ടും 5,000 പേർക്കു പരോക്ഷമായും തൊഴിൽ ലഭിക്കുമെന്നാണു കണക്കാക്കുന്നത്.

ബയോടെക്‌നോളജി രംഗത്തു വൻ നിക്ഷേപ സാധ്യത സൃഷ്ടിക്കും: മുഖ്യമന്ത്രി
X

തിരുവനന്തപുരം: ബയോടെക്‌നോളജി രംഗത്തു വൻതോതിൽ നിക്ഷേപം ആകർഷിക്കുന്ന വ്യാവസായിക ആവാസവ്യവസ്ഥ കേരളത്തിൽ സൃഷ്ടിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ജൈവസാങ്കേതിക വിദ്യയിൽ വലിയ വളർച്ച കൈവരിക്കാൻതക്ക സവിശേഷ സാഹചര്യം സംസ്ഥാനത്തുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്കിൽ നിർമിക്കുന്ന മെഡിക്കൽ ഡിവൈസസ് പാർക്കിന്റെ (മെഡ്‌സ് പാർക്ക്) ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ബയോടെക്‌നോളജിയിൽ ഗവേഷണത്തിനൊപ്പം സംരംഭകത്വം ഉറപ്പാക്കുകയെന്നതാണു സർക്കാർ നയമെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇതു മുൻനിർത്തിയാണു പൊതു വ്യവസായ അന്തരീക്ഷത്തെ ജൈവമേഖലയുമായി കണ്ണിചേർക്കുന്ന പ്രക്രിയയ്ക്കു തുടക്കമിട്ടത്. ഈ മേഖലയിൽ സ്റ്റാർട്ട്അപ്പുകൾക്കു പ്രത്യേക പ്രോത്സാഹം നൽകും. വൈദ്യശാസ്ത്ര ഉപകരണ ഉത്പാദനത്തിൽ രാജ്യത്തിന്റെ മുൻതൂക്കം പ്രയോജനപ്പെടുത്താനും ഈ വ്യവസായത്തിന്റെ കേന്ദ്രമാക്കി കേരളത്തെ മാറ്റാനും മെഡ്‌സ് പാർക്കിനു കഴിയും.

പദ്ധതി യാഥർഥ്യമാകുന്നതോടെ 1,200 പേർക്കു നേരിട്ടും 5,000 പേർക്കു പരോക്ഷമായും തൊഴിൽ ലഭിക്കുമെന്നാണു കണക്കാക്കുന്നത്. കേരളത്തിന്റെ വ്യാവസായിക വളർച്ചയിൽ നാഴികക്കല്ലായി മാറുന്ന പദ്ധതിയുമായി സഹകരിക്കാൻ കൂടുതൽ കമ്പനികളും സ്റ്റാർട്ടപ്പുകളും തയാറാകണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.

ഈ സർക്കാർ അധികാരത്തിലെത്തിയശേഷം ലൈഫ് സയൻസ് പാർക്ക് വികസനത്തിനായി വലിയ ഇടപെടൽ നടത്തിയതായി വിഡിയോ കോൺഫറൻസിലൂടെ നടന്ന ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. രണ്ടു ഘട്ടങ്ങളിലായി 155 ഏക്കറോളം ഭൂമി ഇതുവരെ ഏറ്റെടുത്തു. ഒന്നാം ഘട്ടത്തിൽ ഉൾപ്പെടുന്ന പദ്ധതികൾക്കു സ്ഥലം അനുവദിച്ചുകൊണ്ടിരിക്കുന്നു. ഇതിലെ പ്രധാന പദ്ധതിയാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി. ഇതിനോടനുബന്ധിച്ചു നിർമിക്കുന്ന മെഡ്‌സ് പാർക്ക് കൂടി യാഥാർഥ്യമാകുന്നതോടെ ലൈഫ് സയൻസ് പാർക്കിന്റെ വികസനം ദ്രുതഗതിയിലാകും. ശരീരത്തിനകത്തും പുറത്തും ഘടിപ്പിക്കാവുന്ന ഹൈ റിസ്‌ക് ഉപകരണങ്ങളുടെ വികസനത്തിനാകും മെഡ്‌സ് പാർക്ക് ഊന്നൽ നൽകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മെഡിക്കൽ ഡിവൈസസ് പാർക്കിന്റെ നിർമാണം പൂർത്തിയാകുന്നതോടെ മെഡിക്കൽ ഉപകരണ നിർമ്മാണ രംഗത്ത് കേരളം സ്വയംപര്യാപ്തതയിലെത്തുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച വ്യവസായ മന്ത്രി ഇ പി ജയരാജൻ പറഞ്ഞു. ലൈഫ് സയൻസ് പാർക്കിൽ ഒമ്പത് ഏക്കറിൽ 230 കോടി ചെലവിലാണ് മെഡ്‌സ് പാർക്ക് നിർമിക്കുന്നത്. സംസ്ഥാന സർക്കാർ വിഹിതം 150 കോടി രൂപയാണ്. 80 കോടി കേന്ദ്ര വിഹിതമാണ്. മെഡിക്കൽ ഗവേഷണം, പുതിയ മെഡിക്കൽ ഉപകരണങ്ങൾ വികസിപ്പിക്കൽ, വൈദ്യശാസ്ത്ര ഉപകരണങ്ങളുടെ മൂല്യനിർണയം തുടങ്ങി വൈദ്യശാസ്ത്ര ഉപകരണ വിപണി ആവശ്യപ്പെടുന്ന എല്ലാ സേവനങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാക്കുക എന്നതാണു മെഡ്‌സ് പാർക്ക് ലക്ഷ്യമിടുന്നത്.

Next Story

RELATED STORIES

Share it